പനോരമയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മക്കന എന്ന മലയാള സിനിമയെക്കുറിച്ചുള്ള റിവ്യൂ

2098

മുഹമ്മദ്‌ ആസിഫ്

മക്കന എന്ന പേരും പോസ്റ്ററും കണ്ടപ്പോൾ, പഴയ കാലത്തിന്റെ തുടർച്ചയായി വന്ന വല്ല ലൗ ജിഹാദ് പടവും ആയിരിക്കും എന്ന ധാരണയുണ്ടായിരുന്നു. പനോരമയിൽ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിച്ചു പ്രശംസ നേടിയ ചിത്രം എന്നൊക്കെ പരസ്യം കണ്ടപ്പോൾ കയറി. സ്നേഹം മാത്രം നൽകി വളർത്തിയ ഏക മകൾ അന്യജാതിക്കാരനായ കാമുകനൊപ്പം പോകുമ്പോൾ , അവളെ കാണാനും സ്നേഹിക്കാനുമായി മതം മാറാൻ ശ്രമിക്കുന്ന ഒരച്ഛനും അമ്മയും. അതാണ് മക്കന. ഇന്ദ്രൻസും സജിത മഠത്തിലും ആണ് ഈ വേഷങ്ങളിൽ. സ്‌ക്രീനിൽ ഇന്ദ്രൻസിനെ കണ്ടപ്പോൾ മുഴുവൻ ചിന്തിച്ചത്, അസാധ്യമായ അഭിനയ സിദ്ധിയുള്ള ഈ മനുഷ്യനെയാണല്ലോ മലയാള സിനിമ സ്കിറ്റ് കോമഡികളിൽ തളച്ചു ഒട്ടുമുക്കാൽ കാലവും മൂലക്കിരുത്തിയത് എന്നാണ്. മകളെ നഷ്ടപെടുന്ന ഒരച്ഛന്റെ,

അതേ മകൾ സ്വന്തം ഇഷ്ടവും തീരുമാനങ്ങളും ഇടവും ഉള്ള ഒരു വ്യക്തിയാണെന്ന് തിരിച്ചറിയുന്ന ഒരു പച്ചയായ മനുഷ്യന്റെ , ഭാര്യയോട് ഒരിക്കൽപോലും വഴക്കടിക്കാത്ത ഭർത്താവിന്റെ, പിശുക്കനായ നിത്യക്കൂലിക്കാരന്റെ , മാടുപോലെ പണിയെടുക്കുന്നതുകൊണ്ട് മാത്രം ചിലർക്ക് പ്രിയങ്കരനായ കൂലിപ്പണിക്കാരന്റെ ഭാവ പകർച്ച ഇന്ദ്രൻസ് അതി ഗംഭീരമാക്കിയെന്ന് പറയാം.മലയാള സിനിമ ഈ നടനെ ഇനിയും ഒരുപാട് വേഷങ്ങളിൽ ആവശ്യപ്പെടേണ്ടിയിരിക്കുന്നു. സജിത മഠത്തിലും ഒപ്പം പിടിച്ചുനിൽക്കുന്നു.

മക്കൾ ഇതര മതസ്ഥനെ /യെ വിവാഹം ചെയ്ത് വരുമ്പോൾ സാധാരണ കാണാറുള്ള, ചെകിട്ടത്തടി, ചുമരിൽ ചുമ്മാ തൂക്കിയ തോക്കെടുത്തു ചൂണ്ടൽ, ചവിട്ടിപ്പുറത്താക്കൽ തുടങ്ങിയ സ്ഥിരം കലാപരിപാടികൾ ഒന്നും ഇല്ല എന്നത് വലിയ ആശ്വാസം.

സ്നേഹം ഒന്നുകൊണ്ട് മാത്രം മനുഷ്യരിൽ സംഭവിക്കുന്ന വൈകാരിക ഇടങ്ങൾ കൊണ്ട് സമ്പന്നമായ സിനിമയാണ് മക്കന. ആ ഒറ്റ കാരണം കൊണ്ട് തന്നെ സിനിമ കണ്ടിരിക്കാം.
ഒരു ചെറിയ ചിത്രത്തിനുണ്ടാകുന്ന ധാരാളം ടെക്നിക്കൽ പരിമിതികൾ ചിത്രത്തിനുണ്ട്. ഡബ്ബിങ്,
പശ്ചാത്തല സംഗീതം, പാട്ടുകൾ എന്നിവയൊക്കെ. സന്തോഷ്‌ കീഴാറ്റൂർ ചെയ്ത വേഷം അദ്ദേഹത്തിന്റെ പതിവ് മികവിൽ നിന്നും അല്പം താഴ്ന്നുപോയപോലെ തോന്നി. സാജൻ പള്ളുരുത്തി, നസീർ സംക്രാന്തി, ശാന്തകുമാരി, തെസ്നി ഖാൻ, കുളപ്പുള്ളി ലീല തുടങ്ങിയവരൊക്കെ മികച്ചു നിന്നു.
ഭർത്താവിനൊപ്പം ജീവിക്കാൻ അയാളുടെ മതത്തിലേക്ക്, സ്വന്തം പേരും അസ്ഥിത്വവും വരെ ഉപേക്ഷിച്ചു കൂടു മാറുന്ന നായിക പ്രകടിപ്പിക്കുന്ന വൈകാരികവും മാനസികവുമായ അസ്വസ്ഥത സ്വാഭാവികമായും പ്രേക്ഷകനും അനുഭവപ്പെടുന്നു. പക്ഷേ കഥാ പശ്ചാത്തലമായ ഗ്രാമാന്തരീക്ഷത്തിൽ അതൊരു യാഥാർഥ്യമാണെന്ന് അനുഭവങ്ങളും കേൾവികളും നമ്മളെ ബോധ്യപ്പെടുത്തും. അതേ സമയം പൊളിറ്റിക്കൽ കറക്ട്നെസ്സ്നു വേണ്ടി അതിനോട് ഒരു വ്യക്തി എന്ന നിലയിൽ വിയോജിക്കുകയും ചെയ്യുന്നു. മക്കന ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ്.എവിടെയൊക്കെയോ അത് നമ്മളെ തൊട്ട് കടന്നുപോകുന്നുണ്ട്.

ഫോർ യു ക്രിയേഷൻസിന്റെ ബാനറിൽ റഹിം ഖാദർ എന്ന നവാഗതനാണ് കഥ, തിരക്കഥ സംഭാഷണം എന്നിവയെഴുതി മക്കന സംവിധാനം ചെയ്തിരിക്കുന്നത്. അലി കാക്കനാട് ആണ് നിർമാണം