കുഫോസ് വിസി നിയമനം റദ്ദാക്കിയ നടപടിക്ക് സ്റ്റേ ഇല്ല

2438

ഡൽഹി: കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണ്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. അപ്പിലീല്‍ കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കേസ് തീര്‍പ്പാകും വരെ ആക്ടിങ്ങ് വിസിയെ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും ഡോ. റിജി ജോണിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയും ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടന്നാല്‍ അത് സര്‍വകലാശാലാ ഭരണത്തെ ബാധിക്കുമെന്ന് ഇരുവരും കോടതിയില്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന് വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത വാദിച്ചു. ഡോ. റിജി ജോണിന്‍റെ വാദത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട കേസില്‍ പുറപ്പെടുവിച്ച മുന്‍ ഉത്തരവില്‍ സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വേണുഗോപാല്‍ വാദിച്ചു.

കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.