ഇന്ത്യൻ പ്രധാനമന്ത്രി ബഹ്‌റൈൻ രാജാവുമായി ടെലിഫോണിൽ ചർച്ച നടത്തി

5736

ഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹ്‌റൈൻ രാജാവ് HH ഷെയ്ഖ് ഹമാദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോൺ സംഭാഷണം നടത്തി. നിലവിലുള്ള COVID-19 ആരോഗ്യ പ്രതിസന്ധിയെക്കുറിച്ചും, അതുമൂലം ലോജിസ്റ്റിക് മേഖലയിലും ധനവിപണിയിലും ഉണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

നിലവിലെ ആരോഗ്യ പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തുമെന്ന് ബഹ്‌റൈൻ രാജാവ് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി. ബഹ്‌റൈൻ അധികൃതർ എല്ലായ്‌പ്പോഴും ഇന്ത്യൻ പ്രവാസികൾക്കു നൽകിവരുന്ന പരിചരണത്തിനും സ്നേഹത്തിനും പ്രധാനമന്ത്രി ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.

COVID-19 ന്റെ വെല്ലുവിളികളെ നേരിടാൻ രണ്ടു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പതിവായി സമ്പർക്കം പുലർത്തുവാനും പരസ്പരം സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുവാനും ഇരു നേതാക്കളും ധാരണയിലെത്തി..

ബഹ്‌റൈനെ വിപുലമായ അയൽ‌പ്രദേശത്തിന്റെ ഒരു പ്രധാന ഭാഗമായാണ് ഇന്ത്യ കരുതുന്നതെന്ന് പ്രധാനമന്ത്രി രാജാവിനെ അറിയിച്ചു. കഴിഞ്ഞ വർഷം താൻ നടത്തിയ ബഹ്‌റൈൻ സന്ദർശനത്തെയും അദ്ദേഹം ഊഷ്‌മളമായി അനുസ്മരിച്ചു.