കർണാടക :മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കാൻ സാധ്യത

41

ബംഗളൂരു: കർണാടകയിൽ ഇന്ന് നിർണായക മന്ത്രിസഭ യോഗം ചേരും. രാവിലെ 11 മണിക്ക് വിധാൻ സൗധയിൽ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗവർണർ വജുഭായ് വാലയെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ കുമാരസ്വാമി നൽകിയേക്കും. 16 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ രാജി വച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം.

കോൺഗ്രസ് നേതൃത്വത്തിൽ ജെഡിഎസ് പിന്തുണയോടെ കർണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങൾ. സർക്കാരുണ്ടാക്കിയാൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന് ജെഡിഎസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്‌ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കർണാടക വിധാൻ സൗധ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 14 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് പരിഗണിക്കുക.

രാജി സ്വീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സ്പീക്കര്‍ക്ക് രാജികത്ത് നൽകിയ പത്ത് എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കുമാരസ്വാമിയുടേത് അഴിമതി ഭരണമാണെന്നും നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയാറാകുന്നില്ലെന്നും ഹര്‍ജിയിൽ എംഎൽഎമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.