ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

5882

കൊച്ചി: സംസ്‌ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമാക്കി, ഖാദര്‍ കമ്മിഷന്‍ റിപ്പോര്ട്ടിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സർക്കാർ തുടങ്ങിവെച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ ഏകപക്ഷീയമാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ. ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്.

പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ്, ഹയർ സെക്കൻഡറി ഡയറക്റ്ററേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്റ്ററേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മിഷന്‍റെ പ്രധാന ശുപാര്‍ശ.
സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൽ നിക്ഷിപ്തമാക്കണമെന്നുമായിരുന്നു കമ്മിഷന്‍ ശുപാര്‍ശ. കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഒരു പൊതുവിദ്യാഭ്യാസ ഡയറക്റ്ററെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.

ഖാദര്‍ കമ്മീഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ അധ്യാപകസംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്ക് യുഡിഎഫ് നേരത്തെ തന്നെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

. .