ദുരന്തമനുഭവിക്കുന്നവരെ സഹായിക്കൂ, അതാണ് നിങ്ങള്‍ എനിക്ക് തരേണ്ട പിറന്നാള്‍ സമ്മാനം; കമല്‍ ഹാസന്‍

833

പിറന്നാള്‍ സമ്മാനമായി മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉലകനായകന്‍ കമല്‍ ഹാസന്‍. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് കമല്‍ ഹാസന്‍ ട്വിറ്ററിലൂടെ സഹായമഭ്യര്‍ത്ഥിച്ചത്.’മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ എത്രയും വേഗം സഹായിക്കൂ. അതായിരിക്കും എനിക്ക് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പിറന്നാള്‍ സമ്മാനം’. കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. ഉലക നായകന്‍ കമല്‍ ഹാസന്‍ ഇന്ന് 67-ാം ജന്മദിനം ആഘോഷിക്കുകകയാണ്. രാഷ്ട്രീയ സിനിമ രംഗത്തെ പലരും താരത്തിന് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു. ആറ് പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായ താരം വിവിധ ഇന്യന്‍ ഭാഷകളിലായി 150ലേറെ സിനിമകളിലാണ് വേഷമിട്ടിട്ടുള്ളത്. ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെളളം കയറി. ചെന്നൈ നഗരത്തിന്റെ ഭാഗമായിട്ടുളള സൈദാപേട്ട്, വേലച്ചേരി, അഡംബാക്കം, മടിപ്പാക്കം എന്നിവിടങ്ങളില്‍ മൂന്ന് അടിയോളം വെളളം കയറിയിട്ടുണ്ട്. പ്രളയ സാധ്യത കണക്കിലെടുത്ത് നൂറോളം പേരെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.ജലനിരപ്പ് ഉയര്‍ന്നതോടെ ചെമ്പരമ്പാക്കം, പൂണ്ടി, പുഴല്‍ എന്നിവിടങ്ങഴളിലെ ജലസംഭരണികളില്‍ നിന്ന് ചെറിയ തോതില്‍ വെളളം തുറന്നു വിടുന്നുണ്ട്. ശനിയാഴ്ച രാത്രി മുതല്‍ ഇന്ന് രാവിലെ എട്ട് വരെ പെയ്ത മഴയാണ് വെളളക്കെട്ടിന് കാരണമായത്. തമിഴ്‌നാട്ടിലെ വടക്കന്‍ തീരദേശ ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വെളളക്കെട്ടുളള സ്ഥലങ്ങളില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. മഴയെ തുടര്‍ന്ന് ചെന്നൈയിലെ ട്രെയിന്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ക്യാമ്പ് ചെയ്തിട്ടുണ്ട്. മഴ കുറഞ്ഞാല്‍ സ്ഥിതി നിയന്ത്രണ വിധേയമാകും എന്നാണ് വിലയിരുത്തലുകള്‍.ചെന്നൈ, ചെങ്ങല്‍പേട്ട്, തിരുവളളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസത്തേക്ക് അവധി നല്‍കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുളള ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം.