മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ ക്രൈംബ്രാഞ്ചിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.

2852

പാലക്കാട്: മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ ക്രൈംബ്രാഞ്ചിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡിവൈഎസ്പി പി ഉല്ലാസിനെ നിയമിച്ചു. രണ്ടാം ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഫിറോസും സംഘത്തിൽ ഉണ്ടായിരുന്നു. ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ല.

അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്ന് ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു. മഞ്ചക്കണ്ടിയിൽ രണ്ടു ദിവസമായി നടന്ന ഏറ്റുമുട്ടലിൽ മാവോയ്സ്റ്റ് നേതാവ് മണിവാസകം അടക്കം നാലു പേരാണ് മരിച്ചത്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.

മാവോയിസ്റ്റുകളെ പിടികൂടിയശേഷം പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് സിപിഐയും പ്രതിപക്ഷപാർട്ടികളും ആരോപിച്ചത്. ഇതേത്തുടർന്നാണ് സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.