ആരെ വിവാഹം കഴിക്കണമെന്നത് പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി

3844

ബെംഗളൂരു : അലഹബാദ്, ഡല്‍ഹി ഹൈക്കോടതികള്‍ക്ക് പിന്നാലെ വിവാഹം സംബന്ധിച്ച വ്യക്തി സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയുമായി കര്‍ണാടക ഹൈക്കോടതിയും. ആരെ വിവാഹം കഴിക്കണമെന്നത് പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നും ജാതിക്കോ, മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരിയായ രമ്യയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകനായ എച്ച് ബി വാജിദ് ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ എസ് സുജാത, സചിന്‍ ശങ്കര്‍ മഗദ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

വാജീദിനെ വിവാഹം കഴിക്കുന്നതിനെ തന്റെ മാതപിതാക്കള്‍ എതിര്‍ക്കുകയാണെന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്നും രമ്യ കോടതിയില്‍ പറഞ്ഞു. രമ്യ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ജീവിതത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.