വിക്രംലാന്ററിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ

4361

ന്യൂയോര്‍ക്ക്: വിക്രംലാന്ററിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാന്‍- 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.

നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതറിഞ്ഞ ഇന്ത്യയിലെ കംപ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്ററാണെന്ന് നാസ സ്ഥിരീകരിച്ചത്.

ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷണ്‍മുഖം കണ്ടെത്തിയ അസ്വാഭാവികങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സംശയമാണ് നാസക്ക് കൈമാറിയതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. നാസയുടെ ലൂണാര്‍(എല്‍ആര്‍ഒ) ടീമാണ് സാധ്യതമനസ്സിലാക്കി ക്യാമറാക്കണ്ണുകളെടുത്ത ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പ്രത്യേക തരം തരികളും അവകിടന്ന സ്ഥാനവും ഐഎസ്ആര്‍ഒ നല്‍കിയ വിവരങ്ങളും വച്ചാണ് വിക്രംലാന്റര്‍ ഇടിച്ചിറങ്ങിയത് തന്നെ എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. അതുപ്രകാരം നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ പറയുന്നു.