ധീരജ് കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

4922

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നീ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കി മജിസ്‌ട്രേറ്റിന് മുന്‍പാണ് ഹാജരാക്കുക. പ്രതികളെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷയും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയത് കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. നിഖില്‍ പൈലിയെയും ജെറിന്‍ ജോജോയെയും കൂടാതെ കണ്ടാലറിയാവുന്ന നാല് പേരെ കൂടി എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പെട്ടന്നുണ്ടായ സംഭവമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് എഫ്‌ഐആര്‍. അതേസമയം ധീരജിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് എസ്എഫ്‌ഐയും സിപിഐഎമ്മും ആരോപിക്കുന്നു

ധീരജ് വധവുമായി ബന്ധപ്പെട്ട് കൊലയാളിയെപ്പോലും ലജ്ജിപ്പിക്കുന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റേതെന്ന് ഡിവൈഎഫ്ഐ ആരോപണം. കേരളത്തില്‍ കലാപത്തിന് ആഹ്വാനമാണ് സുധാകരന്‍ നടത്തുന്നത്. ഇളം ചോര ദാഹിക്കുന്ന ‍ഡ്രാക്കുളയായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

എസ്എഫ്ഐക്കാരന്‍റെ കൈ കൊണ്ട് കേരളത്തിലെ ക്യാമ്പസുകളില്‍ ഒരു വിദ്യാര്‍ത്ഥിയും മരിച്ചിട്ടില്ല. എന്നാല്‍ കെഎസ്‍യുക്കാര്‍ പ്രതികളായ നിരവധി കേസുകളുണ്ട്. കെഎസ്‍യുക്കാരന്‍റെ കൈകളാല്‍ ഒരു കെഎസ്‍യുക്കാരന്‍ തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. 1990 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ കെഎസ്‍യു പാനലില്‍ മത്സരിച്ച് ജയിച്ച സ്റ്റുഡന്‍റ് എഡിറ്റര്‍ ബഷീറിനെ കെഎസ്‍യുക്കാന്‍ തന്നെ കൊലപ്പെടുത്തി. കെഎസ്‍യു കൊലയാളി സ്റ്റുഡന്‍റ് യൂണിയനായ ശേഷമാണ് ‍കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് അപ്രസകത്മായത്’. യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായത്തോട് കൂടി കെഎസ്‍യുവിനെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്ന ആലോചനയിലാണ് സുധാകരനെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.