ജഗദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

25222

ദില്ലി: പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് ധനകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകപുത്രൻ എന്ന വിശേഷണത്തോടെയാണ് ധൻകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം ജെപി നഡ്ഡ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവര്‍ണറായിട്ടാണ് അദ്ദേഹം ബംഗാളിൽ പ്രവര്‍ത്തിച്ചതെന്നും നഡ്ഡ പറഞ്ഞു.

രാജസ്ഥാനിലെ കിത്താന എന്ന ഗ്രാമത്തിൽ 1951 ൽ ജനിച്ച ജഗദ്ദീപ് ധൻകര്‍ ചിറ്റോഗഢ് സൈനിക് സ്കൂളിലും രാജസ്ഥാൻ സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1989ൽ രാജസ്ഥാനിലെ ജുഹുൻജുനു മണ്ഡലത്തിൽ നിന്നും ജനതാദൾ പ്രതിനിധിയായി അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവിൽ ചന്ദ്രശേഖര്‍ സര്‍ക്കാരിൽ പാര്‍ലമെൻ്ററി കാര്യമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് 1993-ൽ രാജസ്ഥാനിലെ കിഷൻഗണ്ഡ് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2019-ലാണ് അദ്ദേഹത്തെ പശ്ചിമബംഗാൾ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

ദില്ലിയിൽ ചേര്‍ന്ന ബിജെപി പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.