ഒരു ബൗളിലെ സൂപ്പാണ് എന്റെ ജീവിതം മാറ്റിമറിച്ചത്!

454

ബോളിവുഡ് സിനിമയിലെ പ്രധാന താരദമ്പതികളിലൊന്നാണ് സെയ്ഫും കരീനയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയം കൂടിയായിരുന്നു ഇവരുടേത്. അമൃത സിംഗുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് സെയ്ഫിന്റെ ജീവിതത്തിലേക്ക് കരീന എത്തുന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും കരീന അഭിനയ രംഗത്ത് സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും കരീന വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. 9ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള കരീനയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. 2012 ഒക്ടോബര്‍ 16നായിരുന്നു കരീനയും സെയ്ഫും ഒന്നിച്ചത്.പ്രണയകാലത്തെ ചിത്രവുമായാണ് കരീന കപൂര്‍  എത്തിയത്. കുര്‍ബാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയായിരുന്നു നടി പങ്കിട്ടത്. ഗ്രീസില്‍ വെച്ചായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്. തന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു ഇതെന്നും കരീന പറയുന്നു. അന്നൊരിക്കല്‍ ഗ്രീസില്‍. ഒരു പാത്രത്തില്‍ സൂപ്പും ഞങ്ങളും. അതാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന് വിവാഹ വാര്‍ഷികാശംസകള്‍ എന്നുമായിരുന്നു കരീന കുറിച്ചത്. സൂപ്പിനരികില്‍ സെയ്ഫിനോട് ചേര്‍ന്നുള്ള ചിത്രവും കുറിപ്പും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.