ജാര്‍ഖണ്ഡിൽ ആൾക്കൂട്ടം ആക്രമിച്ച യുവാവ് മരിച്ചു

1734

ജാർഖണ്ഡ് : മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ടു ആക്രമിച്ച യുവാവ് മരിച്ചു. ജാര്‍ഖണ്ഡിൽ ജൂൺ 18 ന് പോസ്റ്റിൽ കെട്ടിയിട്ട് ഏഴ് മണിക്കൂറോളം മര്‍ദ്ദനം നേരിട്ട ഷാംസ് തബ്രീസ് (24) ആണ് മരിച്ചത്. ഇദ്ദേഹത്തോട് ‘ ജയ് ശ്രീറാം, ജയ് ഹനുമാൻ ‘ വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആള്‍ക്കൂട്ടത്തിൻ്റെ ആക്രമണം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.

ജംഷഡ്പൂരിൽനിന്നും സെരായ്കേലയിലേക്ക് സുഹൃത്തുക്കളോടൊപ്പം മടങ്ങവെയാണ് ആള്‍ക്കൂട്ടാക്രമണത്തിന് ഷാംസ് തബ്രീസ് ഇരയായത്. ഗ്രാമത്തിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ഇവര്‍ കടന്നുപോയ വഴിയിൽ കണ്ടതോടെയാണ് ആള്‍ക്കൂട്ടം യുവാവിനെ വളഞ്ഞത്. തബ്രീസിനെ പോസ്റ്റിൽ കെട്ടി മണിക്കൂറോളം മര്‍ദ്ദിക്കുന്നതും ‘ജയ് ശ്രീറാം, ജയ് ഹനുമാൻ’ എന്ന് വിളിക്കാൻ നിര്‍ബന്ധിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

മര്‍ദ്ദിച്ച് അവശനാക്കിയശേഷമാണ് ആള്‍ക്കൂട്ടം യുവാവിനെ പോലീസിന് കൈമാറിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിനെ പോലീസ് റിമാൻ്റ് ചെയ്തിരുന്നു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവാവിനെ ചികിത്സ നൽകുന്നതിൽ പോലീസ് വീഴ്ചവരുത്തിയെന്നും പോലീസ് സ്റ്റേഷനിൽ നിന്നും തബ്രാസ് ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്നും ലാത്തിയടിയുടെ പാടുകള്‍ ദേഹത്ത് കാണാമെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസുകാര്‍ക്കും ആള്‍ക്കൂട്ടത്തിനുമെതിരെ കേസെടുക്കണമെന്ന് ഷാംസ് തബ്രസിൻ്റെ കുടുംബം ആവശ്യപ്പെട്ടു