ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ; ഇഷാന്ത് ശര്‍മ്മക്ക് 5 വിക്കറ്റ്

65

ആന്റിഗ്വ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിംഗ്‌സില്‍ 297 റണ്‍സ് നേടിയ ഇന്ത്യക്കെതിരെ ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലാണ്. ഇഷാന്ത് ശര്‍മ്മ 5 വിക്കറ്റ് സ്വന്തമാക്കി.

ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത്വെയ്റ്റ്(14), ജോണ്‍ കാംമ്പെല്‍(23) എന്നിവര്‍ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം നല്‍കി. മൂന്നാമനായെത്തിയ ഷര്‍മര്‍ ബ്രൂക്‌സ് 11 റണ്‍സും ഡാരന്‍ ബ്രാവോ 18 റണ്‍സും നേടി പുറത്തായി. ഷായ് ഹോപ് (24), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(35) എന്നിവരുടെ പ്രകടനമാണ് വിന്‍ഡീസിന് തുണയായത്. 48 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്‌സാണ് വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി ഇഷാന്ത് ശര്‍മ്മ 13 ഓവറില്‍ 42 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബൂമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.