ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ അന്താരാഷ്ട്ര ബാഡ്‌മിന്റൺ കോർട്ട് ഉദ്‌ഘാടനം ചെയ്‌തു .

3848

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള ബാഡ്‌മിന്റൺ കോർട്ടും നവീകരിച്ച ജഷൻമാൾ മൾട്ടിപർപസ് ഓഡിറ്റോറിയവും ഉത്ഘാടനം ചെയ്‌തു . ബഹ്‌റൈൻ ബാഡ്‌മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹിഷാം അലബ്ബാസി ഉത്ഘാടനം നിർവഹിച്ചു.

കായികമേഖലയിൽ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ കൈവരിച്ച നേട്ടങ്ങളെ മുഖ്യാഥിതി ഹിഷാം അലബ്ബാസി പ്രശംസിച്ചു. കായികരംഗത്തു കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും കുട്ടികളിൽ കായിക നൈപുണ്യം വളർത്തിയെടുക്കാനും ഈ പുതിയ സൗകര്യങ്ങൾ ഉപകരിക്കുമെന്ന് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ പറഞ്ഞു.

ശ്രീ പ്രിൻസ് നടരാജൻറെ നേത്രത്വത്തിലുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. ഉയർന്ന നിലവാരവും പരിപാലനച്ചെലവ് കുറഞ്ഞതുമായ പി വി സി ഇൻഡോർ ഫ്ളോറിങ്ങാണ് ബാഡ്‌മിന്റൺ കോർട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഓഡിറ്റോറിയത്തിന്റെ സീലിങ്ങിന്റെ ഉയരം വർദ്ധിപ്പിക്കുകയും വാട്ടർപ്രൂഫിങ്ങും നടപ്പിലാക്കുകയും ചെയ്‌തു. എൽ ഈ ഡി ലൈറ്റുകൾ സ്ഥാപിച്ചു കൊണ്ട് പ്രകാശസംവിധാനവും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുവാനുള്ള വേദിയാകുവാൻ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിനു കഴിയും. കായിക അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ള ഈ നവീകരണ പ്രക്രിയകൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇന്ത്യൻ സമൂഹത്തിന്റെ തന്നെയും സ്വപ്‍ന സാക്ഷാത്ക്കാരമാണ്.

ഇന്ത്യൻ സ്ക്കൂളിന്റെ കായിക മുന്നേറ്റത്തിന് ഈ നവീകരണങ്ങൾ പ്രചോദനമാകുമെന്നു സ്‌പോർട്സിന്റെ ചുമതലയുള്ള ഭരണസമിതി അംഗം ശ്രീ രാജേഷ്.എം.എൻ പറഞ്ഞു .

ഇന്ത്യൻ സ്കൂൾ സെക്രട്ടറി സജി ആന്റണി , ഭരണസമിതി അംഗങ്ങളായ അജയകൃഷ്ണൻ, മുഹമ്മദ് ഗുർഷിദ്‌ ആലം, ബിനു മണ്ണിൽ, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി , സാമൂഹ്യപ്രവർത്തകരായ മുഹമ്മദ് മാലിം, ഇനായത്തുള്ള, സാന്റി കൺസ്ട്രക്ഷൻ എം ഡി രമേഷ്.ആർ, വൈസ് പ്രിൻസിപ്പൽമാരും മറ്റു സ്കൂൾ അദ്ധ്യാപകരും ചടങ്ങിൽ സന്നിഹതരായിരുന്നു .