അറസ്റ്റുകൾ പാർട്ടിക്ക് തിരിച്ചടിയല്ലെന്ന് സിപിഎം

2410

ന്യൂഡൽഹി: വിശ്വസ്തരുടെയും സ്വന്തക്കാരുടെയും അറസ്റ്റുകളുടെ പെരുമഴയ്ക്കിടയിലും സർക്കാരിന് തിരിച്ചടിയല്ലെന്ന നിലപാടിൽ സിപിഎം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിൻ്റെയും അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്.

സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെയെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ കേസും അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും സംബന്ധിച്ച് പാര്‍ട്ടി വിശദീകരിക്കേണ്ട സാഹചര്യം ഇല്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടി വിഷയമല്ലെന്നാണ് ഇടത് മുന്നണി കൺവീനർ എ. വിജയരാഘവൻ പ്രതികരണം . ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തു. ബിനീഷ് കോടിയേരി പാർട്ടി നേതാവല്ല. വിവാദങ്ങളിൽ മുഖ്യമന്ത്രി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.