ചാരിറ്റിയുടെ രാഷ്ട്രീയം

4836

സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ ശ്രീ ഹരീഷ് വാസുദേവൻ ഫേസ് ബുക്കിലൂടെ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് നമ്മളുടെ ശ്രദ്ധ ക്ഷണിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

Justice – Social, Economic and Political (സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നീതി) എന്ന് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിയത് കേൾക്കാനോ വായിക്കാനോ ഉള്ള സുഖത്തിനല്ല. ഈ രാഷ്ട്രത്തിലെ ഓരോ പൗരനും അത് കിട്ടണം എന്നു ആത്മാർത്ഥമായി ഈ രാജ്യം ആഗ്രഹിക്കുന്നതുകൊണ്ടാണ്. ആരുഭരിച്ചാലും എന്ത് നിയമം ഉണ്ടാക്കിയാലും അത് പൗരന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ആണ് ഭരണഘടന നൽകുന്നത്.

നമ്മൾ അതൊക്കെ മതവചനങ്ങൾ പോലെ എന്നേ പുസ്തകത്തിൽ മാത്രമായി ഒതുക്കി കഴിഞ്ഞു അല്ലേ. ഇവിടെ ജനിച്ചു വീഴുന്ന ഓരോരുത്തർക്കും ഈ ഭൂമിയിലെ വിഭവങ്ങൾക്ക് മേലും അതുപയോഗിച്ചു പണം ഉണ്ടാക്കുന്നതിലും ഒരേ അധികാരവും അവകാശവുമാണ്. സാമ്പത്തിക അസമത്വം ഉണ്ടാകുമ്പോൾ അതിൽ ഇടപെടാനും അസമത്വം കുറയ്ക്കാനും പൗരന്മാർക്ക് സാമ്പത്തിക നീതി നൽകാനും സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. എന്നുപറയുമ്പോൾ സോഷ്യലിസത്തിൽ വിശ്വസിക്കാത്ത വലതുപക്ഷ സർക്കാറുകൾക്കും ഇതൊരു ഭരണഘടനാ ബാധ്യത തന്നെയാണ്. അനുസരിക്കാതെ നിവൃത്തിയില്ല.

പക്ഷെ, പ്രായോഗികമായി ഇതൊരു തമാശയാണ്. പണമുള്ളവർ കൂടുതൽ പണക്കാർ ആകുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരും. പണക്കാരിൽ നിന്ന് പണം നിയമപരമായി പിടിച്ചെടുത്തത് ദാരിദ്രം ഇല്ലാതാക്കേണ്ട സർക്കാരുകൾ ഇന്ന് ഏറിയും കുറഞ്ഞും മൂലധന വികസനത്തിന്റെ കാര്യസ്ഥന്മാരാണ്. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിന്റെ ഇടനിലക്കാരും. ദാരിദ്രം ഉണ്ട് എന്ന വസ്തുത ഇന്ന് ഒരു സർക്കാരിനെയും നാണംകെടുത്തുന്നില്ല !!! നമുക്കും അതിൽ പുതുമയില്ല !! കയ്യിൽ മിച്ചം പണമുള്ള ഞാനും നിങ്ങളും ഈ ലോകത്തെ ഏതോ ഒരാൾക്ക് അനീതിയുണ്ടാക്കുന്ന പണമാണ് കൈവശം വെയ്ക്കുന്നത് എന്നത് ലളിതമായ രാഷ്ട്രീയ യുക്തിയാണ്.

പാവപ്പെട്ടവന്റെ ചികിത്സയെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം ശ്രദ്ധിക്കണം. പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ഒരു ചികിത്സയും നിഷേധിക്കാൻ പാടില്ല. തന്റെ രോഗത്തിന് ഒരു ചികിത്സയേ ഉള്ളൂവെന്നും അത് കൊച്ചി അമൃത ഹോസ്പിറ്റലിൽ ആണെന്നും അതിനു അൻപത് ലക്ഷം രൂപ വേണമെന്നും, അത് തരാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും പറഞ്ഞു മനോജ് എന്നയാൾ കേരള സർക്കാരിനെതിരെ കൊടുത്ത കേസിൽ 50 ലക്ഷം കൊടുക്കാൻ കേരള ഹൈക്കോടതി വിധിച്ചതാണ് നാട്ടിലെ നിയമം. പണമില്ലാത്തത്തിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കരുത് എന്നാണ് ‘മനോജ് Vs കേരള സർക്കാർ’ കേസിലെ വിധി. ആർക്കും ഇത് ബാധകമാക്കാവുന്നതേയുള്ളൂ. പണമോ? സർക്കാർ കണ്ടെത്തണം. ഭരണഘടനാപരമായ ബാധ്യതയാണ്.

ദാരിദ്രംകൊണ്ട് വലയുന്ന മനുഷ്യരോട് പണമുള്ളവർക്ക് മനുഷ്യത്വപരമായ കാരുണ്യം തോന്നും. ധാർമ്മികമായ ബാധ്യതയിലോ മന:സാക്ഷിയുടെ മുന്നിൽ നീതീകരിക്കാനോ അവർ ദരിദ്രരെ പണംകൊടുത്ത് സഹായിക്കാൻ മുന്നോട്ടുവരും. അത് ചാരിറ്റി എന്നറിയപ്പെടുന്നു. Rich-poor അകലവും സാമ്പത്തിക അസമത്വവും കൂടുന്നതിന് ആനുപാതികമായി ചാരിറ്റിയുടെ ലോകവും വർധിക്കും. കൊടുക്കുന്നവർക്ക് മന:സുഖം എന്നതിലപ്പുറം ഇന്ന് ചാരിറ്റി ബ്രാൻഡ് ബിൽഡിങ്ങിന്റെ പ്രധാന മുഖമാണ്. അസന്തുലിതമായ വ്യവസ്ഥ നിലനിർത്താനുള്ള ന്യായീകരണങ്ങളിൽ ഒന്നായി ആണ് sponsors ചാരിറ്റിയെ കാണുന്നത്. “എങ്ങനെ കാശുണ്ടാക്കിയാലെന്താ, കുറേപ്പേരെ സഹായിക്കുന്നില്ലേ” എന്നതരം ന്യായീകരണങ്ങൾ പോലും പരസ്യമായി തുടങ്ങി.. ചാരിറ്റിയുടെ പണം സ്പോണ്സറുടെ മൂലധനരാഷ്ട്രീയത്തിന് വിരുദ്ധമായ ഒരു ദാരിദ്ര്യത്തിലും എത്തില്ലെന്നു ഉറപ്പുവരുത്തപ്പെടും എന്നതാണ് സാധാരണ അതിന്റെ പ്രവർത്തനരീതി.

മറ്റു പല സർവീസ് മേഖലകളും പോലെ ചാരിറ്റിയും ഇന്ന് ഒരു കച്ചവട മേഖലയാണ്. പ്രൊഫഷണലായി ചാരിറ്റി ചെയ്യുന്ന ഒരുപാട് പേരുണ്ട്. അതിലെന്താണ് തെറ്റ്? ഭരണഘടനയോട് അക്ഷരാർത്ഥത്തിൽ നീതി പുലർത്തുന്ന സർക്കാരുകൾ വരുന്നത് വരെ പ്രൊഫഷണലായ ചാരിറ്റി ഗ്രൂപ്പുകൾ ഉണ്ടാകും. സർക്കാർ തന്നെ ദുരിതാശ്വാസനിധികൾ ഉണ്ടാക്കിയും കാരുണ്യ ലോട്ടറി ഉണ്ടാക്കിയും ചാരിറ്റി ചെയ്യുമ്പോൾ കിട്ടാത്ത പണം സാധാരണ മനുഷ്യർ ഒരു ഫെയ്ബുക്ക് പോസ്റ്റിടുമ്പോൾ കിട്ടുന്നത് വിശ്വാസ്യത കൊണ്ടാണ്. വിശ്വാസ്യതയാണ് അതിന്റെ മൂലധനം. വിശ്വാസ്യത തീർന്നാൽ കഴിഞ്ഞു.

