ഇന്ന് ദേശീയ തപാൽ ദിനം

6834

ഏറ്റവും പ്രിയപ്പെട്ട ————-അറിയുന്നതിന്,

എനിക്കിവിടെ സുഖമാണ് ,അവിടെയും  അതുപോലെ തന്നെ എന്ന് വിശ്വസിക്കുന്നു.

ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു….

മനോഹരമായ കാലം ….കത്തുകളാൽ സമൃദ്ധമായ കാലം ……

കാക്കി കുപ്പായമിട്ട തൊപ്പിവെച്ച തപാൽകാരൻ …..

കണ്ണടയും കാലൻകുടയും നിർബന്ധം …

നടന്നുതേഞ്ഞുപോയ ചെരുപ്പുകൾ ….

പ്രദേശത്തെ ഓരോ വ്യക്തിയേയും അടുത്തറിയുന്ന  പോസ്റ്റുമാൻ ……

തപാൽകാരന്റെ വരവിനായി കാത്തിരിക്കുന്ന വർദ്ധക്യങ്ങൾ,യുവത്വങ്ങൾ,കൗമാരങ്ങൾ ……അങ്ങനെ അങ്ങനെ ഒരു കാലം …….

പുറപ്പെട്ടുപോയ മകൻറെ അല്ലെങ്കിൽ വിവാഹിതയായ മകളുടെ എഴുത്തുകൾ കൈപറ്റുന്നവർക്ക് അവ വായിച്ചുകൊടുത്ത് അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും ഒപ്പം പങ്കിട്ടെടുക്കുന്ന പോസ്റ്റുമാൻ ……

അങ്ങനെ ഒരു കാലം ഓർമയിൽ ഉണ്ടോ?

കത്തുകളാവട്ടെ,

ഒരു പോസ്റ്റുകാർഡിൽ ഒരു വരിയിൽ ഒതുക്കിയതുമുതൽ,കുനു കുനെ കുത്തിനിറച്ചെഴുതിയ തുറന്ന കത്തുകൾ ……

ഇളം നീലനിറത്തിലെ ഇൻലാൻഡ് കൾ ….അത് അക്ഷമയോടെ പൊട്ടിച്ചപ്പോൾ മുറിഞ്ഞുപോയ വാക്കുകൾ കൂട്ടിവായിക്കാൻ കഴിയാതെ സങ്കടം….

മണിഓർഡറുകൾക്കൊപ്പം വരുന്ന കത്തുകൾ ……വിഷാദവും ഒറ്റപ്പെടലുകളും മറച്ചുവെച്ച് എനിക്കിവിടെ സുഖമാണ് എന്ന കള്ള വാക്കുകൾ നിറച്ചവ …..

പ്രണയത്തിന്റെ സുഗന്ധത്താലും  വിരഹത്തിന്റെ വേദനയിലും സാന്ദ്രമായ കത്തുകൾ …..

ആരും കാണാതെ മാറിലൊളിപ്പിച്ചതുകൊണ്ടാവാം അവയ്ക്ക് പ്രണയിനിയുടെ മാസ്മരിക ഗന്ധം..

ഒരുപാടു ചുംബനങ്ങൾ കൂടെ അയക്കുന്നതുകൊണ്ടാവാം അവയ്ക്കത്ര മധുരം….

പലതവണ വായിച്ചതിനാലാവാം പലഅക്ഷരങ്ങളും കണ്ണുനീരിനാൽ മാഞ്ഞുപോയത് …

ഇവിടെ എല്ലാവരും എന്നോട് സ്നേഹത്തോടെ ആണ് പെരുമാറുന്നതെന്നും അമ്മ മരുന്നുകഴിക്കാൻ മറക്കരുതെന്നും ഓർമിപ്പിക്കുന്ന മകളുടെ സ്നേഹകരുതലുകൾ….

