മേലുഹ – സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മായാ ഭൂമി

3454

ഷെറീഫ് കോഴിക്കോട്

ആറാം തമ്പുരാൻ എന്ന സിനിമയിലെ ഹരിമുരളീവം പാട്ടിന്റെ തുടക്കത്തിലുള്ള മോഹൻലാൽ ആഖ്യാന ശബ്ദമാണ് ചെവിയിൽ, ഊര് തെണ്ടിയുടെ ഓട്ടക്കീശയിൽ എന്തുണ്ട്…, ഒടുക്കം കയറി ചെന്നതോ സിംഹത്തിന്റെ മടയിൽ… അതായിരുന്നു ഇന്നലെ ബഹ്‌റൈൻ കൾച്ചറൽ ഹാളിൽ സുഹൃത്ത് പ്രദീപ് പതേരി തന്ന ഒരു പാസുമായി കയറി “മേലുഹ” അഥവാ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മായാ ഭൂമി എന്ന നൃത്ത നാടകം കണ്ടപ്പോൾ തോന്നിയത്.

ബഹ്റൈനിൽ തന്നെ പരിശീലനം നടത്തി, സംഗീതവും രചനയുമൊഴികെ ഒരു നൃത്തനാടകത്തിന് വേണ്ട എല്ലാ വിഭവങ്ങളും ഇവിടെ തന്നെ കണ്ടെത്തിയ ഇതിന്റെ സൃഷ്ടി കർത്താക്കൾ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ഇതിന്റെ ജീവാത്മാവും പരമാത്മാവുമായ വിദ്യ ശ്രീകുമാറിന്റെ കലാ വൈഭവത്തിന്റെ ആവനാഴികളിൽ ബഹ്റൈൻ കലാ ലോകത്തിന് ആനന്ദ നൃത്തമാടാൻ ഇനിയുമെറെ വിഭവങ്ങളുണ്ട് എന്ന് ആഗ്രഹിക്കാതെ ഇന്നലത്തെ കലാസ്വാദകരിൽ ആരും ഉറങ്ങിക്കാണില്ല.

നയനാനന്ദവും ശ്രീറാമിന്റെ സംഗീതത്താൽ കർണ്ണാമൃതവുമായിരുന്നു മേലുഹ, വ്യത്യസ്തമാർന്ന മാനുഷിക ഭാവങ്ങളെ സാഗരം പോലെ പരിവർത്തിപ്പിക്കാൻ ഇതിലെ നർത്തകീ നർത്തകർക്ക് കഴിഞ്ഞിരിക്കുന്നു, രാജ്യവും രാജ്യാതിർത്തികളും യുദ്ധങ്ങൾ ഉണ്ടാക്കില്ലെ എന്ന ചോദ്യമുയർത്തി സ്വപ്നത്തിന് പിറകിലെ ദൃഷ്ട ശക്തികളിൽ നിന്നും രാജ്യത്തെയും തന്റെ മകളെയും സംരക്ഷിക്കാൻ അധികാരം കാക്കുന്നവൻ കോട്ട കെട്ടുന്നിടത്ത് നൃത്തം അരങ്ങേറുകയായി. സംരക്ഷകന്റെ കണ്ണുകളും കടന്ന് സർപ്പദംശനമേറ്റ് തന്റെ കുമാരി പിടയുമ്പോൾ സുരക്ഷിതം എന്ന വാക്കിന്റെ അർത്ഥം തേടി ദക്ഷകൻമാർ അലഞ്ഞിരിക്കണം.

അറുനൂറിൽ പരം കലാഹൃദയങ്ങൾ ഒറ്റ മനസ്സോടെ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കഥയുടെ വ്യത്യസ്തമാർന്ന തലങ്ങളെ ഒന്നര മണിക്കൂർ തീർന്നതറിയാതെ ഇരു കൈകൾ നീട്ടി സ്വീകരിക്കുകയായിരുന്നു. സ്മിത വിനോദിന്റെ ദേവയാനിയും, നീതു ജനാർദ്ദനന്റെ സതിയും, മാളവിക സുരേഷിന്റെ നന്തിയും, അഷ്ബിൻ അലിനിന്റെ ശിവയും, ജെബിന്റെ ഭദ്രനും, ജോജോയുടെ ദരാപതിയും, സൂര്യപ്രകാശിന്റെ ദക്ഷനും, നീതുവിന്റെ പ്രസുതിയും സംഘ നർത്തകർക്കിടയിൽ സദസ്സിന്റെ ശ്രദ്ധ തന്നിലേക്ക് ആവാഹിച്ചെടുത്ത വീരസിന്നു കറുപ്പു സ്വാമിയും ആടി തകർത്തപ്പോൾ നൃത്തത്തെ കുറിച്ച് അധികമറിയാത്ത എന്നെ പോലൊരാൾക്കത് ഒന്നാന്തരമൊരു വിരുന്നായിരുന്നു.

സിംപിൾ എന്നാൽ പവർഫുൾ എന്ന മട്ടിലായിരുന്നു ദിനേശ് മാവൂർ ഒരുക്കിയ സ്റ്റേജ് ഡിസൈൻ, അതിനെ ദേശങ്ങളും, കാലങ്ങളുമായി കോർത്തിണക്കിയ മികച്ച വൈഭവമായിരുന്നു ബിജു ഹരിയുടെ വിഷ്വൽ എഫക്റ്റ്സ്, കാണികൾ ഏത് കാഴ്ച കാണണമെന്ന് തീരുമാനിച്ച വിഷ്ണു നാടക ഗ്രാമത്തിന്റെ വെളിച്ച വിതാനം അവരെ മാജിക്കൽ റിയലിസത്തിൽ ആറാടിച്ചു എന്നതും നേര്. കഥാപാത്രങ്ങളെ ഉൾക്കൊണ്ട് ശബ്ദം നൽകിയരാവട്ടെ ഞാനോ നീയോ മുന്തിയത് എന്ന് നിലയിൽ മികച്ച് നിന്നു.

വായുവിൽ തീർത്ത സാഹസികതയാർന്ന നൃത്താഭ്യാസമാവട്ടെ കാണികളെ ശരിക്കും അത്ഭുതപരതന്ത്രരാക്കിയിട്ടുണ്ട്. വീണ്ടും കാണാൻ ആരും കൊതിക്കും മേലുഹ. അപ്പോൾ ചില കോട്ടങ്ങൾ തീർത്തു കാണണമെ എന്ന് കാണികൾ ആഗ്രഹിച്ച് പോയേക്കാം, അതിലൊന്ന് രാജാവിന്റെ കാൽമുട്ടിന് കീഴെയുള്ള വസ്ത്രത്തിന്റെയും, പാദരക്ഷയുടെയും ദാരിദ്ര്യമാണ്.

സ്വപ്ന സീനിൽ ഞെട്ടി ഉണർന്നിരിക്കുന്ന രാജാവിന് കുറച്ചധികം വസ്ത്രമുണ്ടായിരുന്നെങ്കിൽ തന്റെ മെലിഞ്ഞ കാലുകൾ ഇങ്ങനെ തുറന്ന് കാണിക്കേണ്ടി വരില്ലായിരുന്നു. കഥയുടെ ഗാത്രത്തിന് വേണ്ടാത്തതെന്നും സമയം നീട്ടി കൊണ്ടു പോകാൻ ഉദ്ദേശിച്ചതെന്ന മട്ടിൽ (അടുത്ത സീനിൽ ആളെ ഒരുക്കാനോ അതോ ദേവകി എന്ന നർത്തകിയുടെ നൃത്ത വൈഭവം കാണികൾക്ക് കാഴ്ചവെക്കാനാണോ എന്താണ് സംവിധായിക ഉദ്ദേശിച്ചതെന്നറിയില്ല) അവതരിപ്പിച്ച ഏകാംഗ നൃത്തം വളരെ വേഗതയാർന്ന മേലുഹയുടെ നൃത്ത ഗാത്രത്തെ ചെറുതായി ബോറടിപ്പിച്ചോ എന്ന തോന്നായ്കയില്ല.

പ്രതലങ്ങളിൽ. യഥാവിധം നർത്തകരെ വിന്യസിക്കുകയും വസ്തുക്കൾ ഉപയോഗിച്ച ശേഷം അവയെ അരങ്ങിൽ നിന്നും ഉടനടി മാറ്റി നർത്തകരുടെ കൃതഹസ്തതയെ പരിശീലിപ്പിച്ചും നാടകീയ രംഗങ്ങളെ ഉജ്ജ്വലമാം വിധം സമന്വയിപ്പിച്ച അച്ചു അരുൺ രാജിന്റെ ക്രിയേറ്റീവ് ഡയറക് ഷനും പ്രശംസനീയം തന്നെ. എങ്കിലും ചില സാധനങ്ങൾ വേദിയിൽ ഉപയോഗിച്ച് തിരിച്ചെടുക്കുമ്പോൾ അതിന് നിയോഗിച്ചവർ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോയി.

അതേ പോലെ ഇന്ത്യാക്കാരല്ലാത്ത മറ്റുള്ളവർക്കായി കഥാസന്ദർഭം ചെറു കുറിപ്പായി ഇംഗ്ലീഷിൽ അച്ചടിച്ച് തയ്യാർ ചെയ്തിരുന്നെങ്കിൽ ആസ്വാദനം ഒന്ന് കൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. ടെക്നിക്കലായി കണ്ട ചെറിയ ന്യുനതകളെ പരിഹരിച്ച് കൊണ്ട് അടുത്ത വേദിയിൽ മേലുഹ നൃത്ത സംഘത്തെ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു, അവതരിപ്പിച്ച സൂര്യ ബഹ്റൈൻ ചാപ്റ്ററിനെയും നിർമ്മിച്ച സ്റ്റീൽ മാർക്കിന്റെ കലാ പ്രായോജകരെയും ബഹ്റൈൻ കലാസ്വാദകർ എന്നും നന്ദിയോടെ സ്മരിക്കും.