വെള്ളത്തിലും കരയിലും ഓടിക്കാൻ കഴിയുന്ന വാഹനം നിർമ്മിച്ച് ഐടിസി വിദ്യാർഥികൾ

2232

കണ്ണൂർ:വെള്ളത്തിലും കരയിലും ഓടിക്കാൻ കഴിയുന്ന വാഹനം നിർമ്മിച്ച് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലുള്ള ഐടിസി വിദ്യാർഥികൾ ശ്രദ്ധേയരാവുന്നു. സെൻട്രൽ ടെക്നിക്ക് ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷന് കീഴിലുള്ള സെൻട്രൽ ഐടിസിയിലെ മെക്കാനിക്കിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് മൾട്ടി പർപ്പസ് ഇലക്ട്രിക്കൽ കാർ തങ്ങളുടെ വർക്ക് ഷോപ്പിൽ സ്വന്തമായി വികസിപ്പിച്ചെടുത്തത്.

നഗരങ്ങളിൽ വർധിച്ചു വരുന്ന കാർബൺ മാലിന്യങ്ങളെ കുറക്കാനും അതോടൊപ്പം കേരളത്തിൽ തൊട്ടടുത്ത വർഷങ്ങളിലുണ്ടായ പ്രളയങ്ങളുമാണ് ഇത്തരമൊരു ആശയത്തിലേക്ക് വിദ്യാർത്ഥികളെ നയിച്ചത് .

പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തിയുള്ള ഇത്തരം വാഹനങ്ങൾ മുമ്പ് ചില സ്ഥാപനങ്ങളിലൊക്കെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതിയോർജം ഉപയോഗിച്ച് വെള്ളത്തിലും കരയിലും ഓടിക്കാൻ കഴിയുന്ന വാഹനം ആദ്യ ടെസ്റ്റിൽ തന്നെ വിജയകരമായി. ഏറ്റവും കുറഞ്ഞ ചെലവിലാണ് വാഹനം വിദ്യാർഥികൾ നിർമിച്ചത്. കൂടുതൽ വികസനത്തിനും ഗവേഷണങ്ങൾക്കും അവസരം കിട്ടിയാൽ ഭാവിയിൽ നാടിനു ഈ വാഹനം വലിയൊരു മുതൽകൂട്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

വെള്ളത്തിലും കരയിലും ഓടിക്കാൻ കഴിയുന്ന വാഹനത്തിന്റെ നിർമ്മാണത്തിനു നേതൃത്വം നൽകിയത് അജിത് ബാബു, അനുരാഗ്, പി രാഹുൽ, കെ ആദർശ്, അതുൽ, അഖിൽ മാത്യു, അശ്വിൻ, ഷമിൻ, രാഹുൽ ആചാര്യ, ഇമ്മാനുവൽ, നിധിൻ എ തുടങ്ങിയ വിദ്യാർത്ഥികളാണ് . പ്രോജക്ട് ഗൈഡ് സെൻട്രൽ ടെക്നിക്ക് ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ വൈസ് പ്രിൻസിപ്പൽ എൻ എം രന്തകാരനാണ്. ഉപദേശങ്ങളും സഹായങ്ങളുമായി അധ്യാപകരായ ജിഷ്ണു എം, ഹിരോഷ് എന്നിവരുമുണ്ടായിരുന്നു. സിടിടിഎഫിന്റെ കീഴിൽ ആരംഭിച്ച കാഫി ലാബ് എന്ന പദ്ധതിയിൽ നിന്നാണ് ഇത്തരമൊരു ആശയം വിദ്യാർത്ഥികൾക്ക് ലഭിച്ചതെന്ന് പ്രിൻസിപ്പൽ ടി പ്രസാദ്‌ പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം പല വിധ ഉൽപ്പന്നങ്ങൾക്ക് ബദൽ നിർദേശങ്ങളും ആശയങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കുക എന്നതാണ് കാഫി ലാബിന്റെ ലക്‌ഷ്യം