എനിക്ക് ഛർദിയും തലകറക്കവും ആണെന്നും അമ്മയുടെ ഇലയട തിന്നാൻ മോഹം എന്നും കൊഞ്ചലുകൾ…

തൊടിയിലെ കുറ്റിമുല്ല പൂത്തുവെന്നും മൂവാണ്ടൻ മാവിൽ നിന്നും ഇത്തവണ  മാമ്പഴം കുറച്ചേ കിട്ടിയുള്ളുവെന്നും ….മാമ്പഴപുളിശ്ശേരി ക്ക് മോരൊഴിച്ചപ്പോൾ നിന്നെ ഓർത്തെന്നും കൊച്ചുകാര്യങ്ങൾ ……അമ്മയുടെ കൈയിലെ മാമ്പഴ കറ  പുരണ്ട കത്തുകൾ ……

മൈലുകൾക്കപ്പുറം നിന്നും ഉദ്യോഗം ലഭിച്ചു എന്ന കത്തുകൾ കൈപ്പറ്റുമ്പോൾ അഭിമാനത്തോടൊപ്പം കുടുംബത്തിൽ നിന്നും അകലുകയാണല്ലോ എന്നോർത്ത് വിങ്ങൽ…..

വിവാഹത്തിന് ക്ഷണിച്ചുകൊണ്ടുള്ള പ്രിയകൂട്ടുകാരിയുടെ കത്ത് കൈപ്പറ്റിയപ്പോളേക്കും വിവാഹത്തീയതി കഴിഞ്ഞല്ലോ എന്ന സങ്കടം…

വർഷങ്ങൾക്കുശേഷം ഒരുപാടു മേൽവിലാസങ്ങൾ മാറി മാറി ഒടുവിൽ അന്വേഷിച്ചു കണ്ടെത്തുന്ന ചില പഴയ സൗഹൃദങ്ങൾ ….

കൂട്ടുകാരനോ കൂട്ടുകാരിക്കോ കൂടപ്പിറപ്പിനോ എഴുതിയ രഹസ്യങ്ങളും വ്യാകുലതകളും നിറഞ്ഞ കത്തുകൾ ….അച്ഛൻ മകൾക്കെഴുതിയ പോലെ അറിവുകൾ പങ്കുവെച്ചവയും ….

മൈലുകൾ താണ്ടിയെത്തുന്ന പ്രിയപ്പെട്ടവരുടെ കത്തുകൾ കൂട്ടം കൂടി ഇരുന്നു വായിക്കുമ്പോൾ സ്വന്തം പേരിന്റെ പരാമർശം നൽകുന്ന ആഹ്‌ളാദം ….

ചുവപ്പും നീലയും വരകളുള്ള ലക്കോട്ടുകൾ …..അവയ്ക്ക് പേർഷ്യയിലെ ഊദിൻറെയും അത്തറിന്റെയും വാസനയായിരുന്നെങ്കിലും ………വരികൾക്കിടയിലെ മൗനങ്ങൾക്ക് അർത്ഥം പലതായിരുന്നു…വാചാലമായ മൗനം …..

ഇതൊക്കെ പഴയ കാലം….ഒരു കാൽനൂറ്റാണ്ടുമുമ്പത്തെ …..അല്ലെങ്കിൽ,അതിനും മുന്നെ …ഒരു കാലഘട്ടം……

ഇന്ന്,ഒരു ഫോൺനമ്പറിലേക്ക് ,ഇമെയിൽ ഐ ഡി യിലേക്ക് ..അയക്കുന്ന ഹൃദയങ്ങളും ചുംബനങ്ങളും ….ചിരിച്ചുകൊണ്ട് അയക്കുന്ന വിഷാദമുഖങ്ങളും കരഞ്ഞുകൊണ്ട് അയക്കുന്ന സ്മൈലികളും ഒക്കെ….

ജീവനില്ലാത്ത വാക്കുകൾക്കിടയിൽ മുഖം മറച്ചിരിക്കുന്ന സൗഹൃദങ്ങളും പ്രണയങ്ങളും ….അവയ്ക്ക് സ്നേഹത്തിന്റെ കരുതലും ഊഷ്മളതയും ഇല്ലല്ലോ……

പ്രണയത്തിന്റെ തീവ്രതയും മാധുര്യവും ഇല്ലല്ലോ….

ഒരിക്കൽ കൂടി …….ഒരു കത്തെഴുതാൻ മോഹം….

സുഹൃത്തിന് ,കാമുകന് ,അമ്മയ്ക്ക്,സഹോദരിക്ക്,സ്നേഹമയിയായ ടീച്ചർക്ക്,ഒരു അജ്ഞാതന് ……..അങ്ങനെ അങ്ങനെ എല്ലാവർക്കും …….

മറുപടി പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം ,

പ്രഭ പ്രമോദ്