പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് അന്തരിച്ചു

1019

കൊച്ചി : പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് (84) അന്തരിച്ചു. കൊച്ചി കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതം സംഭവച്ചിതിനെ തുടര്‍ന്ന് കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിവന്നിരുന്നു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ എംഎ വിദ്യാര്‍ഥിയായിരിക്കെ 1961ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച കെ.എം.റോയ് ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എക്കണോമിക് ടൈംസ്, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു.