‘ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിന് കൈമാറി; ബേസില്‍ ജോസഫ്

1100

മലയാള സിനിമലോകം ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മിന്നല്‍ മുരളിയുടെ ഫൈനല്‍ മിക്‌സിങും കഴിഞ്ഞ് നെറ്റ്ഫ്‌ളിക്‌സിന് കൈമാറിയെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്.ഇന്നലെയാണ് മുന്നൂ വര്‍ഷം നീണ്ട മിന്നല്‍ മുരളിയുമായുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഞങ്ങളുടെ മാനസപുത്രനെ ഞങ്ങള്‍ അവസാനം നെറ്റ്ഫ്‌ളിക്‌സിനെ ഏല്‍പ്പിച്ചു. ഇത്രയും നീണ്ട കാലയളവ് ഒരു സിനിമയ്ക്കായി ചെലവഴിച്ചത് കൊണ്ടുതന്നെ ഇത് കേവലമൊരു സാധാരണ സിനിമയല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ച്‌ പറയാന്‍ സാധിക്കും.

വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്, കൊവിഡ് സാഹചര്യമുണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ചിത്രീകരണം കൂടുതല്‍ കടുപ്പമുള്ളതാക്കി. പക്ഷേ ടീമിലെ എല്ലാ അംഗങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കി.ഇത്രമാത്രം പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമയില്‍ പണം നിക്ഷേപിക്കുക എന്ന റിസ്‌ക് ഏറ്റെടുത്ത സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന് ബേസില്‍ നന്ദി. ഈ സിനിമയുടെ ഏറ്റവും പ്രധാന ഘടകം മിന്നല്‍ മുരളി തന്നെയാണ്. ആ കഥാപാത്രത്തെ എല്ലാ രീതിയിലും മികച്ച രീതിയില്‍ അവതരിപ്പിച്ച ടോവിനോ തോമസിനും ബേസില്‍ നന്ദി അറിയിച്ചു. യഥാര്‍ഥത്തില്‍ ടോവിനോക്ക് അല്ലാതെ മിന്നല്‍ മുരളിയെ അവതരിപ്പിക്കുവാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും ബേസില്‍ പറഞ്ഞു. സംവിധായകന്‍-നായകന്‍ ബന്ധം എന്നതിലുപരി തങ്ങള്‍ തമ്മില്‍ സഹോദരങ്ങളെ പോലെയാണെന്നും ബേസില്‍ പറഞ്ഞു.

ബേസില്‍ ജോസഫിന്റെ മൂന്നാമത്തെ ചിത്രമായ മിന്നല്‍ മുരളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ഗോദക്കു ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.ജിഗര്‍താണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വര്‍ഗീസ്, ബൈജു,ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത് ബാറ്റ്മാന്‍,ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗാണ്. ഷാന്‍ റഹ്‌മാനാണ് സംഗീതം.