പെഗാസസ്: വിദഗ്‌ദ്ധ സമിതി അന്വേഷിക്കുന്നത് ഏഴ് പ്രധാന വിഷയങ്ങള്‍, സംഘത്തില്‍ അംഗമായി മലയാളി പ്രൊഫസര്‍

740

ന്യൂഡല്‍ഹി: പെഗാസസ് വിവാദം അന്വേഷിക്കുന്ന സമിതിക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി നല്‍കി. പ്രധാനമായും ആറ് വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും മുന്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതി അന്വേഷിക്കുക. ഇതിനു പുറമേ സമിതിക്ക് പ്രധാനമെന്ന് തോന്നുന്ന വിഷയങ്ങള്‍ അന്വേഷിക്കാനുള്ള സ്വാതന്ത്യവും ഉണ്ട്.സമിതിയെ സഹായിക്കാനുള്ള മൂന്നംഗ വിദഗ്‌ദ്ധ സംഘത്തില്‍ മലയാളിയായ പ്രൊഫസര്‍ ഡി പ്രഭാകരനും അംഗമാണ്. കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസറാണ് ഡി പ്രഭാകരന്‍. ഇദ്ദേഹത്തിനു പുറമേനാഷണല്‍ ഫോറന്‍സിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ നവീന്‍ കുമാര്‍ ചൗധരി, ബോംബേ ഐഐടിയിലെ ഡോ അശ്വിന്‍ അനില്‍ ഗുമസ്തേ എന്നിവരും വിദഗ്‌ദ്ധ സംഘത്തില്‍ അംഗങ്ങളാണ്.

സമിതി അന്വേഷിക്കുന്ന വിഷയങ്ങള്‍

1 പെഗാസസ് ഉപയോഗിച്ച്‌ ഫോണ്‍ ചോ‌ര്‍ത്തിയോ

2 ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്തി

3. 2019ല്‍ ചോര്‍ത്തല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു

4 കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോ ഏജന്‍സികളോ പെഗാസസ് വാങ്ങിയോ

5 പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഏത് നിയമത്തിന്റെ മാര്‍ഗരേഖ അനുസരിച്ച്‌

6. വ്യക്തികളോ സ്ഥാപനങ്ങളോ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നിയമവിധേയമാണോ

7. സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന മറ്റ് വിഷയങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ സമിതിയുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി അവശ്യപ്പെട്ടിട്ടുണ്ട്. വിധി പ്രസ്താവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോടതി സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമാണ് കോടതിക്ക് കൈമാറാന്‍ കേന്ദ്രം തയ്യാറായതെന്നും വ്യക്തമാക്കി. എട്ട് ആഴ്ച കഴിഞ്ഞായിരിക്കും കേസ് വീണ്ടും പരിഗണിക്കുക. ‌