കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ വന്‍പ്രതിഷേധം

2543

കോഴിക്കോട്: കോതിയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ കോപ്പറേഷന്‍ പരിധിയില്‍ ഇന്നും വ്യാപക പ്രതിഷേധം. രാവിലെതന്നെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി തടഞ്ഞിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും പണിക്കാരും എത്തിയതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 42 പേരാണ് കസ്റ്റഡിയിലുള്ളത്. 23 സ്ത്രീകളും 19 പുരുഷന്മാരുമാണ് കസ്റ്റഡിയിൽ.

പ്രദേശവാസികളുടെ എതിര്‍പ്പ് വകവെക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രതിക്ഷേധവുമായി എത്തിയത്. ജനവാസമേഖലയ്ക്ക് നടുവില്‍ പ്ലാന്‍റ് പണിയാന്‍ അനുവദിക്കില്ലെന്ന നിലാപാടിലാണ് ജനങ്ങള്‍.

കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെത്തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്‍റ് നിര്‍മാണമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമാപിക്കുമെന്നും സമരസമിതി വ്യക്തമാക്കി.

കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുകയാണ്. വീട്ടിലിരുന്ന സ്ത്രീകളെ അല്ല , സമരത്തിന് വന്നവരെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. എല്ലായിടത്തും ഉള്ള പദ്ധതിയാണിതെന്നും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും മേയര്‍ പറഞ്ഞു.

അതേസമയം നാളെ കോനിയിൽ ജനകിയ ഹര്‍ത്താല്‍ നടത്തും. കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം എന്നീ മൂന്നു വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്.