കെ റെയില്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത് റിയല്‍ എസ്റ്റേറ്റ് ലാഭക്കച്ചവടവും അഴിമതിയുമാകാം: പ്രശാന്ത് ഭൂഷണ്‍

16464

കണ്ണൂർ∙ റിയൽ എസ്റ്റേറ്റിലെ ലാഭക്കച്ചവടവും യന്ത്രങ്ങളുടെ ഇറക്കുമതിയിലെ അഴിമതിയുമാകാം കെ–റെയിൽ പദ്ധതിക്കു പിറകിലെ യഥാർഥ ലക്ഷ്യങ്ങളെന്നു സാമൂഹിക പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ പദ്ധതിയുടെ പേരില്‍ നഗരങ്ങളില്‍ നിന്ന് മാറിയുള്ള സ്റ്റേഷനുകള്‍ക്ക് സമീപം ഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ലാഭക്കച്ചവടം നടത്താം . യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ വന്‍കിട കരാറുകളുണ്ടാക്കി അഴിമതി നടത്താനും സാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലുള്ള റെയില്‍ പാത 10,000 കോടി രൂപയ്ക്കു വികസിപ്പിച്ച് കഴിഞ്ഞാല്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും. ഈ പദ്ധതി നിലവിലിരിക്കുമ്പോഴാണ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ കെ റെയില്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കുന്നത്. പദ്ധതിക്ക്പലിശ രഹിത വായ്പ എന്നത് വെറും വാക്കാണെന്നും വിദേശനാണ്യ വിനിമയ നിരക്കിലെ 56% വാര്‍ഷിക വര്‍ധന പരിഗണിച്ചാല്‍ തന്നെ വലിയ ബാധ്യതയുണ്ടാകുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കേരളത്തിലെ കക്ഷിരാഷ്ട്രീയ, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അതില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ജനാധിപത്യം അതി ഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വശത്താക്കുകയാണ്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. സമൂഹമാധ്യമങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നു എന്നും അദ്ദേഹം പറഞ്ഞു