രാഷ്ട്രീയ മത ഭേദമന്യേ പ്രവാസി സംഘടനകൾ കൈകോർത്തു. ഇന്ത്യൻ സ്‌കൂൾ മഹാമേള നാളെ തുടങ്ങും.

2480

മനാമ: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ബഹ്‌റൈനിലെ പ്രവാസിസമൂഹത്തിന്റെ ഏറ്റവും വലിയ ഉത്സവം, ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2022 നാളെ തുടങ്ങും. ഒരുക്കങ്ങൾ വിലയിരുത്താനും, വരും ദിനങ്ങളിൽ മേളയുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് തുടക്കം കുറിച്ച് കൊണ്ട് രാഷ്ട്രീയ മത ഭേദമന്യേ ബഹ്‌റൈനിൽ പ്രവാസി സംഘടനകൾ പ്രിതിനിധികൾ എല്ലാവരും ഒത്തുകൂടി.

പ്രവാസി സമൂഹത്തിൽ പലവിധ പ്രിതിസന്ധികൾ നേരിടുന്ന നിരവധി കുടുംബങ്ങൾക്ക് അവരുടെ കുട്ടികളുടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതിന് ഇന്ത്യൻ സ്‌കൂൾ പ്രതിഞ്ജാബദ്ധമാണ്. അതിനു വേണ്ട സാമ്പത്തിക സ്രോതസിനു മെഗാഫെയറിന്റ വിജയം അനിവാര്യമാണ്. അതിനാൽ ഇന്ത്യൻ സമൂഹം പൂർണ്ണമനസ്സോടെ മെഗാഫെയറിൽ പങ്കുചേരണം എന്ന് യോഗം ആഹ്വാനം ചെയ്‌തു.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ആദ്യ ദിവസമായ നവംബർ 23 ബുധനാഴ്ച, കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന്റെ വർണശബളമായ ഫിനാലെ അരങ്ങേറും. ഇസ ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിലെ ഉജ്വലമായ വേദിയിലാണ് തരംഗ് ഫിനാലെ അരങ്ങേറുക. വൈകീട്ട് 5 മുതൽ 11 മണി വരെയാണ് പരിപാടികൾ അരങ്ങേറുക. യുവജനോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങൾ ഫിനാലെയിൽ വീണ്ടും അവതരിപ്പിക്കും. നേരത്തെ സമ്മാനാർഹമായ അറബിക് ഡാൻസ്,ഫോക് ഡാൻസ്,സിനിമാറ്റിക് ഡാൻസ്‌, വെസ്റ്റേൺ ഡാൻസ് എന്നിവയാണ് അരങ്ങേറുക. തരംഗ് യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഹൗസിനും കലാപ്രതിഭകൾക്കും സമ്മാനദാനവും നടക്കും.

നവംബർ 24നും 25 നും നടക്കുന്ന സംഗീത പരിപാടിയിൽ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. 24ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം. സച്ചിൻ വാര്യർ,ആവണി,വിഷ്ണു ശിവ,അബ്ദുൽ സമദ് എന്നീ ഗായകരും സംഘത്തിൽ ഉൾപ്പെടും. 25നു ബോളിവുഡ്‌ ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും.

നാഷണൽ സ്റ്റേഡിയത്തിനു സമീപം പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. നാഷണൽ സ്റ്റേഡിയത്തിൽ നിന്നും സ്‌കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയർ ടിക്കറ്റുകൾ സ്‌കൂളിലും ലഭ്യമായിരിക്കും.

സയാനി മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്.

സ്‌കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു.