കൊടിയേരിക്കുപകരം ഇപി ജയരാജനെ വേണമെന്ന് പിണറായി വിഭാഗം; എം എ ബേബി മതിയെന്ന് പിണറായി വിരുദ്ധരും

6697

തിരുവനന്തപുരം:അസുഖബാധിതനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആക്ടിങ് സെക്രട്ടറിയെ ചൊല്ലി സിപിഎമ്മിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമായതായി സൂചന.ആക്ടിങ് സെക്രട്ടറിയായി മന്ത്രിയായ ഇ പി ജയരാജനെ കൊണ്ട് വന്ന് പകരം സ്വരാജിനെ മന്ത്രിയാക്കാനായിരുന്നു പിണറായി ഗ്രൂപ്പിന്റെ തീരുമാനം. എന്നാൽ എം എ ബേബിയെ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന ആവശ്യം മുറുകിയതോടെ ആക്ടിങ് സെക്രട്ടറി വേണ്ടെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തിയിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

മന്ത്രി സ്ഥാനം രാജിവെപ്പിച്ച് ഇ പി ജയരാജനെ ആക്ടിങ് സെക്രട്ടറിയാക്കയുന്നതിനെ സിപിഎം സെക്രട്ടറിയേറ്റിൽ ശക്തമായി എതിർത്തത് പി രാജീവാണെന്നും സൂചനയുണ്ട്. സിപിഎമ്മിനെ സംബന്ധിച്ച് വരാൻ പോകുന്ന ആറു മാസം നിർണായകമാണ്. ഇക്കാലയളവിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുക. അസുഖ ബാധിതനായതിനാൽ കോടിയേരിക്ക് വിശ്രമം നൽകിയാൽ പാർട്ടിയെ നയിക്കാൻ ആരുമില്ലാതെയാവും. പാർട്ടിയുടെ ബ്രാഞ്ച് തലം മുതൽ ആക്ടിങ് സെക്രട്ടറിമാരെ ചുമത്തപ്പെടുത്താറുണ്ട്.

എം എ ബേബി സിപിഎം സംസ്ഥാന സെക്രട്ടറിയായാൽ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മാറ്റം വന്നേക്കാം. അതാണ് പിണറായി ഗ്രൂപ്പിന്റെ ആശങ്കയും.ഇ പി ജയരാജൻ അല്ലെങ്കിൽ ആക്ടിങ് സെക്രട്ടറി വേണ്ടെന്ന നിലപാട് സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാനകമ്മിറ്റിയിലും ഭൂരിപക്ഷമുള്ള പിണറായി ഗ്രൂപ്പിന്റെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയാണ് ചെയ്തത്. ആക്ടിങ് സെക്രട്ടറിക്ക് പകരം കേന്ദ്ര കമ്മിറ്റിക്കായിരിക്കും കേരളത്തിൽ പാർട്ടിയുടെ ചുമതല. അപ്പോഴും പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ എങ്ങനെ നടത്തുമെന്ന ചോദ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.