പൊളിച്ചു; ചുറ്റുമുളള കെട്ടിടങ്ങൾക്കോ വീടുകൾക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം; വീഡിയോ കാണാം

2002

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം. ചുറ്റുമുളള കെട്ടിടങ്ങൾക്കോ വീടുകൾക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്റ്റർ എസ്. സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു. നിസാര കേടുപാടുകൾ മാത്രമാണ് പ്രതീക്ഷിക്കുന്നത്.

ചുറ്റുമുളള പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്ലാറ്റായ എച്ച്ടുഒ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്. ആൽഫ സെറീന്‍റെ രണ്ട് അപ്പാർട്ടുമെന്‍റുകളുടെ കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ പതിക്കുന്ന തരത്തിലാണ് സ്ഫോടനം തീരുമാനിച്ചിരുന്നത്.

ചുറ്റുപാടുമുളള വീടുകൾക്കും കെട്ടിടങ്ങൾക്കും പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ വീഴുന്ന രീതിയിൽ സ്ഫോടനം ആസൂത്രണം ചെയ്തത്. കായലിൽ വീണ കെട്ടിടാവിശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആറു സൈറണുകളാണ് നിശ്ചയിച്ചിരുന്നത്.

അതിൽ ചിലത് വൈകി. ആ സമയത്തെ ചില സാഹചര്യങ്ങൾ കാരണമാണ് വൈകിയത്. വാഹനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായുമാണ് ചില സൈറണുകൾ വൈകിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞു.