സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

40014


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ഇടിവ്. ചൊവ്വാഴ്ചത്തെ സ്വര്‍ണവില കഴിഞ്ഞ മൂന്ന് ദിവസത്തെ സ്വര്‍ണ വിലയെ അപേക്ഷിച്ച്‌ കുത്തനെ കുറഞ്ഞു.പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്തുനേടിയതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,809.40 ഡോളര്‍ നിലവാരത്തിലാണ്.

രാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂചേഴ്‌സ് വില 0.07ശതമാനം ഉയര്‍ന്ന് 47,958 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വിലവര്‍ധനവുണ്ടായി.അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതിനാല്‍ മലയാളികളുടെ നല്ലൊരു നിക്ഷേപമായി സ്വര്‍ണം മാറുന്നു. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണ വിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.