എം ജി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വൈസ് ചാൻസലർ

17831

കോട്ടയം: എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മുമ്പ് പ്രഖ്യാപിച്ച പ്രകാരം നടക്കുമെന്ന് വൈസ് ചാൻസലർ . കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അഫിലിയേറ്റഡ് കോളേജുകള്‍ക്കും സര്‍വ്വകലാശാല പഠനവകുപ്പുകള്‍ക്കും മാര്‍ച്ച് 31വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിസി വ്യക്തമാക്കി. പിഎച്ച്ഡി വൈവ മാര്‍ച്ച് 31 വരെ നടക്കില്ല.

പരീക്ഷ നടത്തിപ്പിന് ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണമെന്ന് വിസി നിര്‍ദേശിച്ചു. അതേസമയം സര്‍വ്വകലാശാല ഹോസ്റ്റലുകളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. കാമ്പസില്‍ യോഗങ്ങളും സമ്മേളനങ്ങളും പഠന വകുപ്പുകളില്‍ സെമിനാര്‍, സിമ്പോസിയം, കോണ്‍ഫറന്‍സ് എന്നിവയും മാര്‍ച്ച് 31 വരെ നടത്തില്ലെന്നും വിസി പറഞ്ഞു.

സര്‍വകലാശാലയില്‍ വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടവര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക പെട്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അപേക്ഷകള്‍ സെക്ഷനുകളില്‍ നേരിട്ട് സ്വീകരിക്കില്ലെന്നും വിസി വ്യക്തമാക്കി.