കെഎസ്ആർടിസി ശമ്പള പരിഷ്കരണ ചർച്ച വേഗത്തിലാക്കും

2131

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്കരണ ചർച്ച വേഗത്തിലാക്കൻ മന്ത്രിതല ചർച്ചയിൽ മുഖ്യമന്ത്രി നിർദേശം നൽകി. മധ്യപ്രദേശ് മോഡൽ യൂണിയനുകളുമായി ചർച്ച ചെയ്യണമെന്നാണ് യോഗത്തിൽ മുന്നോട്ടുവന്ന പ്രധാന നിർദേശം. ശമ്പള പരിഷ്കരണം  അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ അധിക ജീവനക്കാർക്ക് 50 ശതമാനം ശമ്പളം നൽകി ലീവിൽ പോകാൻ അനുവദിക്കുന്നതാണ് മധ്യപ്രദേശ് മോഡൽ. മന്ത്രിമാരുടെ ചർച്ചയിൽ മുഖ്യമന്ത്രിയാണ് നിർദ്ദേശം മുന്നോട്ടു വെച്ചത്. മുഖ്യമന്ത്രി ഇന്ന് ധന-ഗതാഗതമന്ത്രിമാരുമായി ചർച്ച നടത്തി.  

കണ്ടക്ടർ മെക്കാനിക്കൽ വിഭാഗത്തിൽ 7500-ഓളം  ജീവനക്കാർ അധികമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം മധ്യ പ്രദേശ് മോഡൽ അടിചേൽപ്പിക്കില്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.  ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഇത് സ്വീകരിക്കാം. കെഎസ്ആർടി സി എംഡി യൂണിയനുകളുമായി ചർച്ച തുടരും. ധനമന്ത്രിയും ഗതാഗത മന്ത്രിയും നാളെ വീണ്ടും ചർച്ച നടത്തും. കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ക്കരണ ചർച്ച തുടരാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.  ശമ്പള പരിഷ്കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം.