ഒന്നിച്ചു നിന്ന് നമുക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാം: മുഖ്യമന്ത്രി

24834

കോവിഡ് – ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി 12.03.2020ന് നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പൂർണ രൂപം

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചരണങ്ങളും സമൂഹത്തില്‍ നടക്കുന്ന ഒരു ഘട്ടമാണിത്. അടിസ്ഥാനരഹിതമായതു മുതല്‍ ആശങ്കാജനകമായതു വരെ പ്രചാരണങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളില്‍ അതിരുകടന്ന ആശങ്ക പടരുന്നുവോ എന്നു സംശയിക്കേണ്ട സാഹചര്യവുമുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ സ്ഥിതി ഈ സഭയെയും സഭയിലൂടെ ജനങ്ങളെയും അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തുന്നത് എന്ന് ആമുഖമായി അറിയിക്കട്ടെ. ഒപ്പം തന്നെ പ്രാമുഖ്യത്തോടെ അറിയിക്കേണ്ട ഒരു കാര്യം അതിരുവിട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നതും ആ സ്ഥാനത്ത് വേണ്ടത് കാര്യമായ ജാഗ്രതയാണ് എന്നതുമാണ്.

പുതിയ ഈ വൈറസ് ബാധമൂലം ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള കോവിഡ് 19 എന്ന രോഗം കേരളത്തിലും എത്തി എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. അതിനെ പ്രതിരോധി ക്കാന്‍ കര്‍ശനമായ ജാഗ്രത നാം പാലിച്ചു. ഇതു മുന്‍നിര്‍ത്തി സമൂഹത്തെയാകെ ജാഗ്രതപ്പെടുത്തി. 

സമൂഹമാകട്ടെ എല്ലാ അര്‍ത്ഥത്തിലും അത് ഉള്‍ക്കൊള്ളുകയും ചെയ്തു. ഇതിനോടൊപ്പം ആരോഗ്യരംഗത്തടക്കം സര്‍ക്കാര്‍ എല്ലാ വിധത്തിലും സജ്ജമാവുക കൂടി ചെയ്തതോടെ ആശങ്കയുടെ കരിനിഴല്‍ ഒട്ടൊന്ന് ഒഴിഞ്ഞു. എങ്കില്‍പ്പോലും സൂക്ഷ്മമായ ജാഗ്രത പാലിക്കേണ്ട അവസ്ഥ നിലനില്‍ക്കുന്നു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള സ്ഥിതി, രോഗവ്യാപനം തടയുന്നതിനും രോഗബാധിതരുടെ ചികിത്സയ്ക്കും സ്വീകരിച്ചിട്ടുള്ള നടപടികള്‍ തുടങ്ങിയവ ഹ്രസ്വമായി അറിയിക്കട്ടെ. 

ആഗോളതല രോഗവ്യാപനവും കേരളത്തിലെ മുന്നൊരുക്കവും
ചൈനയിലെ ഹൂബൈ പ്രവിശ്യയിലെ വുഹാന്‍ സിറ്റിയില്‍ പടര്‍ന്നു പിടിച്ച ന്യുമോണിയ രോഗം ഒരു പുതിയ തരം കൊറോണ വൈറസ് (നോവല്‍ കൊറോണ വൈറസ്,) മൂലമാണെന്ന് തിരിച്ചറിഞ്ഞത് 2019 ഡിസംബര്‍ അവസാനത്തോടെയാണ്. ഇത് അതിവേഗം മറ്റു 105 രാജ്യങ്ങളിലേക്കു പടര്‍ന്നു പിടിക്കുകയും നാലായിരത്തോളം പേര്‍ മരണമടയുകയും ചെയ്തു. 

ഈ രോഗം ആഗോളതലത്തില്‍ ഭീഷണിയായി മാറുന്നതു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ടു. 2020 ജനുവരി 18നും 22നും ഇടയ്ക്കുതന്നെ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും എല്ലാ ജില്ലകളിലും എത്തിച്ച് ജില്ലാതല ആരോഗ്യ സംരക്ഷണസംവിധാനത്തെ സുസജ്ജമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിഭാഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ചൈനയില്‍ നിന്നുള്ള വാര്‍ത്ത വന്നുതുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനതല ദ്രുതകര്‍മ്മസേന യോഗം ചേര്‍ന്ന  രോഗനിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണര്‍ത്തലിനുമുള്ള മാര്‍ഗരേഖകള്‍ എന്നിവ തയ്യാറാക്കി ജില്ലകള്‍ക്ക് നല്‍കി.
തുടര്‍ന്ന് ചൈനയില്‍ നിന്ന് മടങ്ങുന്ന എല്ലാ യാത്രക്കാരുടെയും സ്‌ക്രീനിംഗ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖത്തും ആരംഭിച്ചു. സാധ്യമായ എല്ലാ കേസുകളുടെയും കോണ്ടാക്റ്റ് ട്രെയ്‌സിംഗും ലൈന്‍ ലിസ്റ്റിംഗും സംസ്ഥാന, ജില്ലാ ഐഡിഎസ്പി സെല്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ചൈനയില്‍ നിന്നു വരുന്ന എല്ലാ യാത്രക്കാരെയും തീവ്രമായി നിരീക്ഷിക്കാന്‍ പെരിഫറല്‍ ഹെല്‍ത്ത്  ടീമുകളെ സജ്ജമാക്കി. 

ആഗോളതലത്തില്‍ രോഗം കൂടുതല്‍ വ്യാപിക്കുകയും വിദേശത്തുനിന്നെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗബാധ കേരളത്തിലും എത്താനുള്ള സാദ്ധ്യത പരിഗണിച്ച് മെഡിക്കല്‍കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ബന്ധപ്പെട്ട ജില്ലകളിലെ പ്രധാന സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ സൗകര്യം ഒരുക്കാന്‍ ഡിഎംഒമാരോട് നിര്‍ദേശിച്ചു.  ആശുപത്രി ഐസൊലഷന്‍/ഹോം കോറന്റൈരന്‍ നടപടികള്‍ക്ക് വേണ്ട സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങളും അയച്ചുകൊടുത്തു. 2020 ജനുവരി 24നു തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ വിവിധ ഉപഘടകങ്ങളെ ചേര്‍ത്തു കൊണ്ട് പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കി. തുടര്‍ന്ന് ജനുവരി 28നു സംസ്ഥാന കണ്‍ട്രോള്‍ റൂമിന് സമാനമായ രീതിയില്‍ ജില്ല തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്താവള നിരീക്ഷണം ആരംഭിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു. എല്ലാ ജില്ലകളിലെയും ഐസോലെഷന്‍ റൂമുകളുടെ സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ വിലയിരുത്തി. ജനുവരി 25നു തന്നെ എല്ലാ ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് പ്രാദേശികമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

രോഗബാധ കേരളത്തില്‍

ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ നോവല്‍ കൊറോണ വൈറസ് ബാധയുണ്ടായത് കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.  ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയതും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നതുമായ വിദ്യാര്‍ത്ഥിനിക്കാണ് ആദ്യ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം ഉടന്‍ തന്നെ ആരോഗ്യമന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

ആരോഗ്യവകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ ആദ്യ കേസോടെ തന്നെ രോഗം തിരിച്ചറിയാന്‍ പറ്റി. ഇതിലൂടെ രോഗപ്പകര്‍ച്ച തടയുന്നതിനും ആരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. അടിയന്തര സംസ്ഥാന, ജില്ലാതല ആര്‍.ആര്‍.ടി.കള്‍ (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) വേഗം തന്നെ വിളിച്ചു ചേര്‍ക്കുകയും ആരോഗ്യമന്ത്രി, സെക്രട്ടറി, ഡിഎച്ച്എസ് എന്നിവര്‍ അതേ ദിവസം തന്നെ തൃശൂര്‍ ജില്ല സന്ദര്‍ശിക്കുകയും ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ വേഗത്തില്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
2020 ഫെബ്രുവരി ഒന്നു മുതല്‍ എന്‍സിവി സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റില്‍ ക്രമീകരണങ്ങള്‍ നടത്തി. സംസ്ഥാന, ജില്ലാ കണ്‍ട്രോള്‍ റൂമുകളും കോള്‍ സെന്റ്‌റുകളും രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തനക്ഷമമാക്കി.
നിയുക്ത ആശുപത്രികളില്‍ കൂടുതല്‍ ഐസോലേഷന്‍ സൗകര്യങ്ങള്‍ തയ്യാറാക്കുകയും എല്ലാ ജില്ലകളിലെയും രണ്ട് ആശുപത്രികളെങ്കിലും ഐസോലെഷനും രോഗലക്ഷണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു പ്രാപ്തമാക്കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങളനുസരിച്  രോഗലക്ഷണങ്ങളുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളെ സജ്ജരാക്കാന്‍  ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിലെ രണ്ടാമത്തെ നോവല്‍ കൊറോണ വൈറസ് ബാധിച്ചതായുള്ള സ്ഥിരീകരണം പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വന്നത്. നോവല്‍ കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഈ വിദ്യാര്‍ത്ഥി  ചൈനയില്‍ നിന്നും വന്നശേഷം ജനുവരി 24 മുതല്‍ ആലപ്പുഴയില്‍ ഐസൊലേഷന്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി മൂന്നിന് വുഹാനില്‍ നിന്നുള്ള യാത്രാ ചരിത്രമുള്ള കാസര്‍കോഡ് നിവാസിയായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തി. അതേ തുടര്‍ന്ന് കൊറോണ വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളും അവലോകനവും കൂടുതല്‍ ശക്തമാക്കുകയും സംസ്ഥാന വിപത്തായി പരിഗണിച്ചുള്ള ജാഗ്രതാ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എല്ലാ സിനിമാ തിയേറ്ററുകളിലും കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വീഡിയോകള്‍ പ്രക്ഷേപണം ചെയ്തു. എല്ലാ വാര്‍ത്താ ചാനലുകളും എഫ്എമ്മും രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തു വരുന്നു. അവബോധ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ചു. 40 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക്  ആരോഗ്യവകുപ്പ് സ്മാര്‍ട്ട് ക്ലാസ് മുറികളിലൂടെ അവബോധം നല്‍കുകയുണ്ടായി. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും കര്‍ശന നിരീക്ഷണം ഉറപ്പാക്കി. തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് നിയമനടപടികള്‍ സ്വീകരിച്ചു. ശ്രദ്ധാപൂര്‍വ്വമായ നടപടികളെ തുടര്‍ന്ന് കൂടുതല്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുകയും ഫെബ്രുവരി രണ്ടും മൂന്നും ആഴ്ചകളിലായി ആദ്യ ഘട്ടത്തിലുള്ള മൂന്നുപേര്‍ക്കും  രോഗം ഭേദമാവുകയും അവര്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും ജാഗ്രതാ നടപടികള്‍ തുടര്‍ന്നു.

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത്, ഇറാനില്‍ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യാന്‍ ഗവ. നിര്‍ദ്ദേശിച്ചു. ചൈന, ഹോങ്കോംഗ്, തായ്‌ലന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് ഹോം ഐസോലെഷന്‍ നിര്‍ബന്ധമാക്കി.
ഫെബ്രുവരി 29ന് ഇന്ത്യാ ഗവണ്മെവന്റിന്റെ ജോയിന്റ് സെക്രട്ടറി സംസ്ഥാനം സന്ദര്‍ശിക്കുകയും സംസ്ഥാനം നടത്തിയ തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ദുബ എല്ലാ സംസ്ഥാനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കേരള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ഒരു ലഘു അവതരണം നടത്താന്‍ ആവശ്യപ്പെട്ടു. കേരളം വികസിപ്പിച്ച എസ്.ഒ.പി. (Standard Operating Procedure)പിന്തുടരാന്‍ എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധപ്രവര്‍ത്തനങ്ങളിലും മറ്റും ഇതര സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കാനും നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും  ഓഫീസുകളുടെയും കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തന്നെ വേഗത്തില്‍ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരത്തിനായി നല്‍കുവാനായി ചീഫ് സെക്രട്ടറി കേന്ദ്ര കാബിനെറ്റ് സെക്രട്ടറിയോട് ദേശീയ തലത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അഭ്യര്‍ത്ഥിച്ചു. ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും, സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും അഭ്യര്‍ത്ഥിച്ചു.

രണ്ടാമത്തെ രോഗവ്യാപനവും നടപടികളും

ഈ വിധത്തില്‍ കോവിഡ് 19 രോഗത്തിനെതിരെ കേരളം ശക്തമായ നടപടികളെടുത്തെങ്കിലും ഫെബ്രുവരി 29ന് പത്തനംതിട്ട ജില്ലയില്‍ ഇറ്റലിയില്‍ നിന്നും വന്ന മൂന്നു പേരടങ്ങുന്ന കുടുംബത്തിലെ 5 പേര്‍ക്ക് എട്ടാം തീയതി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരും മറ്റു രണ്ടുപേര്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാട്ടിലുള്ള ബന്ധുക്കളുമാണ്. വിമാനത്തിലും വിമാനത്താവളത്തിലും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ഈ മൂന്നുപേര്‍ അത് അവഗണിക്കുകയാണ് ചെയ്തത്. ഇതാണ് രോഗവ്യാപനത്തിന് കാരണമായത്.  ബന്ധുക്കളായ  രണ്ടു പേര്‍ കോവിഡ് 19 രോഗലക്ഷണത്തോടെ പനിയായി ആശുപത്രിയില്‍ വന്നപ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടന്‍തന്നെ അവരോട് ആശുപത്രിയിലേക്ക് അടിയന്തരമായി മാറാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ആരോഗ്യവകുപ്പിന്റെ  നിര്‍ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇവരെ നിരീക്ഷണത്തിലാക്കി. സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. അതിനോടകം ഇവര്‍ ധാരാളം യാത്ര നടത്തിയതിനാല്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയാകെ കണ്ടെത്തേണ്ട വലിയ പ്രവര്‍ത്തനമാണ് നടത്തേണ്ടി വന്നത്. പരിശോധനാഫലം പോസിറ്റീവാണെന്നറിഞ്ഞ രാത്രിയില്‍തന്നെ വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇവര്‍ പോയ സ്ഥലങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളേയും കണ്ടെത്താന്‍ ശക്തമായ നടപടി സ്വീകരിച്ചു. ഇവര്‍ സഞ്ചരിച്ച വിമാനങ്ങളില്‍ യാത്ര ചെയ്തവരേയും കണ്ടത്തി വരുന്നു.
പുതിയ സാഹചര്യങ്ങളില്‍ ജാഗ്രത കൂടുതല്‍ ശക്തിപ്പെടുത്തുന്ന തിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചു. ആറ്റുകാല്‍ പൊങ്കാലയിലും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്ന് നിര്‍ദേശം നല്‍കി. രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കി. 23 ഹെല്‍ത്ത്  ടീമുകളും 12 ആബുലന്‍സുകളും 5 ബൈക്ക് ആബുലന്‍സുകളും സജ്ജമാക്കി. റസിഡന്‍സ്  അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകളെ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്താന്‍ ചുമതലപ്പെടുത്തി. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങള്‍  എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണം നടത്തി. 

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും  ഓഫീസുകള്‍ക്കും സംസ്ഥാന തലത്തില്‍ തന്നെ വേഗത്തില്‍ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം നല്‍കുവാനായി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 

നിലവിലുള്ള സാഹചര്യം

പത്തനംതിട്ടയില്‍ 5 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ 07.03.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ 3 വയസുള്ള കുട്ടിക്ക് ഒമ്പതാം തീയതി രോഗബാധ കണ്ടെത്തി.  പത്തനംതിട്ടയിലെ കോണ്ടാക്ട് ലിസ്റ്റിലുള്ള 6 പേര്‍ക്കും  എറണാകുളം മെഡിക്കല്‍കോളേജില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും 10-ാം തീയതി രോഗം സ്ഥിരീകരിച്ചു.  ഇതോടെ നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. 

പത്തനംതിട്ട ജില്ലയില്‍ 5 പോസിറ്റീവ് കേസുകള്‍ ഉണ്ടായത് അറിഞ്ഞയുടന്‍തന്നെ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. അപ്പോള്‍ മുതല്‍ കോണ്ടാക്ട് ട്രെയിനിംഗ് ശ്രമകരമായി നടത്തിയിട്ടുണ്ട്.  സ്വകാര്യ ആശുപത്രികളുടെ മീറ്റിംഗും പത്തനംതിട്ടയില്‍ നടത്തിയിരുന്നു. പഴുതടച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും നിരീക്ഷണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേരുമായി  സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുറേ പേരിലേക്ക് രോഗപ്പകര്‍ച്ച  ഉണ്ടാകു മെന്നാണ് വിലയിരുത്തുന്നത്. പക്ഷെ രണ്ട് ദിവസം കൊണ്ടുതന്നെ സാധ്യമായ എല്ലാ രീതികളും ഉപയോഗിച്ച് ഇവര്‍ സമ്പര്‍ക്കത്തിലായ ബഹുഭൂരിപക്ഷം പേരേയും കണ്ടെത്തുന്നതിനും അവരെ നിരീക്ഷണത്തിലാക്കുന്നതിനും കഴിഞ്ഞു. മാപ്പിംഗ് തയ്യാറാക്കിയാണ് ഇവര്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയത്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ബാക്കിയുള്ളവരേയും കണ്ടെത്താനായുള്ള ശ്രമം നടന്നു വരുന്നു.
എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് ആരുമായിട്ടൊക്കെ ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നതാണ്. അവസാനമായി ബന്ധപ്പെട്ട ആളിനെ വരെയും കണ്ടത്താനുള്ള ശ്രമങ്ങളാണു നടത്തുന്നത്.

നിലവിലുള്ള സാഹചര്യങ്ങൾ

105 ലോകരാജ്യങ്ങളില്‍ കോവിഡ് 19 രോഗം റിപ്പോര്‍ട്ട്  ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

സംശയാസ്പദമായവരുടെ 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 815 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. തിരുവനന്തപുരം, കോഴിക്കോട്  മെഡിക്കല്‍കോളേജുകളില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്ററിലും പരിശോധിക്കാനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സില്‍ വിമാനത്താവളമുള്ളിടങ്ങളില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ചീഫ് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന കാബിനറ്റ് സെക്രട്ടറി അംഗീകരിച്ചു.

നിലവില്‍ സംസ്ഥാനത്തുള്ള സാഹചര്യങ്ങള്‍ മാര്‍ച്ച് പത്തിന് നടന്ന പ്രത്യേക മന്ത്രിസഭായോഗം വിലയിരുത്തി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപുലവും ശക്തവുമായ ഇടപെടല്‍ തുടരേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. രോഗപ്പകര്‍ച്ച  തടയുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചു.

 1. വിദേശത്തുനിന്നും എത്തുന്ന എല്ലാവരെയും വിമാനത്താവളങ്ങളില്‍ വച്ചുതന്നെ പ്രാഥമിക പരിശോധന നടത്തുന്നതിനും, അതിനനുസരിച്ച് ആശുപത്രിയിലോ, വീട്ടിലോ നിരീക്ഷണത്തിന് മാറ്റുന്നതിനും വേണ്ടി ഇപ്പോള്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണം
 2. അടിയന്തിര സാഹചര്യങ്ങളില്‍ ഐസൊലേഷന്‍ രോഗനിരീക്ഷണ സംവിധാനങ്ങളൊരുക്കാനുള്ള പ്രവര്‍ത്തന പരിപാടിക്ക് ആരോഗ്യവകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലസൗകര്യവും ഭൗതികസാഹചര്യങ്ങളും ഓരോ ജില്ലയിലും തിട്ടപ്പെടുത്തി പ്രാഥമിക പരിശോധന നടത്തി വയ്ക്കണം.
 3. പ്രീപ്രൈമറി, ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളൂകളും, മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മാര്‍ച്ച്  31 വരെ അടച്ചിടേണ്ടതാണ്. ഈ നിയന്ത്രണം സി.ബി.എസ്.സി., ഐ.സി.എസ്.സി. വിദ്യാലയങ്ങള്‍ക്കും, അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും  ബാധകമാണ്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, എസ്.എസ്.എല്‍.സി. പരീക്ഷകളും, എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷയും മാറ്റിവെയ്ക്കുന്നില്ല. ആ പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും. പരീക്ഷ ഒഴികെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒരുതരം പഠനപ്രവര്‍ത്തനവും മാര്‍ച്ച്  31 വരെ ഉണ്ടാകരുത്. ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം. ഇതിന് വേണ്ട നടപടികള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും സ്വീകരിക്കേണ്ടതാണ്.
 4. മദ്രസകള്‍, അങ്കണവാടികള്‍, ട്യൂട്ടോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളില്‍ പോകുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളില്‍ എത്തിക്കുവാന്‍ വേണ്ട നടപടികള്‍ വനിതാശിശുക്ഷേമ വകുപ്പ് സ്വീകരിക്കേണ്ടതാണ്.
 5. എല്ലാത്തരം ഉത്സവങ്ങളും, പള്ളിപ്പെരുന്നാളുകളും അതുപോലെയുള്ള മറ്റു പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കുവാന്‍ ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവര്‍ക്ക്  നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
 6. വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തുവാനും, ഒട്ടനവധിപേര്‍ ദര്‍ശനത്തിനുവരുന്ന  ആരാധനാലയങ്ങളില്‍ ദര്‍ശനത്തിനു പോകുന്നത് ഒഴിവാക്കുവാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു.
 7. സിനിമാശാലകള്‍ മാര്‍ച്ച്  31 വരെ അടച്ചിടേണ്ടതാണ്. നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാ-സാംസ്‌കാരിക പരിപാടികളും മാറ്റിവെക്കണം.
 8. നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കേണ്ടതാണ്.
 9. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും.
 10. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസര്‍ ലഭ്യമാക്കും.
 11. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടെയും, റസിഡന്‍സ് അസോസിയേഷനുകളുടേയും സഹായത്തോടെ കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരു ണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും.
 12. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളില്‍ക്കൂടി നല്‍കുന്ന  വാര്‍ത്തകള്‍ അല്ലാതെ ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കേണ്ടതാണ്.
 13. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനനങ്ങള്‍ ശക്തിപ്പെടുത്താനും, മുടക്കമില്ലാതെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടികള്‍ ഇലക്ട്രോണിക്‌സ് & ഐ.റ്റി. വകുപ്പ് സ്വീകരിക്കേണ്ടതാണ്.
 14. പ്രവാസികളായ ഒട്ടനവധിയാളുകള്‍ അവധിക്കു നാട്ടിലെത്തിയശേഷം ഇപ്പോള്‍ മടങ്ങിപ്പോകാനാകാതെ നാട്ടിലുണ്ട്. ഇത് അവരുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാക്കിയിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ് ബന്ധപ്പെട്ട എംബസികളുമായി സംസാരിച്ച് പരിഹാരനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തണം. അവരുടെ യാത്രാടിക്കറ്റുകള്‍ റദ്ദു ചെയ്യപ്പെട്ടു സാമ്പത്തിക നഷ്ടമുണ്ടാക്കാതെ, അവര്‍ക്ക് തിരിച്ചു പോകാനാകുന്ന സമയത്തേയ്ക്കായി മാറ്റിക്കിട്ടുന്നതിനു വിമാന ക്കമ്പനികളുമായും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തി തീരുമാനിക്കണം. ഇത്തരം ആശങ്കകളും ബുദ്ധിമുട്ടും നേരിടുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് നോര്‍ക്ക വകുപ്പ് ഒരു പ്രത്യേക കാള്‍ സെന്റര്‍ ആരംഭിക്കേണ്ടതാണ്.
 15. ആഗോളതല സാമ്പത്തിക വ്യാവസായിക പ്രതിസന്ധി കാരണം മരുന്നുകള്‍പോലുള്ള അവശ്യവസ്തുക്കളുടെ  ഉത്പാദനത്തില്‍ തടസ്സമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇത് പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തുവാന്‍ തീരുമാനിച്ചു.

മടങ്ങി വരുന്ന ഇന്ത്യാക്കാരുടെ പ്രശ്‌നം

കോവിഡ് 19 രോഗബാധ തീവ്രമായ രാജ്യങ്ങളില്‍ നിന്നു വരികയോ അവിടെ സന്ദര്‍ശനം നടത്തി വരുകയോ ചെയ്യുന്ന ഇന്ത്യാക്കാര്‍ക്കു നാട്ടിലേക്കു മടങ്ങണമെങ്കില്‍ അവിടത്തെ ആരോഗ്യവകുപ്പില്‍ നിന്നും കോവിഡ് 19 രോഗബാധയില്ല എന്ന സാക്ഷ്യപത്രം ലഭ്യമാക്കിയിരിക്കണം എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന്റെ ഫലമായി വിവിധ വിദേശ രാജ്യങ്ങളിലായി, പ്രത്യേകിച്ചു വിമാനത്താവളങ്ങളിലും മറ്റും ഒട്ടേറെ മലയാളികള്‍ കുടുങ്ങിപ്പോയതായി വിവരം ലഭിച്ചിട്ടുണ്ട്.

പ്രസ്തുത രാജ്യങ്ങളൊന്നും തന്നെ ഇത്തരം സാക്ഷ്യപത്രങ്ങള്‍ നല്‍കാനാകുന്ന സ്ഥിതിയിലല്ല എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രസ്തുത ഉത്തരവു പിന്‍വലിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന യാത്രികരെ മടക്കിയെത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ സത്വരമായ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് 10.03.2020ല്‍ തന്നെ പ്രധാനമന്ത്രിക്ക് കേരള സര്‍ക്കാര്‍ കത്തു നല്‍കിയിട്ടുണ്ട്. 

തുടര്‍നടപടികള്‍

കോവിഡ് 19 ആഗോളതലത്തില്‍ ഗുരുതരമായ ആഘാതമാണു സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ കൃത്യമായ നടപടിക്രമങ്ങളിലൂടെ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാദ്ധ്യമാണ്. ഇക്കാര്യത്തില്‍ ആശങ്കയല്ല ജാഗ്രതയും പൗരബോധത്തോടെയുള്ള പെരുമാറ്റവുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ബഹുജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാന്‍ നിയമസഭാംഗങ്ങള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്.

ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും ഉണ്ടാകണം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും എല്ലാ ജനങ്ങളും പരസ്പര ധാരണയോടെയും ജാഗ്രതയോടെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് സഹകരിക്കുകയും വേണം.
ഒന്നിച്ചു നിന്ന് നമുക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാം.