ബിജെപിയെ നേരിടാൻ തക്ക ശേഷിയുള്ള പ്രതിപക്ഷമല്ല കോൺഗ്രസെന്ന് കപിൽ സിബൽ

2916

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും വിവധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലുമേറ്റ പരാജയത്തെത്തുടർന്നു കോൺഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും പരസ്യവിമർശനവുമായി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കപിൽ സിബൽ. ബിജെപിക്കെതിരേ കാര്യക്ഷമമായ പ്രതിപക്ഷമല്ല കോൺഗ്രസ് എന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നു കഴിഞ്ഞദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമർശനം.

നിലവിൽ ബിജെപിയെ നേരിടാൻ തക്ക ശേഷിയുള്ള പ്രതിപക്ഷമല്ല കോൺഗ്രസ്. കോൺഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും എന്താണ് പാർട്ടിയെന്നു വിശദീകരിക്കുകയും ചെയ്യാതെ ഇതുസാധ്യമാവില്ല. 18 മാസമായി മുഴുവൻ സമയ പ്രസിഡന്‍റ് പോലുമില്ലാത്ത പാർട്ടി എങ്ങനെ കാര്യക്ഷമതയുള്ള പ്രതിപക്ഷമാകും. എന്തുകൊണ്ടു തോറ്റു എന്നു പോലും പാർട്ടിയിൽ ചർച്ചയില്ല. തെരഞ്ഞെടുപ്പുകളിലെ പ്രകടനങ്ങളെക്കുറിച്ചും പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യും വരെ താൻ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമെന്നും കപിൽ സിബൽ.

ഗാന്ധി കുടുംബത്തിനെതിരേയുള്ള നീക്കമല്ല ഇത്. പാർട്ടിയിൽ രാഹുൽ ഗാന്ധിയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങൾ ഇപ്പോഴും വയനാട് എംപിയിലേക്കാണ് നോക്കുന്നതെന്നു മറുപടി നൽകിയ സിബൽ താൻ വ്യക്തികളെക്കുറിച്ചല്ല പറയുന്നതെന്നു കൂട്ടിച്ചേർത്തു. രാഷ്‌ട്രീയവും സാമ്പത്തികവുമായ ദുഷ്പ്രഭുത്വത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് പ്രവർത്തകർക്കു വീടിനു പുറത്തിറങ്ങാനാകുന്നില്ല. എന്താണ് നിങ്ങളുടെ പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന ചോദ്യമാണ് അവർ നേരിടുന്നത്. അവരുടെ വികാരമാണ് ഞാൻ പറയുന്നത്.

ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. നാളെ പെട്ടെന്ന് മാറ്റമുണ്ടാക്കാനാകുമെന്നു കരുതുന്നുമില്ല. 2014ലും 2019ലും കോൺഗ്രസ് പരാജയപ്പെട്ടു. സംഘടനാ തലത്തിൽ തെരഞ്ഞെടുപ്പില്ലാത്തതായിരുന്നു മാറ്റമുണ്ടാകാത്തതിനു കാരണം. ഇനി നേരിട്ടു ജനങ്ങളിലേക്കു ചെല്ലണം. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവരോടു പറയണം- കപിൽ സിബൽ പറഞ്ഞു.

ബിഹാറിലെ തോൽവിക്കുശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കപിൽ സിബൽ നേതൃത്വത്തിനെതിരേ തുറന്ന വിമർശനം നടത്തുന്നത്. സിബലിന്‍റെ വിമർശനത്തിനെതിരേ സൽമാൻ ഖുർഷിദ് ഉൾപ്പെടെ നേതാക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം സോണിയ ഗാന്ധി രൂപീകരിച്ച നയരൂപീകരണ സമിതികളിൽ കപിൽ സിബലിനെ ഉൾപ്പെടുത്തിയിരുന്നില്ല