എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കും

2412

പാലക്കാട്: സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മംഗലംഡാം തളികക്കല്ല് കോളനിയിൽ നിർമാണം പൂർത്തീകരിച്ച 37 വീടുകൾ, റോഡ്‌, പാലം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം.

ഇതുവരെ സംസ്ഥാനത്ത് ആകെ 1,286 കോളനികളിൽ 1,030 എണ്ണത്തിൽ ഇന്റർനെറ്റ് ഒരുക്കാൻ കഴിഞ്ഞു. ബാക്കിയുള്ള കോളനികളിൽകൂടി സൗകര്യം എത്തുന്നതോടെ രാജ്യത്തുതന്നെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും.

കോളനികളുടെ മറ്റ് അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിലും പ്രത്യേകശ്രദ്ധ ചെലുത്തും. കോളനികളെ ലഹരിവിമുക്തമാക്കണം. എങ്കിലേ സർക്കാർ സേവനങ്ങൾ യഥാസമയം എത്തിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സ്വയം പര്യാപ്തമാക്കാനും കഴിയൂ എന്നും മന്ത്രി പറഞ്ഞു.