മൺകുടുക്ക: നന്മയുടെ  നല്ലെഴുത്ത്

4349

ശ്രീ ശിവകുമാർ മേനോൻ എഴുതിയ “മൺകുടുക്ക” എന്ന കഥാസമാഹാരം പ്രകാശനം ചെയ്‌തു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ A. K. പുതുശ്ശേരി ആദ്യ പ്രതി സീനിയർ അഡ്വക്കേറ്റ് T. P. M ഇബ്രാഹിംഖാനു നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. സുപ്രീം കോടതി അഭിഭാഷകൻ ശ്രീ സാജു ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഥാസമാഹാരത്തെ പരിചയപ്പെടുത്തി കൊണ്ട്   പ്രശസ്ത  സാഹിത്യകാരൻ  ടി. കെ. സി. ജോസ്  എഴുതിയ  അവതാരികയിൽ നിന്നും ചില ഭാഗങ്ങൾ

സാഹിത്യം  ഓരോ കാലത്തും ഓരോ തരത്തിലാണ്  വായനക്കാരെ സമീപിക്കുന്നത്. കോവിഡ് കാലത്ത് പ്രത്യേകിച്ചും  അതു  കൂടുതൽ ഉന്മത്തമായി  വായനക്കാരിലെ ത്തിയെന്നത്   യാഥാർത്ഥ്യമാണ്.  അത്തരമൊരു  സാഹചര്യത്തിലാണ് ശിവകുമാർ മേനോന്റെ സാഹിത്യസൃഷ്ടികളിലേക്ക്  കണ്ണുടക്കി  പോയത്. അദ്ദേഹത്തിന്റെ  കഥകളുടെ  അവതരണ രീതിയാ യിരുന്നു ശ്രദ്ധേയം. നേരിട്ടു കഥ പറയുക. വളച്ചു കെട്ടില്ലാതെ  കാര്യം പറയുക  എന്ന  സത്യസന്ധതയ്ക്കൊപ്പം  ആശയങ്ങളെയും  ചിന്തകളെയും സർഗ്ഗാത്മകമായി   അവതരിപ്പിക്കുന്ന രീതിയും  പലപ്പോഴും  കണ്ടും കേട്ടും  പരിചയമായ കഥാരചനയുടെ ക്ളീഷേകളിൽ തട്ടിയുള്ളതായിരുന്നില്ല. എല്ലായിടത്തും  ഒരു നന്മ  കാണാനുണ്ടായിരുന്നു. ഓരോ കഥയിലും  ഓരോ  എഴുത്തിലും അങ്ങനെ  തന്നെ. ഈ  കഥാസമാഹാരത്തിലെ എല്ലാ കഥയിലും ഇതു കാണാം.

പലപ്പോഴും സർഗ്ഗാത്മകത  ഇങ്ങനെ  സത്യസന്ധമായി നാം  കണ്ടിട്ടുണ്ടായിരുന്നത്  ടി. പത്മനാഭന്റെ   രചനകളിലായിരുന്നുവെന്നു പറയാം. അദ്ദേഹത്തിന്റെ രചനകളിലൊക്കെയും  നാം കണ്ടിട്ടുണ്ടായിരുന്ന കേരളീയ പശ്ചാത്തലം കഥകളെ വേറിട്ടത്താക്കി. അതിലൂടെ പറയാൻ ശ്രമിക്കുന്ന  ഒരു  നന്മയാണ്  ഇവിടെ ശിവകുമാറിന്റെ  രചനകളിലും  കാണാൻ  കഴിയുന്നത്. കാലാവർഷവും  ഗൗരിയും  പ്രകാശം പരത്തുന്ന പെൺകുട്ടിയുമൊക്കെ എഴുതിയ പത്മനാഭന്റെ കഥാലോകത്തിനു സമാനമായ കഥക്കൂട്ട് ശിവകുമാറിന്റെ  രചനകളിലും  നിഴലിച്ചു നിൽക്കുന്നു. മൺകുടുക്ക പോലെയുള്ള കഥകൾ  പറയാൻ ശ്രമിക്കുന്നതും ഇത്തരമൊരു പശ്ചാത്തലമാണ്. നാം  കണ്ടിട്ടുള്ളതും അനുഭവിച്ചതുമായ സന്ദർഭങ്ങളെയും  സാഹചര്യങ്ങളെയുമാണ് ശിവകുമാറിന്റെ  കഥകളിൽ  കാണുന്നത്

നഷ്ട്ടപ്പെട്ടു പോയെന്നു നാം കരുതിയ ചില നാട്ടുഭാഷണങ്ങളെ പുനസൃഷ്ടിക്കാൻ  കഴിഞ്ഞുവെന്നതാണ്  അപൂർവ സമ്മാനം എന്ന കഥയുടെ വിജയം.

ഒരു പ്ലാവ് രാമനാഥൻ എന്ന കഥാപാത്രത്തിൽ വരുത്തിയ മാറ്റത്തിന്റെ കഥയാണ് ശിവകുമാർ  മുത്തശ്ശിപ്ലാവ്  എന്ന കഥയിലൂടെ പറയുന്നത്. തന്റെ  സകല സന്തോഷത്തിനും സമാധാനത്തിനും സൗഭാഗ്യങ്ങൾക്കും സത്കീർത്തിക്കുമൊക്കെ ഹേതുവായി ഒരു വൃക്ഷം എങ്ങിനെ മാറിയെന്നു  പറയുന്നത് വാസ്തവത്തിൽ  നമുക്കോരുത്തർക്കും  ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഒരു സംഭവമാണ്.

വിശപ്പിന്റെ വിളി എന്ന കഥ  ആരുടെയും ഹൃദയത്തെ സ്പർശിക്കും. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന കുട്ടിക്ക് കുട്ടിമാമൻ കഥ പറഞ്ഞു കൊടുക്കുന്ന രീതിയുള്ള കഥയാണിത്. വിശപ്പിന്റെ തേങ്ങലും നൊമ്പരവും ഇവിടെ കഥയുടെ  ഗതി  മാറ്റുന്നു.

ഇട്ടൂപ്പേട്ടന്റെ  യൗവനരഹസ്യം  എന്ന  കഥ  ജീവിതം  എങ്ങനെയായിരിക്കണമെന്നും  എങ്ങനെയാണ്  വിജയത്തിലേക്കുള്ള  വഴി  ഒരാൾ  വെട്ടിത്തുറക്കേണ്ടതെന്നും  ഇട്ടൂപ്പേട്ടൻ  എന്ന  കഥാപാത്രത്തിലൂടെ  എഴുത്തുകാരൻ  പറയുന്നു.

ആദ്യവരം, തണുത്ത  ജിലേബി എന്നീ  കഥകളിൽ  മനുഷ്യൻ  മറന്നു പോകുന്നതും  ചെയ്യാൻ കഴിയാതെ  പോകുന്നതുമായ  കാര്യങ്ങളെ  സമർത്ഥമായി  ഓർമിപ്പിക്കുന്നു.

സത്യസന്ധതയും  ജീവിത യാഥാർത്ഥ്യവും ഒരുപോലെ  നിഴലിക്കുന്ന  ചില മോഹന മുഹൂർത്തങ്ങളെ മൺകുടുക്ക  എന്ന കഥയിൽ  സമർത്ഥമായി  വിളക്കിചേർത്തിരിക്കുന്നു.

ലാളിത്യവും  കരുണയും നന്മയും ഒരുപോലെ കഥകളിലൂടെ  കൊണ്ടു നടത്താൻ കഥാകൃതിനുള്ള കൈയടക്കത്തെ  അഭിനന്ദിച്ചേ  തീരൂ.

വാസ്തവത്തിൽ കഥകൾ  വായിച്ചു കഴിയുമ്പോൾ ജീവിതത്തിലേക്ക്  ഒന്നു പിന്തിരിഞ്ഞുനോക്കാൻ  ഓരോ  വായനക്കാരനെയും  പ്രേരിപ്പിക്കുന്നു  എന്നിടത്താണ്  ശിവകുമാർ  എന്ന എഴുത്തുകാരന്റെ  വിജയം

( മൺകുടുക്ക കഥാ സമാഹാരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി 99469 32557 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് )