കൊച്ചിയുടെ ശ്വാസകോശമായ മംഗളവനത്തെ രക്ഷിക്കുക

148

തീരപ്രദേശത്തു നിന്ന് അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക സ്വാഭാവിക പക്ഷിസങ്കേത കണ്ടൽ വനമാണ് ഹൈക്കോടതിക്ക് സമീപമുള്ള ഏഴ് ഏക്കറയിലധികം വരുന്ന മംഗളവനം.കൊച്ചിയുടെ ശ്വാസകോശമായ മംഗളവനത്തിന് പടിഞ്ഞാറ് കായലിന് അഭിമുഖമായി വാനോളം ഉയരെ കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ലാറ്റുകൾ ദേശാടന പക്ഷികൾക്ക് പറന്നിറങ്ങാനും പറന്നുയരാനും കഴിയാത്ത വിധം തടസ്സപ്പെടുത്തുകയും അവയുടെ സഞ്ചാരപഥത്തിൽ പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ പക്ഷികൾ മിക്കവാറും കൂടൊഴിഞ്ഞ് പോയിക്കഴിഞ്ഞു.

മംഗളവനത്തോട് ചേർന്ന 17.9 ഏക്കർ ഭൂമിയിൽ 3005 കോടി രൂപ മുതൽമുടക്കി സ്വകാര്യ പങ്കാളിത്തത്തോടെ
യാതൊരു പാരിസ്ഥിതിക ആഘാതപഠനവും സ്ഥലപരവും ഗതാഗതപരവുമായ ആലോചനകളുമില്ലാതെ
ആഢംബര നക്ഷത്ര ഹോട്ടലുകളും, കോർപറേറ്റ് ഓഫീസ് സമുച്ചയങ്ങളും മറ്റുമുൾപ്പെടുന്ന അന്തർദേശീയ കൺവെൻഷൻ സിറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.

കൊച്ചി ഇന്ന് നേരിടുന്ന രൂക്ഷമായ പ്രശ്നം അതിസങ്കീർണ്ണമായ ഗതാഗതക്കുരുക്കാണ്. നഗരത്തിന്റെ മുഴുവൻ ഭാഗങ്ങളും വാഹനങ്ങളാൽ തിങ്ങി നിറഞ്ഞ് സമ്പൂർണ്ണ സ്തംഭനാവസ്ഥയിലാണ്. ശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ബൈപാസിങ് റോഡുകൾ വികസിപ്പിക്കാതെയും കൊച്ചി നഗരത്തിന്റെ സ്ഥലപരമായ ഘടനയെ പരിഗണിക്കാതെയും അനുയോജ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും വീണ്ടും അനുവദിച്ച് നഗരത്തെ ഭയാനകമായി മലിനീകരിക്കുകയും ശ്വാസംമുട്ടിക്കുകയുമാണ്.

ഇതിനു പരിഹാരമായി ഒന്നിലധികം രീതിയിലുള്ള ഗതാഗത മാതൃകകൾ ഒരൊറ്റ യാത്രയിൽ ഉപയോഗിക്കുന്ന (intermodal transportation) ഏകോപിതവും ആധുനിക വുമായ ഒരു ഗതാഗത സംവിധാധമൊ മറ്റ് ശാസ്ത്രീയമായ റോഡ് വികസനമൊ കൊച്ചിയിൽ നാളിതുവരെ നടപ്പാക്കിയിട്ടില്ല.

നഗരത്തെ നിശ്ചലമാക്കുന്ന ഈ ഗതാഗതക്കുരുക്ക് ദിനംപ്രതി ചരക്കുനീക്കത്തെ ബാധിക്കുകയും സംഭരണവും ആവശ്യവും (supply and demand) എന്ന സുപ്രധാന വാണിജ്യ ഘടനയെ നിശ്ചലമാക്കുകയും നഗരത്തിൽ വലിയ സാമ്പത്തിക മുരടിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. ചെറുകിട വ്യാപാരികളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.ഈ സങ്കീർണ്ണ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ വൻ കൺവെൻഷൻ സിറ്റി പദ്ധതിയെ നാം വിലയിരുത്തേണ്ടത്.

ശാസ്ത്രീയമായ സാധ്യതാ പഠനങ്ങളൊ മുന്നൊരുക്കങ്ങളൊ കൃത്യമായ നഗരാസൂത്രണ മൊ ഇല്ലാതെ വൻ ബഹുനില കെട്ടിടങ്ങളും ഇടതൂർന്ന നിർമ്മിതികളും ഒഴുകി പരക്കുന്ന പട്ടണ മാലിന്യങ്ങളും ഇപ്പോൾ തന്നെ കൊച്ചിനഗരത്തിന്റെയും സമീപ പ്രദേശങ്ങളുടേയും മണ്ണും, വായുവും, വെള്ളവും മലീമസമാക്കി മനുഷ്യാധിവാസ യോഗ്യമല്ലാത്ത അഴുകിയ വെറും കോൺക്രീറ്റ് കാടാക്കിത്തീർത്തിട്ടുണ്ട്. കാൽനട പോലും അസാധ്യമാക്കുന്ന ഗതാഗത സ്തംഭനവും സ്ത്രീകളുടേയും കുട്ടികളുടേയും സ്വൈര സഞ്ചാരം അപകടത്തിലാക്കുന്ന നഗരത്തിരക്കും ഇരച്ചുകയറുന്ന വാഹനങ്ങളും എല്ലാം നിലനിൽക്കവെ ഇങ്ങനെ ഒരു ബൃഹദ് പദ്ധതി നഗരത്തെ സ്തംഭിപ്പിക്കുമെന്നു മാത്രമല്ല അതിന്റെ പ്രത്യാഘാതങ്ങൾ നിർവ്വചനാതീതമായിരിക്കും.

IIT യുടെയും CPCB (Central Pollution Control Board) ന്റേയും സംയുക്ത പഠനത്തിൽ കൊച്ചി നഗരം ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ പെടുന്നു. CEPI (Comprehensive Environmental Pollution Index) സൂചികയിൽ കൊച്ചി 24ാം സ്ഥാനത്താണ്. ഗുരുതരമായ ജലക്ഷാമം നേരിടുന്ന വൈപ്പിൻ, മുളവുകാട്, കടമക്കുടി തുടങ്ങിയ നഗര പ്രാന്തപ്രദേശവാസികൾ കുടിനീരിന് വേണ്ടി അധികൃതരോട് യാചിക്കുമ്പോൾ വൻതോതിൽ ജല ഉപയോഗം വേണ്ടിവരുന്ന കൺവെൻഷൻ സിറ്റി പദ്ധതി സ്ഥാപിക്കുന്നത് സാമാന്യജനതയോടുള്ള നിഷ്ഠൂരമായ അവഗണനയും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമായി മാത്രമെ കാണാൻ കഴിയൂ.

വിമാനത്താവള സാമീപ്യം അനിവാര്യമായ ഇത്തരം വൻകിട പദ്ധതികൾ നിർബന്ധമാണെങ്കിൽ നഗരത്തിന് പുറത്താണ് സ്ഥാപിക്കേണ്ടത്. റിയലെസ്റ്റേറ്റ് ലോബികളുടെ ഊഹക്കച്ചവടം കൊഴുപ്പിക്കുന്നതിന് വേണ്ടി മാത്രം വൻ നിർമ്മാണ പദ്ധതികൾ നഗരത്തിൽ കെട്ടി ഉയർത്തുന്ന, മനുഷ്യനെ അവന്റെ സമാധാനപരവും ആരോഗ്യപരവുമായ അതിജീവനത്തെ അപകടത്തിലാക്കുന്ന അപവികസന മാതൃകകളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്.മംഗളവനത്തിന്റെ നശീകരണവും അതിലെ ജൈവഹത്യയും നഗരത്തിന്റേയും പരിസര പ്രദേശങ്ങളുടേയും മനുഷ്യാധിവാസപരവും പാരിസ്ഥിതികവുമായ നിലനില്പിന്റെ തന്നെ നാശമായിത്തീരുമെന്ന്
മനസ്സിലാക്കേണ്ടതുണ്ട്.

കോടികൾ മുടക്കി നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവെ പാലമായ വല്ലാർപാടം റെയിൽപാലം ഉപയോഗശൂന്യമായി ദേശീയ നഷ്ടമായി കിടക്കുന്നു. ആർപ്പുവിളികളുമായി ആനയിച്ചുകൊണ്ടു വന്ന മെട്രൊ റയിൽ പ്രായോഗിക തലത്തിൽ പരാജയപ്പെട്ട് മറ്റൊരു വികസന ദുരന്തമായിക്കഴിഞ്ഞിരിക്കുന്നു.
ഇനിയും വായ്പയുടേയും കോഴാധിഷ്ഠിത വികസനത്തിന്റേയും ശവപ്പറമ്പാക്കാതെ ഈ കൊച്ചു തീരദേശ നഗരത്തെ അതിന്റെ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ പരിഗണിച്ച് ശാസ്ത്രീയവും മനുഷ്യോ ചിതവുമായ വികസനങ്ങൾ നടപ്പാക്കപ്പെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണെന്ന്
ജോർജ്ജ് കാട്ടുനിലത്ത് (ചെയർമാൻ) പി.എ.പ്രേംബാബു(കൺവീനർ)എന്നിവർ പറഞ്ഞു

സമഗ്ര വികസനത്തോടൊപ്പം നമ്മൾക്കും വരുംതലമുറകൾക്കും ശുദ്ധവായു, കുടിവെള്ളം, ഗതാഗതക്കുരുക്കിൽ നിന്നുള്ള മോചനം, സ്ത്രീ സുരക്ഷ തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ജനകീയ മുന്നേറ്റത്തിൽ എല്ലാ മാധ്യമങ്ങളുടേയും, ജനാധിപത്യ – ബഹുജന സംഘടനകളുടേയും, പൊതുജനങ്ങളുടെയും പിന്തുണയും സർക്കാരിന്റെ അനുകൂലവും പ്രയോജനപ്രദവുമായ തീരുമാനവും പ്രതീക്ഷിക്കുന്നുയെന്ന് മംഗളവനം സംരക്ഷണ സമിതി വ്യക്തമാക്കി