ആൾക്കൂട്ടവിചാരണയുടെ നീതിശാസ്‍ത്രം

5136

ഹൈദരാബാദിൽ ബലാൽകേസിൽ പ്രതികളായവരെ വെടിവച്ച് കൊന്നതിൽ ആഹ്ളാദിച്ച് കൊണ്ടുള്ള നിരവധി അഭിപ്രായങ്ങളും, എന്നാൽ അത് ശരിയായില്ല എന്ന തരത്തിൽ കുറച്ച് അഭിപ്രായങ്ങളും സമൂഹത്തിൽ ആകെ ഉയർന്ന് വരുന്നുണ്ട്. രണ്ട് വിഭാഗങ്ങൾക്കും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ട്. പ്രതികളെ പോലീസ് വെടിവച്ച് കൊന്നത് ശരിയായില്ല എന്ന അഭിപ്രായം ഉള്ളവർ പറയുന്നത് ഒരു നിയമവാഴ്ച്ച നില നിൽക്കുന്ന നമ്മുടെ നാട്ടിൽ സാക്ഷിമൊഴികളും, തെളിവുകളും പരിശോധിച്ച് ജുഡീഷ്യറിയാണ് പ്രതികളെ ശിഷിക്കേണ്ടത് എന്നും പോലീസ് ആ കർത്തവ്യം സ്വയമേവ ഏറ്റെടുത്താൽ അത് നിയമ വാഴ്‌ചയോടുള്ള വെല്ലുവിളിയും, നാളെ അത് ഭരണകൂടത്തിന്റെ, രാഷ്ട്രീയ എതിരാളികളെയും പോലീസ് ഉദ്യാഗസ്ഥരുടെ വ്യക്തിപരമായ ശത്രുക്കളെയും, അത് പോലെ നിരപരാധികളെ പോലും കള്ള കേസിൽ പെടുത്തി പോലീസ് എൻകൗണ്ടർ എന്ന പേരിൽ കൊല്ലുവാനുള്ള ലൈസൻസ് ആയി മാറും എന്നും അത് രാജ്യത്തെ ഒരു പോലീസ് സ്റ്റേറ്റ് ആക്കി മറ്റും എന്നുമാണ്. എന്നാൽ പോലീസ് നടത്തിയ ഈ നാല് പേരുടെ കൊലപാതകത്തെ അനുകൂലിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വാദഗതി, ആ മരിച്ച പെൺകുട്ടിക്ക് നീതി ലഭിച്ചു എന്നതാണ്. അവർ പറയുന്നത് നിങ്ങളുടെ വീട്ടിൽ ഒരംഗത്തിന്, അത് സഹോദരിക്കോ, മകൾക്കോ മറ്റ്‌ ആർക്കെങ്കിലും ഇതുപോലെ ഒരനുഭവം ഉണ്ടായാൽ നിങ്ങൾക്ക് മനസിലാവും ഒരച്ചന്റെയോ, ഒരമ്മയുടെയോ, സഹോദരന്റെയോ,സഹോദരിയുടെയോ ദുഃഖം എന്നാണ്. അതൊടാപ്പം തന്നെയാണ് ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെയും വികാരം.

എന്നാൽ എന്തുകൊണ്ട് ഇത്തരം ഒരു ജനാധിപത്യ വിരുദ്ധമായ, നീതിന്യായ വ്യവസ്‌തയോടുള്ള നിഷേധാത്മക മനോഭാവം രാജ്യത്തെ ജനങ്ങളിൽ ഉണ്ടാകുന്നു. ആരാണ് ഇതുപോലെ പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ആൾക്കൂട്ട നീതിശാസ്ത്ര വിചാരണക്ക് അംഗീകാരം നേടുന്ന സമൂഹമനസിനെ സൃഷ്ടിച്ചതിന് ഉത്തരവാദികൾ നാളിതുവരെ ഭരിച്ച ഭരണകൂടങ്ങളുടെ നീതിരഹിത നിലപാടുകൾ മാത്രമല്ല ഒരു വിഭാഗം പങ്കാളിത്ത-കച്ചവട രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടകെട്ടിന്റെ നെറികേടുകൾ കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ട ജനസമൂഹത്തിന്റെ പ്രതീക്ഷയായി മാറേണ്ട നീതിന്യായ വ്യവസ്‌ഥയുടെ കാവൽക്കാരായ കോടതികൾ തങ്ങളുടെ ഉത്തരവാദിത്വ നിർവഹണത്തിൽ വരുത്തിയ വീഴ്ച്ചയുടെ കൂടെ ഫലമായി നിരാശരായ സമൂഹമനസിന്റെ മനഃശാസ്ത്രമാണ് ആൾക്കൂട്ടവിചാരണയുടെ രീതിശാസ്ത്രവും ആത്മസംതൃപ്തിയും. സാധാരണ കച്ചവട സിനിമകളിൽ കാണുന്ന നായക വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന പോലീസ് കഥാപാത്രങ്ങൾ കൈയടി നേടുമ്പോൾ നഷ്ട്ടപെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയും, പരിഷ്കൃത ലോകവും സംസ്കരിച്ചെടുത്ത നീതി ബോധത്തിന്റെ തകർച്ചയാണ്. ഇതുപോലുള്ള പരിശോധനാരഹിതമായ പോലീസ് കൊലപാതകങ്ങൾ യഥാർത്ഥ വില്ലന്മാരെ, അപരാധികളെ നിയമവ്യവസ്ഥയിൽ നിന്നും സാമൂഹിക തിരസ്‌കരണത്തിൽ നിന്ന് രക്ഷിക്കുന്നതിനും പോലീസ് പ്രഖ്യാപിച്ച പ്രതികൾ ചിലപ്പോൾ നിരപരാധികൾ ആണെങ്കിൽ പോലും യാതൊരു നിയമപരമായ പരിശോധനയും കൂടാതെ അപരാധികളുടെ മൂടുപടം അണിഞ്ഞ് സാമൂഹിക തിരസ്കാരണത്തിന് ഇടയാക്കപ്പെടുകയും ചെയ്യും. കേരളത്തിൽ തന്നെ ഒരു കൊലപാതകത്തിൽ പോലീസ് ചാർജ്ജ് ചെയ്ത് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചവർ പിന്നീട് നിരപരാധികൾ ആണ് എന്ന് തെളിഞ്ഞ സംഭവം സമീപകാലത്ത് നടന്നത് അറിവുള്ളതാണ്. കോർപറേറ്റ് ലോകത്തെ ഭരണകൂടങ്ങൾ പൗരസമൂഹത്തിന്റെ താൽപര്യങ്ങൾക്ക് വിലകൽപിക്കുന്നില്ല എന്ന് മാത്രമല്ല അതിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും അതിനെ ചോദ്യം ചെയ്യുന്നവർ ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഇത്പോലെ പോലീസ് രാജിന് ജനകീയ അംഗീകാരം ലഭിക്കുന്നത് ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും നിലനിൽപ്പിന് വെല്ലുവിളി ഉയർത്തും എന്ന് മാത്രമല്ല വർദ്ധിച്ച പൗരാവകാശ ധ്വംസനത്തിന് സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.

വിപിൻ കുമാർ