എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

5458

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് സംസ്കാരം.

ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തില്‍ അദ്ദേഹത്തിന് 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി അർജ്ജുനൻ ജനിച്ചു. ചെറുപ്പത്തിലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്നെങ്കിലും സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സംഗീതപഠനം തുടരാൻ കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കൻമാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാർണമോണിയവും അഭ്യസിച്ചു.

ഹാർമോണിയം വായന പിന്നീട്‌ തൊഴിലാക്കി മാറ്റി. നാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. “തമ്മിലടിച്ച തമ്പുരാക്കൾ…. എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകർന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക്‌ ഈണം പകർന്നു.

നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിൽ അർജ്ജുനൻമാസ്റ്റർക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു.1968-ൽ ‘കറുത്ത പൗർണമി’ എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ അർജ്ജുനൻമാസ്റ്റർക്കു കഴിഞ്ഞു.

പിൽക്കാലത്ത്‌ ശ്രീകുമാരൻ തമ്പിയുമായി ചേർന്ന് അർജ്ജുനൻ മാസ്റ്റർ നിരവധി അവിസ്മരണീയ ഗാനങ്ങൾ മലയാള ഗാനശാഖക്ക് സമ്മാനിച്ചു. എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത്‌ ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.