സുവര്‍ണ്ണ ചകോരം കോസ്റ്റാറിക്കന്‍ ചിത്രം ക്ലാര സോളയ്ക്ക്

21587

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം കോസ്റ്റാറിക്കന്‍ ചിത്രം ക്ലാര സോളയ്ക്ക്. സംവിധാന രംഗത്തെ മികച്ച നവാഗത സാന്നിധ്യത്തിനുള്ള രജത ചകോരവും ഈ ചിത്രത്തിന്‍റെ സംവിധായിക നതാലി അല്‍വാരെസ് മേസണ്‍ നേടി.

മൂന്ന് പുരസ്‍കാരങ്ങളോടെ പി എസ് വിനോദ് രാജ് സംവിധാനം നിര്‍വ്വഹിച്ച കൂഴങ്കലും ചലച്ചിത്രോത്സവത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അടയാളപ്പെട്ടു. ഓഡിയന്‍സ് പോള്‍ അവാര്‍ഡിനൊപ്പം ജൂറി പുരസ്കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്.

മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ഡിന ആമെര്‍ സംവിധാനം ചെയ്‍ത യു റിസെംബിള്‍ മി എന്ന ചിത്രത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ആര്‍ കെ ക്രിഷാന്തിന്‍റെ ആവാസവ്യൂഹത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ഐ ആം നോട്ട് ദ് റിവര്‍ ഝലം എന്ന ചിത്രം ഒരുക്കിയ പ്രഭാഷ് ചന്ദ്രയും നിഷിധോ ഒരുക്കിയ താര രാമാനുജനും പങ്കിട്ടു.

മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചലച്ചിത്രോത്സവ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആയിരുന്നു. ബോളിവുഡ് അഭിനേതാവ് നവാസുദ്ദീന്‍ സിദ്ദിഖി വിശിഷ്ടാതിഥിയായിരുന്നു