സാദൃശ്യം യാദൃശ്ചികം മാത്രം

5233

സൈദ്ധാന്തികൻ പതിവുപോലെ മാറത്ത് അടുക്കി പിടിച്ച പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ദലിത് സാഹിത്യ പുസ്തകങ്ങളുമായി പുറത്തേക്കിറങ്ങി. ഏറെനേരം ലൈബ്രറിയിൽ കഴിഞ്ഞതുകൊണ്ട് അയാൾക്ക് വല്ലാത്ത ക്ഷീണവും പരവേശവും തോന്നി. ക്ഷീണം മാറാൻ അല്പം തെങ്ങിൻ നീര് കുടിച്ചാലോ എന്നദ്ദേഹം ആലോചിച്ചു. പെട്ടെന്ന് കഴിഞ്ഞാഴ്ച വായിച്ച
ടി ജി ജേക്കബിന്റെ ‘മദ്യ കേരളം’ എന്ന പുസ്തകം അയാളുടെ ഓർമ്മയിലെത്തി.നാട്ടിൽ കുടിയന്മാരുടെ എണ്ണം കൂടുകയും മണ്ഡരി വന്ന് തെങ്ങിന്റെ തലമണ്ട തകരുകയും ചെയ്ത സാഹചര്യത്തിൽ ഷാപ്പു കോൺട്രാക്ടർമാർ സ്നോസവും കുമ്പളങ്ങാ നീരും ചേർത്ത് സൃഷ്ടിക്കുന്ന വ്യാജ കള്ളു കുടിച്ചാൽ ഒരുപക്ഷേ വയറിനു തുള വീഴുമെന്ന് അയാൾ ഭയപ്പെട്ടു. അപ്പോൾ തന്നെ നാടനടിച്ച് നാട് നന്നാക്കാനുള്ള ശ്രമം അയാൾ ഉപേക്ഷിച്ചു. എന്നാലും തനിക്ക് അക്കൗണ്ട് ഉള്ള ബാറിൽ കയറി ‘ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്കർ’ ഒരു നിൽപ്പൻ അടിച്ചിട്ട് പോകാം എന്ന് അയാൾ കരുതി.

ബാറിനെ ലക്ഷ്യമാക്കി അയാൾ വേഗത്തിൽ നടന്നു. അവിടെ ചെന്നപ്പോൾ പരിചയമുള്ളവരുടെ ഒരു ഏരിയ സമ്മേളനം നടക്കുന്നതായി മനസ്സിലാക്കിയ അയാൾ സ്വസ്ഥതയോടെ ഇരിക്കാൻ ബാറിലെ ഒരു മുറിയിലേക്ക് കയറി. മുറിയിലെ അരണ്ട വെളിച്ചത്തിൽ അയാളെ സമീപിച്ച ജീവനക്കാരനോട് തന്റെ ഇഷ്ട പാനീയമായ ‘ഓൾഡ് മങ്ക്’ റം അരക്കുപ്പി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഒപ്പം ചവയ്ക്കുവാൻ ബീഫ് ഉലർത്തിയതും. ഹിന്ദുത്വ ഫാസിസ്റ്റുകളെ ഇങ്ങനെയെങ്കിലും തകർക്കുവാൻ കഴിയുമല്ലോ എന്ന് ആലോചിച്ചപ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. സോഡയും ഐസും റമ്മും ആവിപറക്കുന്ന കുറച്ച് ഇറച്ചി ഉലർത്തിയതുമായി വെയറർ പയ്യൻ താമസംവിനാ അയാളുടെ മുറിയിലേക്ക് വന്നു. അതൊക്കെ അയാളുടെ മുന്നിൽ ഇട്ടിരുന്ന മേശമേൽ നിരത്തിവച്ച് അതിനുശേഷം ഭവ്യതയോടെ അവൻ മടങ്ങിപ്പോയി. അയാൾ ഒരു കൈ കൊണ്ട് മെല്ലെ കുപ്പി ഉയർത്തി മറുകൈകൊണ്ട് കുപ്പിയുടെ അടപ്പിൽ ഒരു പ്രത്യേക താളത്തിൽ അടിച്ചതിനുശേഷം അടപ്പു നീക്കി ആനന്ദ പാനീയം ഗ്ലാസിലേക്ക് പകർന്നു. സോഡയും ഐസും ചേർത്തപ്പോൾ റം പതുക്കെ നുരയാൻ തുടങ്ങി. അത് ചുണ്ടോടടുപ്പിച്ച് അതിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ച് ആസ്വദിച്ചതിനുശേഷം സാവധാനത്തിൽ അത് വായിലേക്ക് കമിഴ്ത്തി. ഗ്ലാസ് പൂർണ്ണമായും ഒഴിഞ്ഞപ്പോൾ ഒരു വിറയലോടെ അത് അയാൾ താഴെ വച്ചു. പോക്കറ്റിൽ നിക്ഷേപിച്ചിരുന്ന വിൽസ് സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് തപ്പിയെടുത്തു ലൈറ്റർ ഉപയോഗിച്ച് അയാൾ തീകൊളുത്തി. രണ്ടുപ്രാവശ്യം ഇരുത്തി പുകയെടുത്തു പുറത്തേക്ക് ഊതി വിട്ടപ്പോൾ അയാൾക്ക് തെല്ലൊരു ആശ്വാസം തോന്നി.

അപ്പോഴാണ് തന്റെ കൈവശമിരിക്കുന്ന പുസ്തകങ്ങളിലേക്ക് അയാളുടെ ശ്രദ്ധ വീണ്ടും പതിയുന്നത്. ഈയാഴ്ച തന്നെ ഒരു പുസ്തക നിരൂപണം എഴുതി കൊടുക്കണമെന്ന് സുഹൃത്തായ പ്രമുഖ മാസികയുടെ സഹപത്രാധിപർ പല വട്ടം വിളിച്ചിരുന്നു. പലരും വിളിക്കുന്നുണ്ട് പക്ഷേ എഴുത്ത് ഒന്നും നേരാംവണ്ണം നടക്കുന്നില്ല. നഗരത്തിലെ പ്രശസ്തമായ കോളേജിൽ അധ്യാപകനായ താൻ അവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും ലൈബ്രറി പരിസരത്ത് സുഹൃത്തുക്കളുടെ സന്ധ്യാ സദസ്സ് ആരംഭിച്ചിരിക്കും. പിന്നെ സിനിമ, നാടകം, ചിത്ര-ശില്പകല ബിനാലെ രാഷ്ട്രീയ ചർച്ചകൾ കഴിയുമ്പോഴേക്കും ഒരുപാട് വൈകും. ചർച്ചകൾ ലൈബ്രറി പരിസരത്തുനിന്ന് ആരംഭിച് മിക്കവാറും അടുത്തുള്ള ബാറിലാണ് സമാപിക്കുക. അവിടെ നിന്നും നഗരപ്രാന്തത്തിലുള്ള വീട്ടിലേക്ക് എത്തുമ്പോഴേക്കും ഏറെ വൈകിയിരിക്കും. പിന്നെ ഭക്ഷണം കഴിച്ച് എഴുതാൻ ഇരിക്കുമ്പോഴെക്കും ലോകം തലകീഴായി മറിയും. പിന്നെ ഒന്നും നടക്കില്ല. എഴുതുന്നതിനു വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ കൊണ്ടുതന്നെ മേശപ്പുറം ഇതിനകം നിറഞ്ഞുകവിഞ്ഞു കഴിഞ്ഞു. പക്ഷേ എഴുത്തു മാത്രം നടക്കുന്നില്ല. താൻ ആകെ രണ്ടു പുസ്തകങ്ങൾ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. ആ പുസ്തകങ്ങൾ വഴി വായനക്കാരുടെ കൂട്ടത്തിൽ നിന്നും ഏറെ ആരാധകർ തനിക്കുണ്ട്. ആഴ്ചപ്പതിപ്പുകളിലും മാസികകളിലും എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് മൂന്നാമതൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ തനിക്ക് ഇതുവരെ കഴിഞ്ഞില്ല. ആരാധകരുടെ സ്നേഹപ്രകടനങ്ങൾ മിക്കവാറും ബാറിലാണ് നടക്കുക. എത്രതന്നെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും അത് നടക്കാറില്ല. പലതരം ബ്രാൻഡുകൾ പലതരം തീറ്റകൾ. എഴുത്തിനെക്കാൾ വലിയ ലഹരിയാണ് ഇപ്പോൾ തനിക്ക് ഇത്തരം ആരാധക സദസ്സുകൾ. നിരന്തര മദ്യപാനത്തിലൂടെ തന്റെ സെറിബ്രത്തിലെ വെള്ളം വറ്റി കൊണ്ടിരിക്കുകയാണോ, പ്രചോദനം പടിപടിയായി നഷ്ടമായി കൊണ്ടിരിക്കുകയാണോ എന്നൊരല്പം പേടിയോടെ അയാൾ ഓർത്തു. കോളേജ് വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽതന്നെ തന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന പല പ്രമുഖ എഴുത്തുകാരുടെയും, സിനിമാക്കാരുടെയും അനാഥ / അകാല മരണങ്ങൾ പെട്ടെന്ന് അയാളുടെ മനസ്സിലേക്ക് ഇരച്ചു കയറി. ശരീരവും ആത്മാവും കിടു കിടത്ത അയാൾ കുപ്പിയിൽ ബാക്കിയുള്ളതും കൂടി എളുപ്പത്തിൽ കുടിച്ചു തീർത്തു. ഇറച്ചി മുഴുവൻ തിന്നിട്ടും അയാൾക്ക് വിശപ്പു മാറിയില്ല.

സ്വയം ചിന്തിച്ചു വിഷമിച്ചു ഇരുന്നു പോയ അയാൾ നേരം പോയതറിഞ്ഞില്ല. വെയറർ പയ്യൻ വന്നു സമയം കഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിച്ചപ്പോഴാണ് അയാൾക്ക് സ്ഥലകാല ബോധം ഉണ്ടായത്. ഒരു അരക്കുപ്പി പ്ലാസ്റ്റിക് ബോട്ടിലിനു കൂടി ഓർഡർ കൊടുത്തു. അത് വാങ്ങി അയാൾ തന്റെ പാന്റ്റിന്റെ പോക്കറ്റിൽ തിരുകി പയ്യന് ടിപ്പും കൊടുത്ത് പുറത്തുചാടി. മദ്യം തലയ്ക്കു പിടിച്ചു തുടങ്ങിയതുകൊണ്ടോ ആരോഗ്യകുറവുളളതു കൊണ്ടോ അയാൾക്ക് നേരാംവണ്ണം നടക്കുവാൻ കഴിയാതെയായി. കായലിൽ നിന്നും ചൂളംകുത്തി വരുന്ന കാറ്റ് തന്നെ തഴുകി തലോടി കടന്നു പോകുമ്പോൾ ആ കാറ്റിനൊപ്പം താനും പറന്നു പോകുമോ എന്ന് അയാൾക്ക് സംശയം തോന്നി. അവസാന ബസ്സും പോയി കഴിഞ്ഞിരിക്കുന്നു.

വീട്ടിലേക്കുള്ള വഴിയിലെ ബസ്റ്റോപ്പ് ഇപ്പോൾ ജനശൂന്യമാണ്. അയാൾ
മൊബൈൽ കയ്യിലെടുത്ത് യൂബർ ടാക്സി ബുക്ക് ചെയ്തു. നിമിഷനേരംകൊണ്ട് പറന്നെത്തിയ യൂബർ ടാക്സി ആയാളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു. യൂബർ ടാക്സിയിൽ ഇരുന്ന് കോളേജ് യുവജനോത്സവത്തിൽ കവിതാലാപനത്തിന് തനിക്ക് സമ്മാനം നേടി തന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ “മദിരയിൽ മനം മുങ്ങി മരിക്കുന്ന നരക രാത്രികൾ സത്രച്ചുമരുകൾ” പാടി. അസഹ്യതയോടെ യൂബർ ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ നിശബ്ദനായി മാന്യത നടിച്ചു. കാറിലെ തണുപ്പിൽ നിന്നും രക്ഷ നേടാൻ എ സി ഓഫ് ആക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ചില്ല് ഉയർത്തി വയ്ക്കുകയും ചെയ്തു. പുറം കാഴ്ചകളിലേക്ക് തുറന്ന അയാളുടെ കണ്ണുകൾ ഷട്ടറുകൾ വീണ പീടികകൾക്കുമുന്നിൽ കിടക്കുന്നതിനു വേണ്ടി തിരക്ക് കൂട്ടുന്ന തന്റെ നിറമുള്ള മനുഷ്യരെ കണ്ട് ആശ്ചര്യപ്പെട്ടു. അക്കാദമിക് ഗവേഷണത്തിനു വേണ്ടി താൻ വായിച്ചു കൂട്ടിയ പഠനങ്ങളിലെ മഞ്ഞും മഴയും വെയിലും ഏറ്റു കഴിയുന്ന കറുത്ത മനുഷ്യരുടെ കണക്കുകൾ അയാളുടെ മനസ്സിലേക്ക് തള്ളിക്കയറി വന്നു. കാറിനകത്തേക്ക് പ്രവഹിക്കുന്ന കാറ്റിനും അയാളുടെ വിയർപ്പിനെ തടയാനായില്ല.

വീടിനു മുന്നിൽ നിർത്തിയ വണ്ടിയിൽ നിന്നും അയാൾ പുറത്തിറങ്ങി യൂബർ ഡ്രൈവർ പറഞ്ഞ മുഴുവൻ തുകയും കൊടുത്തു ഗേറ്റ് തള്ളിത്തുറന്നു. ഗേയ്റ്റിന്റെ കുറ്റിയിട്ടിരുന്നില്ല. ആഞ്ഞു തള്ളിയപ്പോൾ ഗേയ്റ്റ് പെട്ടെന്ന് തുറക്കുകയും അയാൾ ബാലൻസ് തെറ്റി വീഴാൻ പോയി. അതുകണ്ടപ്പോൾ കൂട്ടിൽ നിന്നും ജിമ്മി സ്നേഹത്തോടെ കുരച്ചു വാലാട്ടി വിനയ ശബ്ദം
പുറപ്പെടുവിച്ചു. പക്ഷേ അതൊന്നും ആയാൾ ശ്രദ്ധിച്ചില്ല. ഒരു കണക്കിന് വീടിനുമുന്നിൽ എത്തിയ അയാൾ കോളിംഗ് ബെല്ലിൽ വിരലമർത്തി. ദേഷ്യത്തോടെ വലിയ ശബ്ദത്തിൽ വാതിൽ അയാൾക്ക് മുന്നിൽ തുറക്കപ്പെട്ടു. കുളികഴിഞ്ഞ് അഴിച്ചിട്ട മുടിയുമായി തീപാറുന്ന കണ്ണുകളുമായി സംഹാരരുദ്രയെ പോലെ അയാളുടെ ഭാര്യ മുന്നിൽ. ദേശീയ ബാങ്കിൽ മാനേജരായ അവർ യഥാസമയം ജോലിക്ക് എത്താത്ത കീഴ് ജീവനക്കാരെ നോക്കുന്നതുപോലെ അയാളെ അടിമുടി കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. ചെറുപ്പത്തിൽ പറമ്പിലെ മരത്തിൽ പലവിധ വർണ്ണത്തിൽ
കാണാറുള്ള ചോര കുടിക്കുന്ന ഓന്തിനെയാണ് നൈറ്റിക്കുള്ളിൽ നിറഞ്ഞുനിൽക്കുന്ന ഭാര്യയെ കണ്ടപ്പോൾ അയാൾ ഓർത്തത്. ഒരു നിമിഷം ഒന്നു പതറിയെങ്കിലും അത് കാര്യമാക്കാതെ തലകുനിച്ചും ഒന്നും മിണ്ടാതെയും ഗൗരവ ഭാവത്തിൽ അയാൾ തന്റെ എഴുത്തു മുറിയിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു.
വലിയ ശബ്ദത്തിൽ പുറത്തെ വാതിൽ ഭാര്യ വലിച്ചടക്കുന്നതും, ഇന്നും മദ്യപിച്ചിട്ടാണോ വന്നിരിക്കുന്നതെന്നും, ഭക്ഷണം കഴിക്കുന്നില്ലെയെന്നു ചോദിക്കുന്നതും
ഒരു ശ്രീലങ്കൻ റേഡിയോ പ്രക്ഷേപണം പോലെ മുറിയിലിരുന്ന് അയാൾ കേട്ടു കൊണ്ടിരുന്നു. ജാള്യത കൊണ്ട് അയാൾ വായന മുറി വിട്ടു പുറത്തിറങ്ങിയില്ല.
രാത്രി കുടിക്കുവാൻ കൂജയിൽ കരുതിയിരുന്ന തണുത്തവെള്ളം
രഹസ്യമായി സൂക്ഷിച്ചിരുന്ന ഗ്ലാസിലേക്ക് മദ്യത്തോടൊപ്പം ചേർത്ത് അയാൾ ഒന്നുകൂടി പിടിപ്പിച്ചു.
അതിനുശേഷം വിയർത്തൊട്ടിയ ശരീര വസ്ത്രങ്ങൾ ഓരോന്നോരോന്നായി അയാൾ അലസമായി മുറിയുടെ മൂലയിലേക്ക് ഊരി വലിച്ചെറിഞ്ഞു. ഒരു മുണ്ട് ഉടുത്തു എന്ന് വരുത്തി കൊതുകിനെ പേടിച്ച് അടച്ചിട്ടിരുന്ന ജനാലകൾ തുറന്നിട്ടു. പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്ന കാറ്റിൽ അടുക്കള പൂന്തോട്ടത്തിലെ പുഷ്പങ്ങളുടെ സുഗന്ധം അയാൾക്ക് അനുഭവപ്പെട്ടു. എന്തോ ചിന്തിച്ചുറച്ച് അയാൾ തന്റെ ചാരുകസേരയിലേക്ക് കടന്നിരുന്നു. എഴുതാൻ ഉപയോഗിക്കുന്ന പലകമുകളിൽ റൈറ്റിംഗ് പാഡ് എടുത്തുവച്ചു. ഒരുപാട് നേരം പല വിധ സംഗതികളെപ്പറ്റി ആലോചിച്ചെങ്കിലും ഒരു തുടക്കം കിട്ടാതെ അയാൾ കുഴഞ്ഞു. അടുത്തിരുന്ന മദ്യക്കുപ്പിയും വെള്ളവും പരിപൂർണ്ണമായി തീർന്നിട്ടും അയാൾക്ക് ഒന്നും എഴുതാൻ കഴിഞ്ഞില്ല. ഫാൻ കറങ്ങുന്നതിനോടൊപ്പം ഭൂമിയും കറങ്ങുന്നതായി അയാൾക്ക് തോന്നി. നക്ഷത്രങ്ങളും ചന്ദ്രനും ജനൽ വഴി തന്റെ മുറിയിലേക്ക് കയറി വരുന്നതായും ആകാശം തന്റെ മേൽ തകർന്നു വീണതായും അയാൾക്ക് തോന്നി. അയാളുടെ കണ്ണുകൾ പതുക്കെ പതുക്കെ അടഞ്ഞു. രാത്രിയുടെ ഏതോ യാമത്തിൽ ആരോ തന്നെ കാലു മടക്കി അടിക്കുന്നതായി സ്വപ്നം കണ്ടു അയാൾ ഞെട്ടിയുണർന്നു. വേദന കൊണ്ട് ശരീരത്തിൽ തടവി നോക്കിയ അയാൾ തന്റെ ശരീരത്തിൽ കാഞ്ഞിര ചാട്ട പതിച്ചതിന്റെ അടയാളങ്ങൾ കണ്ടു വിറ കൊണ്ടു. മുഖത്ത് അനുഭവപ്പെട്ട തണുപ്പ് ആരോ തന്റെ മുഖത്ത് തുപ്പിയതാണെന്നും അയാൾക്ക് മനസ്സിലായി. വെറ്റിലയുടെയും പുകയിലയുടെയും ചുണ്ണാമ്പിന്റെയും പുരാതനമായ ഗന്ധം അയാൾ തൊട്ടറിഞ്ഞു.

തന്റെ കട്ടിലിനരികിൽ മുറി നിറഞ്ഞുനിൽക്കുന്ന ഇരുട്ടു പോലെ അരോഗദൃഢഗാത്രനായ ഒരു രൂപം നിൽക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. ആ ഇരുട്ടിലും വജ്ര സൂചികൾ പോലെ ആ രൂപത്തിന്റെ കണ്ണുകൾ തിളങ്ങുന്നതും, അരയിൽ 12 അംഗുലം നീളമുള്ള ഒരു കത്തി
അതിന്റെ പ്രഭയേറ്റ് മിന്നുന്നതും അയാൾ കണ്ടു. അയാളുടെ ബോധത്തിന്റെ ആഴങ്ങളിൽ ഒരു ഛായാചിത്രം തെളിഞ്ഞു തുടങ്ങി. അതെ അത് അതു തന്നെ. താൻ ബിഎ ക്കാരനായി കാണാൻ ഏറെ ആഗ്രഹിച്ച തന്റെ പിതാമഹൻ. പെട്ടെന്ന് മുറിയിൽ വീശിയടിച്ച ചുഴലിയിൽ ആ രൂപം അപ്രത്യക്ഷമായി. മുറിയിൽ ചിന്നംവിളിച്ച കാറ്റിൽ അയാളുടെ പുസ്തക അലമാരയുടെ വാതിൽ മലർക്കെ തുറക്കപ്പെട്ടു. വെങ്ങാനൂർ സുരേന്ദ്രൻ മുതൽ എം ആർ രേണുകുമാർ വരെയുള്ളവരുടെ പുസ്തകങ്ങൾ അലമാരയിൽ നിന്നും കാറ്റിന്റെ ചുഴിയിൽപ്പെട്ടു പുറത്തേക്ക് പറന്നു പോകുന്നതും, ചുമരിലെ ഛായാചിത്രം വിറകൊള്ളുന്നതും കണ്ട് മാന്ത്രിക വടി നഷ്ടപ്പെട്ട മായാജാലക്കാരനെ പോലെ നിസ്സഹായനായി അയാൾ കിടന്നു.

  • സി എസ് മുരളി ശങ്കർ