ബഹ്‌റൈൻ മുൻ പ്രവാസിയും കഥകളി നടനുമായ നാട്യശാല സുരേഷ് അന്തരിച്ചു

6134

 ബഹ്‌റൈൻ മുൻ പ്രവാസിയും നാട്യശാല കഥകളി സംഘാംഗവും കഥകളി നടനുമായ നാട്യശാല സുരേഷ്(61) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി നാട്ടിൽ  ആശുപത്രിയിലായിരുന്നു. ഹൃദായാഘാതമാണ് മരണകാരണമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം പിന്നീട് യു എ ഇ യിലും  ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു.  ബഹ്‌റൈനിലെ ചെണ്ട,ചുട്ടി വിദ്വാൻ ത്രിവിക്രമന്റെ കൂടെ ബഹ്‌റൈനിലെ കഥകളി ക്കാരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാൻ ഏറെ യത്നിച്ചിരുന്നു. ബഹ്‌റൈനിൽ  സിനിമാപ്രവർത്തകർ രാംഗോപാൽ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ കഥകളി വേഷവുമായി സഹകരിച്ചതും സുരേഷ് ആയിരുന്നു.61 വയസ്സായിരുന്നു.   തെക്കൻ ദേശങ്ങളിലെ ഉത്സവവേദികളിൽ കഥകളി ഏറ്റെടുത്തു നടത്തിക്കുന്ന തിരക്കുള്ള സംഘങ്ങളിൽ ഒന്നാണ് നാട്യശാല. എൺപതുകളുടെ തുടക്കത്തിൽ ഒട്ടെല്ലാ ക്ഷേത്രങ്ങളിലും നാട്യശാലയുടെ കഥകളി കേൾവിപ്പെട്ടതായിരുന്നു. ഹരിപ്പാട് രാമകൃഷ്ണപിള്ള, മടവൂർ വാസുദേവൻ നായർ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി തുടങ്ങി ധാരാളം കലാകാരൻ നാട്യശാലയുടെ കഥകളിയുമായി സഹകരിച്ചിരുന്നു.ദൂരദർശനുവേണ്ടി സംപ്രേക്ഷണം ചെയ്തിരുന്ന കഥകളി പരമ്പരയുടെ നടത്തിപ്പ് ചുമതല നാട്യശാലയ്ക്കാണ് അന്ന് ലഭിച്ചിരുന്നത്. അരങ്ങിൽ വച്ച് വേഷത്തോടെ മരണപ്പെട്ട ഗൗരീശപട്ടം ഗിരീശൻ നാട്യശാല സുരേഷിന്റെ ഇളയ അനുജനാണ്. മൂത്ത സഹോദരൻ കേരള സർവ്വകാല ശാലയിൽ നിന്നും വിരമിച്ച നാട്യശാല സതീശൻ രാഷ്ട്രീയ പ്രവർത്തകനും ചുട്ടി-ചെണ്ട കലാകാരനുമാണ്. രണ്ടാമത്തെ സഹോദരൻ രമേശ് റിസേർവ് ബാങ്കിലെ സമുന്നത ഉദ്യോഗസ്ഥനാണ്. 
പ്രമുഖ കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ കീഴിൽ കഥകളി പഠനം ആരംഭിച്ച സുരേഷ്, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കീഴിലും വേഷങ്ങൾ അഭ്യസിച്ചിരുന്നു. ബാലീ വധത്തിൽ സുഗ്രീവൻ, ബാലീ വിജയത്തിൽ ബാലീ തുടങ്ങിയ വേഷങ്ങളാണ് സുരേഷ് ഏറെയും കൈകാര്യം ചെയ്തിരുന്നത്.