കുൽഭൂഷൺ യാദവിൻ്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

96

ഹേഗ്: കുൽഭൂഷൺ യാദവിന്‍റെ വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര കോടതി അംഗീകരിച്ചു. പാക്കിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ പുനഃപരിശോധിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കുൽഭൂഷൺ യാദവിന് നീതിയുക്തമായ വിചാരണ ഉറപ്പാക്കണം. 16 ജഡ്ജിമാരുടെ പാനലിൽ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

വിയന്ന കരാറിന്‍റെ വെളിച്ചത്തിൽ കുൽഭൂഷൺ യാദവിനെതിരായ വിധി പുനഃപരിശോധിക്കുന്നു വരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കുൽഭൂഷൺ യാദവിന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുൽഭൂഷണെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. അതേസമയം, അദ്ദേഹത്തെ ഉടൻ വിട്ടയയ്ക്കാനുള്ള നിര്‍ദ്ദേശം കോടതിവിധിയിലില്ല.

പട്ടാള വിചാരണ നേരിട്ട് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കുൽഭൂഷൺ യാദവിന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കാണാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് വിയന്ന കരാര്‍ ലംഘനമാണെന്നായിരുന്നു ഇന്ത്യയുടെ വാദം. വധശിക്ഷ റദ്ദാക്കിയതോടെ യാദവിന്‍റെ കേസ് സിവിൽ കോടതിയിൽ പരിഗണിക്കാൻ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. ഇതോടൊപ്പം അദ്ദേഹത്തിന് ഇന്ത്യയിൽ നിന്നുള്ള നിയമസഹായവും നയതന്ത്രസഹായവും ലഭ്യമാക്കണം.

പാക്കിസ്ഥാൻ വിയന്ന കരാര്‍ ലംഘിച്ചു എന്ന വാദത്തിലാണ് ഇന്ത്യ മുറുകെപ്പിടിച്ചിരുന്നത്. കുൽഭൂഷൺ യാദവിനെ അറസ്റ്റ് ചെയ്ത വിവരം പാക്കിസ്ഥാൻ മറച്ചു വെച്ചെന്നും ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചില്ലെന്നുമാണ് ഇന്ത്യ ആരോപിച്ചത്. ഒരു പൗരന് സ്വാഭാവികമായി ലഭിക്കേണ്ട നിയമസഹായം ലഭിച്ചില്ലെന്നും ഇന്ത്യ കോടതിയെ അറിയിച്ചു. എന്നാൽ കുൽഭൂഷൺ യാദവ് ചാരപ്രവൃത്തി ചെയ്യുകയായിരുന്നുവെന്നും അത്തരക്കാര്‍ക്ക് വിയന്ന ഉടമ്പടി ബാധകമല്ലെന്നുമായിരുന്നു പാക്കിസ്ഥാൻ്റെ വാദം. എന്നാൽ ഈ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.