പ്രകൃതി നൽകുന്ന തിരിച്ചടികൾ

412

നാം വീണ്ടും ഒരു പ്രകൃതി ദുരന്തത്തെകൂടി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ എന്തു കാരണം കൊണ്ടാണ് ഇത്രയും ഭീകരമായ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വീണ്ടും വീണ്ടും ഉണ്ടാകുന്നത് എന്നതിനെ കുറിച്ചുള്ള പരിശോധന അനിവാര്യമാണ്.

പ്രകൃതി അതിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ പർവതങ്ങളിൽ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംഭരണികൾ സൃഷ്ടിച്ചിട്ടുണ്ട്. അതാണ് വലിയ മലകൾക്കിടയിൽ കാണുന്ന അഗാത ഗർത്തങ്ങൾ അഥവാ കൊക്കകൾ. ഇത്തരം ഗർത്തങ്ങളിലും ചതുപ്പുകളിലും പ്രകൃതി മഴ കാലത്ത് സംഭരിക്കുന്ന ജലമാണ് മാസങ്ങൾ എടുത്ത് ഉറവരൂപത്തിൽ നദികളിൽ ഏത്തുന്നതും വേനൽ കാലത്ത് നാടിനെ വരൾച്ചയിൽ നിന്ന് രക്ഷിക്കുന്നതും, ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുവാൻ ആവശ്യമായ വെള്ളവും അതോടൊപ്പം പ്രകൃതിയുടെ സംതുലിതാവസ്‌ഥ നിലനിർത്താനാവശ്യമായ സാഹചര്യവും സൃഷ്ടിക്കുന്നതും.

മനുഷ്യൻ പ്രകൃതിയുടെ ഈ ജൈവ പ്രക്രിയയെ തകർക്കുന്ന സമീപനമാണ് കുറെ കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അമിതമായ വനം കൈയേറ്റവും അവിടെയുള്ള നിർമാണ പ്രവർത്തനവും ആണ് അതിന്റെ പ്രധാനകാരണം.

പഴയകാലത്ത് പ്രകൃതിയെയും അതിലുള്ള വനത്തെയും, മരങ്ങളെയും പാറകളെയും, ജീവികളെയും, നദികളെയും എല്ലാം ദൈവാംശമായ ആത്മാവിന്റെ വിവിധ രൂപങ്ങളായി കാണുകയും അതിന്റെ ഭാഗമായി അവയെ എല്ലാം ആരാധന മൂർത്തികളോ അല്ലെങ്കിൽ അവരുടെ ആസ്ഥാനമോ ആയി കരുതുകയും, ഭക്തിയുടെയും ആരാധനയുടെയും ഭാഗമായി അവയെ സംരക്ഷിക്കുകയും, അമിതമായ പ്രകൃതി ചൂഷണം ഓഴിവാക്കപ്പെടുകയും ചെയ്തിരുന്നു. വനത്തിനുള്ളിൽ ദേവാലയങ്ങൾ ഉണ്ടങ്കിൽ തന്നെ വളരെ ചെറിയ ഒരു തറയും അതിൽ ഒരു വിഗ്രഹവും മാത്രമായിരിക്കും.

എന്നാൽ ഇതിൽ നിന്ന് തുലോം വ്യത്യസ്തമായി അതിക്രൂരമായ പ്രകൃതി ചൂഷണമാണ് ഇപ്പോൾ നടക്കുന്നത്. ചില സമൂഹങ്ങൾ ആദ്യം വനം കൈയ്യേറി ചെറിയ ദേവാലയങ്ങൾ ഉണ്ടാക്കുന്നു. പിന്നീട് അവിടെ ആരാധന നടത്തുന്നതിന് ആളുകളെ സംഘടിപ്പിക്കുന്നതിന് വേണ്ടി സെറ്റിൽമെന്റ്കൾ വനം കൈയ്യേറി ഉണ്ടാക്കുന്നു. ഇതു നേരെ മറിച്ചും സംഭവിക്കാം. പിന്നീട് ആ ദേവാലയം ഒരു വലിയ കെട്ടിടമായി മാറുകയാണ്. ഇത് ഒരു ഭാഗത്ത് ചെയുന്നത് കാണുമ്പോൾ മറ്റുള്ളവരും അതേ പാത പിൻതുടരുന്നു. അതോടൊപ്പം ജീവനോപാധികൾ, ടൂറിസം തുടങ്ങിയ കാര്യങ്ങളുടെ മറവിൽ വലിയ റിസോർട്ട്കൾ, ലോഡ്ജുകൾതുടങ്ങിയവ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം നിർമാണങ്ങൾ നടക്കുന്നത് പ്രകൃതിയിലെ നീരൊഴുക്ക് തടഞ്ഞുകൊണ്ടായിരിക്കും. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പാറയും മറ്റും ലഭിക്കുന്നതിന് കൈയേറിയ ഇടങ്ങളിൽ കരിങ്കൽ ക്വാറികൾ ഉണ്ടാക്കുകയും പീന്നീട് ആ ക്വാറികൾ വ്യവസായിക അടിസ്ഥാനത്തിൽ ആയിരിക്കും നടത്തപ്പെടുന്നത്. ഇതിന്റെ എല്ലാം ഭാഗമായി പ്രകൃതി യുടെ ജലസംഭരണി ആയ അഗാത ഗർത്തങ്ങളുടെ ഭിത്തികളായി രൂപപെട്ടിട്ടുള്ള വലിയ മലകളെയായിരിക്കും തുരന്നിട്ടുണ്ടാവുക.

അതുമൂലം മഴപെയ്യുമ്പോൾ ഗർത്തങ്ങളിൽ സംഭരിക്കപ്പെടുന്ന വെള്ളത്തിന്റെ മർദ്ദം തങ്ങുവാൻ കഴിയാതെ പാറയും മലയും എല്ലാം കുത്തിയൊഴുകി താഴോട്ട് വരുകയും അതിലൂടെ പ്രകൃതിയെ നശിപ്പിച്ച് രൂപപ്പെട്ടിട്ടുള്ള സെറ്റിൽമെന്റ്കൾ ആകെ തകർന്ന് പോകുകയും ചെയ്യും. ഒരു തരം പ്രകൃതിയുടെ പ്രതികാരമാണ് ഉരുൾ പൊട്ടൽ.

അതുപോലെ മുള , ഈറ്റ, ചൂരൽ തുടങ്ങിയ പുൽ വർഗ്ഗങ്ങളുടെ നശീകരണം. ഉൾവനങ്ങളിൽ നിലനിൽക്കുന്ന പറകളെയും മണ്ണിനെയും എല്ലാം ഒഴുകി പോകാതെയും, ഇടിഞ്ഞുപോകാതേയും സംരക്ഷിക്കുന്നത് വലപോലെ വേരുകൾ ഉള്ള ഇത്തരം ചെടികളാണ്. പുറം കാടുകളിൽ വ്യാപകമായി ഉണ്ടായിരുന്ന ഇവയെല്ലാം കൈയേറ്റത്തിന്റെ ഫലമായി നശിപ്പിക്കപ്പെട്ടു. പുഴയുടെയും തോടുകളുടെയും നീരൊഴുക്ക് തടയുന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ. നദിയിൽ മലവെള്ളം അതിതീവ്രതയോടെ ഒഴുകിവരുമ്പോൾ അത് ഒരിക്കലും മനുഷ്യൻ തന്റെ ആവശ്യത്തിന് വേണ്ടി തിരിച്ചുവിട്ട വഴിയേ പോകുന്നില്ല. മറിച്ച് ആ നദി പൂർവ്വ കാലത്ത് ഏത് വഴിയേയാണോ ഒഴുകിയിരുന്നത് അതിലൂടെ തന്നെയാണ് പോകുന്നത്. ആ വഴിയിൽ മനുഷ്യൻ എന്തെല്ലാം നിർമാണ പ്രവർത്തനങ്ങൾ നടത്തിയോ അതിനെയെല്ലാം തകർത്ത് എറിഞ്ഞു കൊണ്ടായിരിക്കും ആ പോക്ക്. ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ടത് ദൈവകോപം ഒന്നും അല്ല മറിച്ച് മനുഷ്യന്റെ പ്രകൃതിക്ക് താങ്ങുവാൻ കഴിയാത്ത അമിത ചൂഷണമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം എന്നാണ്.

കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾക്കൊന്നും തന്നെ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറുവാൻ കഴിയില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി, പല താൽപര്യങ്ങളുടെയും പുറത്ത് മതജാതി സംഘടനകൾക്കും, വൻകിട കൈയേറ്റക്കാർക്കും പട്ടയവും, ക്വറി ലൈസൻസും നൽകുകയും അതു വഴി ചെറിയരീതിയിൽ കൃഷി ചെയ്ത് ജീവിക്കുന്നവരെ കൂടി ഉപദ്രവിക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ നഗര-ഗ്രാമ വികസന സങ്കല്പത്തെ സംബന്ധിച്ച് പുനർചിന്തനം ഈ അവസരത്തിൽ അനിവാര്യമാണ്. നവകേരള നിർമ്മിതിക്കായ് മലയാളി യത്നിക്കുമ്പോൾ അത് കാലാവസ്ഥാവ്യതിയാനം വന്ന് കൊണ്ടിരിക്കുന്ന വരുംകാലത്തെ അതിജീവിക്കുവാൻ കഴിയുന്നതായിരിക്കണം. നമ്മുടെ ടൗൺ പ്ലാനിങ്ങിൽ പുതിയ നിർമിതിയുടെ രീതി അനുവർത്തിക്കേണ്ടത് ശാസ്ത്രീയ പഠനത്തിൻറെ അടിസ്ഥാനത്തിൽ ആയിരിക്കണം. വലിയ മതിൽ കെട്ടുകൾ ഒഴിവാകേണ്ടത് ഒരുപ്രധാനഘടകമാണ്. റോഡുകൾ കൃത്യമായ മാനദണ്ഡത്തിൽ നിർമിക്കണം. വീടുകളും, ബഹുനില കെട്ടിടങ്ങളും ഓരോ സ്ഥലത്തും അനുയോജ്യമായരീതിയിൽ സർക്കാർ മാർഗ്ഗനിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ആയിരിക്കണം നിർമ്മിക്കേണ്ടത്. വെള്ളത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും, കാറ്റിന്റെ നിർഗമനത്തിനും അനുസരിച് ശാസ്ത്രീയ കാഴ്ചപ്പാടോടെ വേണം പുതിയനിർമിതികൾ ഉണ്ടാക്കുവാൻ. അതോടൊപ്പം വർഷക്കാലത്തെ അമിതമായ വെള്ളം ഒഴുകിവന്നാൽ അതിനായി പൂർവ്വകാലത്ത് പ്രകൃതി കരുതിവച്ചിരുന്നതും മനുഷ്യൻ കയ്യേറിനശിപ്പിച്ചതുമായ സ്ഥലങ്ങളെ തിരിച്ചുനൽകണം.

കാലാവസ്ഥ വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ചൂടുകൂടിയ അന്തരീക്ഷത്തിൽ ജീവിക്കുവാൻ അനുയോജ്യമായ രീതിയിൽ ഇപ്പോൾ പ്രളയജലത്തിലൂടെ ഒഴുകിവന്ന കളിമണ്ണിനെ നിർമിതികൾക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കണം. പ്രകൃതിയെ നോവിക്കാതെ, മാലിന്യ സംസ്കരണത്തിന് പ്രത്യേകപ്രാധാന്യം നൽകുകയും അവയിൽനിന്ന് ബൈപ്രോഡക്ട് ഉത്പാദിപ്പിക്കുവാനും കഴിയുന്ന തരത്തിൽ സംവിധാനം ഒരുക്കുവാൻ ശ്രദ്ധിക്കണം. കുടിവെള്ള വിതരണം എല്ലാവർക്കും ലഭിക്കുന്നരീതിൽ പ്രാദേശികമായ സംവിധാനങ്ങൾ ഒരുക്കണം. വൈദ്യുതിഉല്പാദനത്തിന് വൻകിടപദ്ധതികളെ ഒഴിവാക്കി സൗരോജ്ജത്തെയും, കാറ്റിലൂടെയും, പ്രാദേശികമായി നിർമ്മിക്കുന്ന ചെറുകിടപദ്ധതികളിലൂടെയും നടപ്പാക്കുവാൻ കഴിയണം. ഇന്ധനവിതരണം അതാത് പ്രദേശത്തെ മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ഗ്യാസ് ഉപയോഗിച്ച് കഴിയാവുന്ന പ്രദേശത്ത് എത്തിക്കുവാൻകഴിയുന്ന പദ്ധതികൾ ഉണ്ടാക്കണം.മനുഷ്യന് പേടികൂടാതെ ജീവിക്കുവാനും അവൻ്റെ സാമൂഹികാവശ്യങ്ങൾ നിറവേറ്റാനും കഴിയുന്ന സാഹചര്യം ഒരുക്കുന്നതായിരിക്കണം പുരോഗമനചിന്തയോടെയുള്ള വികസന സങ്കല്‌പം. നദീതടവും, മലയും, വയലും, തീരപ്രദേശവും കയ്യേറി പ്രകൃതിയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതായിരിക്കരുത് നവവികസനമാതൃക.

-വിപിൻ കുമാർ-