മകര സംക്രമ പൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ ശുദ്ധി ക്രിയകള്‍ക്ക് ഇന്ന് തുടങ്ങും

2211

സന്നിധാനം: മകര സംക്രമ പൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ ശുദ്ധി ക്രിയകള്‍ക്ക് ഇന്ന് തുടങ്ങും . ഇന്ന് പ്രാസദ ശുദ്ധിയും നാളെ ബിംബ ശുദ്ധിയും നടക്കും. മകര സംക്രമ പൂജയുടെ ഭാഗമായി നാളെ നട അടയ്ക്കില്ല. 15ന് പുലര്‍ച്ചെ 2.09ന് മകര സംക്രമ പൂജയ്ക്ക് ശേഷമാകും ഹരിവരാസനം പാടി തിരുനട അടയ്ക്കുക.

പ്രസാദ ശുദ്ധിക്രിയകളുടെ ഭാഗമായി ഗണപതി പൂജ, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശം, രക്ഷാകലശം, വാസ്തു പുണ്യാഹം എന്നീ ചടങ്ങുകളാണ് ഇന്ന് നടക്കുക. ബിംബ ശുദ്ധി ക്രിയകളുടെ ഭാഗമായി ചതുര്‍ ശുദ്ധി, ധാര, പഞ്ചകം, പഞ്ച ഗവ്യം, ഇരുപത്തഞ്ച് കലശം എന്നിവയും ഉണ്ടാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യ കര്‍മിഹത്വത്തിലാണ് ശുദ്ധി ക്രിയകള്‍ നടക്കുക. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 15 ന് പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ നടക്കുക.

ഈ സമയത്ത് സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേകദൂതന്‍വശം കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുക. മകരസംക്രമ പൂജ കണക്കിലെടുത്ത് 14ന് രാത്രി നടയടയ്ക്കില്ല.14 ന് വൈകിട്ട് 4ന് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴപൂജ കഴിഞ്ഞ് സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. 15 ന് പുലര്‍ച്ചെ 2.09 ന് സംക്രമപൂജ കഴിഞ്ഞ് 2.30ന് ഹരിവരാസനം പാടി നടയടയ്ക്കും.

പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടു വരുന്ന തിരുവാഭരണം ചാര്‍ത്തി 15ന് വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. തുടര്‍ന്ന് നട തുറക്കുന്നതോടെ ആകാശ നീലിമയില്‍ മകര സംക്രമ നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. 20ന് മാളിക പുറത്തു നടക്കുന്ന ഗുരുതിയ്ക്കും, 21 ന് പന്തളം രാജാവിന്റെ ദര്‍ശനത്തിനും ശേഷം രാവിലെ 7ന് നടയടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിക്കും.