കേരളത്തിലെ കുഴപ്പക്കാരായ പോലീസുദ്യോഗസ്ഥർ ആരൊക്കെ? വിഎസ് അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻ എഴുതുന്നു

207

കേരളത്തിലെ കുഴപ്പക്കാരായ പോലീസുദ്യോഗസ്ഥർ ആരൊക്കെ? തെളിവുകൾ സഹിതം മുൻമുഖ്യമന്ത്രി വിഎസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻ എഴുതുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ താഴെ:

“പീരുമേട്ടിൽ രാജ് കുമാർ എന്ന മനുഷ്യനെ പച്ചക്ക് ഉരുട്ടിക്കൊന്ന, അയാളുടെ മൃതദേഹത്തിലെ മുറിവുകൾ മായാൻ മൃതദേഹം മോർച്ചറിയിൽ വക്കാതെ ജീർണ്ണിപ്പിക്കാൻ ശ്രമിച്ച, അയാളുടെ സ്വകാര്യ ഭാഗങ്ങളിൽ കാന്താരിമുളക് തേച്ച കാട്ടാളന്മാരായ പോലീസിന്റെ കൊടും ക്രൂരതയെ കുറിച്ച് കേട്ട് വിറങ്ങലിച്ചിരിക്കയാണ് നാമെല്ലാം.

ആ പോലീസിന്റെ അതിക്രമങ്ങളെ കുറിച്ച് കേട്ടപ്പോൾ ” ഹൊ പോലീസിന്റെ അതിക്രമങ്ങളെ പറ്റി പറയുന്ന കേക്കുമ്പോ എനിക്ക് ത്ഫു …. ഓക്കാനോം മനം മറിച്ചിലും വരുന്നു. ഇങ്ങനെ ഓക്കാനിച്ചെന്ന് പറഞ്ഞേര് നിങ്ങള്. നിങ്ങളെനിക്കിട്ട് ഒണ്ടാക്കുവല്ലോ എനിക്കറിയാം” എന്ന് പറയുന്ന, ഇടുക്കിയിൽ നിന്നുള്ള ഒരു മന്ത്രി!!!!

ഈ പശ്ചാത്തലത്തിൽ
“കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർ, അവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും, അവരെ ഒരിക്കലും സംരക്ഷിക്കില്ല” എന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും യാഥാർത്യവും തമ്മിലുള്ള ദൂരം എത്രയെന്ന് നോക്കാം.

 • ടോമിൻ തച്ചങ്കരി, എ ഡി ജി പി.
  അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ നേരിടുന്നു. ഒന്നിലധികം തവണ സസ്പൻഷൻ നേരിട്ടു.പ്രകാശൻ എന്നൊരു ആലപ്പുഴക്കാരനെ അതിക്രൂരമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥൻ. ഒട്ടേറെ അഴിമതി ആരോപണങ്ങൾ നേരിട്ടു. വിദേശത്ത് നിന്ന് ഇലക്ട്രോണിക് ഉല്പന്നങ്ങൾ കടത്തി എന്ന ആരോപണം പോലും നേരിട്ടു.എക്കാലത്തും പൊന്ന് പോലെ സംരക്ഷിച്ചത് സി പി എം.
 • എസ് ശ്രീജിത്ത്, ക്രൈംബ്രാഞ്ച് ഐജി.
  അനധികൃത സിം കാർഡ് ഉപയോഗിച്ചതിനും, സഹപ്രവർത്തകനായ ഒരു ഡിവൈഎസ്പിയെ കൈക്കൂലി കേസിൽ കേസിൽ കുടുക്കാൻ ശ്രമിച്ചതിനും, റൗഫ് എന്ന ഇടനിലക്കാരനുമായി നിരന്തര സമ്പർക്കം പുലർത്തിയതിനും, കോഴിക്കോട് സ്വദേശിയുടെ കുടകിലെ ഭൂമി തട്ടിയെടുക്കാൻ ഒത്താശ ചെയ്തതിനും, ഡിഐജിയായിരുന്നപ്പോൾ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ. ഇടക്കൊച്ചി സ്വദേശിയുടെ ഭൂമി കയ്യേറിയ കേസിൽ പ്രതിയായി വിചാരണ നേരിടുന്നു.ഇടത്-വലത് സർക്കാരുകളുടെ സംരക്ഷണം.
 • പാലക്കാട് പുത്തുർ ഷീല വധക്കേസിൽ പ്രതിയായ സമ്പത്ത് കസ്റ്റഡി മരണക്കേസിൽ പ്രതികളായിരുന്ന എ ഡി ജി പിമാരായ മുഹമ്മദ് യാസിനും വിജയ് സാക്കറെക്കും സമ്പൂർണ്ണ രാഷ്ട്രീയ സംരക്ഷണം. രണ്ട് പേരും കുറ്റവിമുക്തർ.
 • 2011 ൽ മാതൃഭൂമി ലേഖകനായ വി ബി ഉണ്ണിത്താനെ, പോലീസ് ഉദ്യോഗസ്ഥരുടെ മദ്യപാന പാർട്ടി റിപ്പോർട്ട് ചെയ്തതിന് പ്രതികാരം തീർക്കാൻ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മൃഗീയമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ റഷീദിനെ, സർവ്വീസിലെടുത്ത് എസ്പിയായി സ്ഥാനക്കയറ്റം നൽകി ഉന്നത സ്ഥാനത്ത് പിണറായി സർക്കാർ നിയമിച്ചു.
 • പോലീസ്കാരനായ ഗവാസ്ക്കറെ മർദ്ദിച്ച് പരിക്കേല്പിച്ച മകളെ രക്ഷിക്കാൻ എല്ലാ ഒത്താശയും ചെയ്ത എ ഡി ജി പി സുധേഷ് കുമാറിന് ഉന്നത സ്ഥാനത്ത് നിയമനം.
 • ശ്രീജിവ് എന്ന യുവാവിനെ ജയിലിൽ തല്ലിക്കൊന്നതിന് ശേഷം, അണ്ടർവെയറിൽ കീടനാശിനി സൂക്ഷിച്ച് ജയിലിൽ കിടക്കുമ്പോൾ കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്ക് സർക്കാർ ഒത്താശയും സംരക്ഷണവും.
 • പാർടി നേതാക്കളുടെ നിർദ്ദേശ പ്രകാരം വരാപ്പുഴയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ തല്ലിക്കൊന്നതിൽ മുഖ്യ പ്രതിയെന്ന് ജനം വിശ്വസിക്കുന്ന എ വി ജോർജ്ജ് എന്ന പോലീസ് ഉദ്യോഗസ്ഥനെ തിരികെ സർവ്വീസിലെടുക്കുകയും ഡിഐജിയായി സ്ഥാനക്കയറ്റം നൽകി കോഴിക്കോട് കമ്മീഷണറായി നിയമനം നൽകുകയും ചെയ്തു പിണറായി സർക്കാർ.
 • പീരുമേട്ടിലെ രാജ് കുമാറിനെ അതിക്രൂരമായി ഉരുട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ എസ് പി വേണുഗോപാലിന് മന്ത്രി എം എം മണിയുടെ പരസ്യ പിന്തുണ.

മനുഷ്യരെ അടിച്ചും ഇടിച്ചും ഉരുട്ടിയും കൊല്ലുന്ന,
സ്വകാര്യ വ്യക്തികളുടെ ഭൂമി കയ്യേറുന്ന, അഴിമതി നടത്തുന്ന,
അഴിമതി കേസിൽ വിചാരണ നേരിടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കാർക്കും ഒരു ചുക്കും സംഭവിക്കുന്നില്ല. അവരെല്ലാം സുരക്ഷിതർ, സർവ്വതന്ത്ര സ്വതന്ത്രർ.

മറുഭാഗത്ത്,
സാധാരണ മനുഷ്യർ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു. പിണറായി അധികാരത്തിൽ കയറിയതിന് ശേഷം, നേരിട്ടും അല്ലാതെയും പോലീസുകാർ പ്രതികളാകുന്ന കൊലപാതകങ്ങൾ 24:

 1. 2016 സെപ്തം 11,അബ്ദുൾ ലത്തീഫ് ,വണ്ടൂർ.
 2. 2016 ഒക്ടോ 8, കിളിമുത്തു, തലശ്ശേരി.
 3. 2016 ഒക്ടോ 26, കുഞ്ഞുമോൻ, കുണ്ടറ.
  4.2016 നവം 24, അജിത, നിലമ്പൂർ.
 4. 2016 നവം 24,കുപ്പുദേവരാജ്, നിലമ്പൂർ.
 5. 2017 ഫെബ്രു 12, ബെന്നി, അട്ടപ്പാടി.
  7.2017 ജൂലൈ 17, വിനായകൻ, പാവറട്ടി.
  8.2017 ജൂലൈ 23, ബൈജു, പട്ടിക്കാട്.
 6. 2017 ജൂലൈ 29, സാബു, പെരുമ്പാവൂർ.
  10.2017 സെപ്തം 3, വിക്രമൻ, മാറനല്ലൂർ.
 7. 2017 സെപ്തം 7,രാജൂ ,നൂറനാട്.
  12.2017 ഡിസം 4, രജീഷ്, തൊടുപുഴ.
  13.2018 മാർച്ച് 11, സുമി, കഞ്ഞിക്കുഴി.
  14.2018 മാർച്ച് 11,ബിച്ചു, കഞ്ഞിക്കുഴി.
  15.2018 മാർച്ച് 23. അപ്പുനാടാർ, വാളിയോട്.
 8. 2018 ഏപ്രിൽ 8. സന്ദീപ്, കാസർകോഡ്.
  17.2018 ഏഴിൽ 14.ശ്രീജിത്ത്, വരാപ്പുഴ.
  18.2018 മെയ് 1, മനു, കൊട്ടാരക്കര.
  19.2018 മെയ് 2.ഉനൈസ്, പിണറായി.
  20.2018 ഏപ്രിൽ 3,അനീഷ്, കളിയിക്കാവിള.
  21.2018 നവം 3. സ്വാമിനാഥൻ, കോഴിക്കോട്.
  22.2019 മാർച്ച് 7. സി പി ജലീൽ, വയനാട്.
  23.2019 മെയ് 19. നവാസ്, കോട്ടയം.
  24.2019 ജൂൺ 21.രാജ് കുമാർ, പീരുമേട്.
  (കടപ്പാട്: ഷഫീഖ് താമരശ്ശേരി, ഡൂൾ ന്യൂസ് ).

പോലീസുകാർ ജനങ്ങളെ തല്ലിയും, ഇടിച്ചും, ഉരുട്ടിയും, വെടിവച്ചും കൊല്ലുകയാണ്. ജനങ്ങളെ തല്ലിയും, ഇടിച്ചും, ഉരുട്ടിയും, വെടിവച്ചും കൊല്ലുന്ന പോലീസിനെ സ്വന്തം ചിറകിനടിയിൽ ഭദ്രമായി സംരക്ഷിക്കുകയാണ് ഭരണകൂടം.

ജനങ്ങളെ സംരക്ഷിക്കാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല. ഒരു കൊല നടന്നു കഴിഞ്ഞാൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ദുർബ്ബല പ്രതിക്ഷേധം.പിന്നെ നിശബ്ദത, കുറ്റകരമായ നിസ്സംഗത. അത് കഴിഞ്ഞാൽ അടുത്ത കൊല. അതാണ് ഇന്നത്തെ രീതി.

പോലീസ് ജനങ്ങളെ ദയാദാക്ഷീണ്യമില്ലാതെ കൊന്ന് തള്ളുകയാണ്.
സംരക്ഷണം ഭരണകൂടത്തിന്റെയാണ്.വരിയുടക്കപ്പെട്ടതാണ് പ്രതിപക്ഷം.

പോംവഴികളെ കുറിച്ച് ചിന്തിച്ചേ മതിയാകൂ.
ജീവിക്കാനുള്ള മനുഷ്യന്റെ ഭരണഘടനാവകാശം സംരക്ഷിച്ചേ തീരൂ.

ഒരു പുതിയ ജനകീയ പ്രസ്ഥാനത്തിലൂടെ മാത്രമേ അതിന് കഴിയു.
ആ പ്രസ്ഥാനത്തിന്റെ സൃഷ്ടിക്കായി കൈയ് മെയ് മറന്ന് പ്രവർത്തിക്കുക എന്നത് മാത്രമാണ്, മുന്നിലുള്ള ഏക പോംവഴി.
അത് മാത്രമാണ് വഴി, രക്ഷാമാർഗ്ഗം !”