മുത്തൂറ്റ് ബ്രാഞ്ചുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

109

കൊച്ചി: മുത്തൂറ്റ് ബ്രാഞ്ചുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സമരം നടത്തുന്നവരെ തടസ്സപ്പെടുത്തരുതെന്നും ചര്‍ച്ചകളില്‍ മാനേജ്‌മെന്റ് പങ്കാളിത്തം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. തൊഴിലാളി സംഘടനകള്‍ തങ്ങളുടെ അവകാശത്തെ തടയുകയാണ്. തങ്ങള്‍ക്ക് ഓഫിസില്‍ കയറാനും ജീവനക്കാര്‍ക്ക് തടസ്സമമില്ലാതെ ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

സമരം ചെയ്യുന്ന ജീവനക്കാരെ തടസ്സപ്പെടുത്തരുതെന്നും സമരം ചെയ്യുന്ന ബ്രാഞ്ചുകളില്‍ പുറത്തുള്ള ജീവനക്കാരെ ഉപോയഗിച്ച് ജോലി ചെയ്യിപ്പിക്കരുതെന്നും കോടതി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. അതേസമയം സമരം ഉടന്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മുത്തൂറ്റിനോട് കോടതി പറഞ്ഞു.

പോലിസ് സംരക്ഷണം തേടി മൂന്ന് ജില്ലകളില്‍ നിന്നുള്ള ബ്രാഞ്ചുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം. മുത്തൂറ്റിന്റെ കൂടുതല്‍ ശാഖകള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

സി ഐ ടി യുവിന്റെ സമരത്തെ തുടര്‍ന്ന് മുത്തൂറ്റിന്റെ അന്‍പതിലേറെ ബ്രാഞ്ചുകളാണ് അടഞ്ഞു കിടക്കുന്നത്. സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ മുത്തൂറ്റിന്റെ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചൂ പൂട്ടല്‍ ഭീഷണിയിലാണെന്നും മുത്തുറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ സൂചിപ്പിച്ചിരുന്നു.