ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു;ഇനി എൽ ഡി എഫിൽ .

6332

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ജോസ് വിഭാഗം ഇനി എൽഡിഎഫിൽ. മുന്നണി പ്രവേശനം ജോസ് കെ മാണി തന്നെയാണ് കോട്ടയത്ത് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. യുഡിഎഫിനെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ജോസിന്റെ വാർത്താ സമ്മേളനം. ഉപാധികളൊന്നുമില്ലാതെയാണ്  ഇടതുമുന്നണിയിൽ ചേരുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. 

കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും കടുത്ത അനീതിയാണ് നേരിടേണ്ടി വന്നത്. എംഎൽഎമാരും അപമാനം നേരിടേണ്ടി വന്നു. നീചമായ വ്യക്തിഹത്യയാണ് തനിക്ക് എതിരെ ഉണ്ടായത്. കേരള കോൺഗ്രസിനെ തകർക്കാൻ വ്യക്തമായ അജണ്ടയുണ്ട്. അജണ്ടയുടെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ആത്മാഭിമാനം അടിയറ വെച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജോസ് പറഞ്ഞു.

പാലാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം.ഇടതു മുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്നും നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ.