ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ല; ഇസ്രായേൽ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് ; ബ്രിട്ടനില്‍ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്.

2433

അവീവ്/ ലണ്ടന്‍ :ഇസ്രായേൽ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്കെന്ന് സൂചന. അധികാരം പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൃത്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രബലരായ രണ്ടു പാര്‍ട്ടികള്‍ക്കും ഇതുവരെ സാധിച്ചില്ല. ഇനി ഒരു പുതിയ തെരഞ്ഞെടുപ്പുമാത്രമേ പരിഹാരമുള്ളു എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പില്‍ യോഗ്യത കിട്ടാതായ ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന വലതുപക്ഷമായ ലിക്വിഡ് പാര്‍ട്ടിയും പ്രധാന എതിരാളി ബെന്നി ഗാന്‍സ് നയിക്കുന്ന സെന്‍ട്രിസ്റ്റ് ബ്ലൂ-വൈറ്റ് അലയന്‍സ് സഖ്യവുമാണ് പരസ്പരം അധികാരം പങ്കിടുന്നതില്‍ ധാരണയാകാതെ പിരിഞ്ഞത്. ബുധനാഴ്ച നടന്ന ചര്‍ച്ചകളും പരാജയപ്പെട്ടിരിക്കുകയാണ്.

ഒരു വര്‍ഷം രണ്ടു തവണ ചര്‍ച്ചകള്‍ നടന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടിരിക്കുകയാണ്. ആകെ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 61 എണ്ണമാണ് ഭരണത്തിനായി വേണ്ടത്. 2020 മാര്‍ച്ച് മാസം ഇസ്രായേല്‍ ജനത ഒരിക്കല്‍കൂടി പോളിംഗ്ബൂത്തിലേക്ക് നടക്കേണ്ട ഗതികേടിലാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയായി നെതന്യാഹു തന്നെ മാര്‍ച്ച് വരെ തുടരും. എന്നാല്‍ കൈക്കൂലിക്കേസ്സില്‍ പെട്ടിരിക്കുന്ന നെതന്യാഹു രണ്ടുംകല്‍പ്പിച്ച് പ്രചരണത്തിലാണ്. മൂന്ന് പ്രത്യേക അന്വേഷണങ്ങളാണ് നെതന്യാഹു ഒരേ സമയം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ രണ്ടു നേതാക്കളേയും വിമര്‍ശിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അവിഗര്‍ ലിബര്‍മാന്‍ രംഗത്തെത്തി.ലിബര്‍മാന്റെ പാര്‍ട്ടി നേടിയ 8 സീറ്റുകള്‍ ആരുമായും പങ്കുവക്കാന്‍ ഒരുക്കമല്ല എന്ന നിലപാടും പ്രതിസന്ധിക്ക് കാരണമാണെന്ന് മറ്റുള്ളവരും തിരിച്ചടിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ ബോറിസ് ജോണ്‍സണും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ബ്രിട്ടനിലെ പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ്.

650 അംഗ സഭയില്‍ 326 സീറ്റാണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്. ഇല്ലെങ്കില്‍ തൂക്കു സഭയാകും. ബോറിസ് ജോണ്‍സണിന് ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജെറമി കോര്‍ബിന് മറ്റ് സഖ്യകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവസരം ലഭിക്കും. കുടിയേറ്റ വികാരം ഉയര്‍ത്തി പിടിച്ചാണ് ബോറിസ് ജോണ്‍സണ്‍ പ്രചാരണം നടത്തിയത്.