ആന്ധ്രയില്‍ വെള്ളപ്പൊക്കത്തില്‍ 29 മരണം: 48 ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തിലൂടെയുള്ള 8 ട്രെയിനുകളും റദ്ദാക്കി

672

തിരുപ്പതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിച്ചതോടെ ആന്ധ്രയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 29 ആയി എന്ന് റിപ്പോര്‍ട്ട്.അതേസമയം കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രയില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.48 ട്രെയിനുകള്‍ റദ്ദാക്കുകയും അമ്ബതോളം ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. കേരളത്തിലൂടെ ഓടുന്ന എട്ട് സര്‍വീസുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ശക്തമായ മഴയില്‍ പലയിടത്തും പാളങ്ങള്‍ ഒലിച്ചുപോകുകയും തകരുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്ന് സര്‍വീസ് നടത്തുന്ന 12626 ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് വിജയവാഡ, കൃഷ്ണ കനാല്‍, ഗുണ്ടൂര്‍, നന്ദ്യാല്‍, ധര്‍മ്മയാരാം, യെലഹങ്ക, ജോലാര്‍ട്ടപേട്ട വഴിതിരിച്ചുവിട്ടു. 17229 തിരുവനന്തപുരം സെക്കന്തരബാദ് ശബരി എക്‌സ്പ്രസ് കാട്പാഡി, ധര്‍മ്മയാരാംസുലബള്ളി വഴി സെക്കന്തരബാദിലെത്തും. 12625 തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് കാട്പാഡി, ധര്‍മ്മയാരാം, സുലബള്ളി, സെക്കന്തരബാദ്, കാസിപേട്ട് വഴിതിരിച്ചുവിട്ടു.