സ്വകാര്യ വ്യക്തികൾക്ക് ഇക്കാര്യത്തിൽ ഒരു അക്കൗണ്ടബിലിറ്റിയുമില്ല. ഒരു രോഗിയെ കാണിച്ചിട്ട് 50 ലക്ഷം വേണമെന്ന് ഞാൻ പറയുമ്പോൾ യഥാർത്ഥത്തിൽ ആ ചികിത്സയ്ക്ക് 50 ലക്ഷം തന്നെ ആവശ്യമുണ്ടോ ആസ്പത്രിക്കാർ കള്ളം പറയുകയാണോ എന്നു നമുക്കറിയില്ല. 50 ലക്ഷം കിട്ടുന്ന രോഗിയിൽ നിന്ന് പിരിച്ചയാൾ കമ്മീഷൻ വാങ്ങുന്നുണ്ടോ എന്നറിയില്ല. പിരിച്ചാലും രോഗികൾ പുറത്തുപറയാൻ സാധ്യത നന്നേ കുറവാണ്. ഇതൊരു പ്രൊഫഷനായി എടുക്കുന്നവർക്ക് നല്ല അംഗീകാരവും പണവും നൽകാനുള്ള ഉദാരസമൂഹമാണ് മലയാളി. എത്രായിരംകോടി രാഷ്ട്രീയക്കാർക്കും മതസംഘകൾക്കും കള്ളിനും ലോട്ടറിക്കും ചെലവിടുന്ന മലയാളി അതിന്റെ നൂറിലൊരംശം ചാരിറ്റിയിൽ ചെലവിട്ടാൽ എത്ര വലിയ തുകയായി !!

രാഷ്ട്രീയക്കാരിലോ മതനേതാക്കളിലോ അവിശ്വാസം വളരുമ്പോൾ അൽപ്പം മനുഷ്യത്വം ഉണ്ടെന്നു തോന്നുന്ന ആർക്കും മലയാളി സമൂഹം സഹായം നീട്ടും. അങ്ങനെ ചാരിറ്റി ചര്യയാക്കുന്നവർ ആ പണം ആ ആവശ്യത്തിനു തന്നെ ചെലവാക്കുന്നുണ്ടെന്നു ഉറപ്പാക്കാനുള്ള സാമൂഹികമായ സംവിധാനം കൂടി ആവശ്യമാണ്. ബാങ്കുകളുടെയും സർക്കാരിന്റെയും നിയന്ത്രണങ്ങളിൽ നിന്നുകൊണ്ടേ അവർക്കും പ്രവർത്തിക്കാൻ കഴിയൂ. സെൽഫ് പ്രമോഷനാണ് ചാരിറ്റി പ്രവർത്തകരുടെ പ്രധാന ഊർജ്ജം. അതുവഴി കിട്ടുന്ന അംഗീകാരവും. സെൽഫ് പ്രമോഷൻ നന്നായി നടത്താനറിയുന്നവർ അത് നന്നായി ചെയ്യട്ടെ. ആ ബിസിനസ് കൊണ്ട് കൂടുതൽ രോഗികൾക്ക് ഗുണം കിട്ടട്ടെ. മനസ്സുള്ളവർ ഇനിയും സഹായിക്കട്ടെ. കൂടുതൽ പണമുള്ളവർ ചിലർക്ക് കാറോ ഇന്നോവയോ ഒക്കെ വാങ്ങി കൊടുക്കട്ടെ. അവർ പ്രൊഫഷണലായും സുതാര്യമായും ചാരിറ്റി ചെയ്യട്ടെ. പിന്നെ, അത് വലിയ ആതുരസേവനമാണെന്നോ ത്യാഗമാണെന്നോ ഒന്നും അവകാശപ്പെടാതിരുന്നാൽ മതി.

(രോഗികളുടെ കണ്ണീരും മലവും മൂത്രവും ചലവും തുടയ്ക്കുന്ന യഥാർത്ഥ ആതുരസേവനമുണ്ട്, അത് ചെയ്യുന്ന നഴ്സുമാർക്ക് അർഹിക്കുന്ന ശമ്പളം പോലും കൊടുക്കാത്ത സമൂഹത്തിന്റെ ഇരട്ടത്താപ്പും നാം കാണുന്നുണ്ടല്ലോ)

പണം തരുന്നവരെ മാത്രം കണക്ക് ബോധ്യപ്പെടുത്തിയാൽ മതി, അത് ചെയ്യുന്നുണ്ട് എന്നു ഒഴുക്കൻമട്ടിൽ പറഞ്ഞതുകൊണ്ടായില്ല. ബാങ്കിലെ സ്റ്റേറ്റ്മെന്റ് എടുത്ത് പണം നല്കിയവർക്ക് അയച്ചുകൊടുക്കാനുള്ള സുതാര്യത ആ ഇടപാടിൽ പുലർത്തുന്നത് ഏത് ചാരിറ്റിയുടെയും മാന്യതയാണ്. അത് ചെയ്യാൻ മനസ്സുള്ളവർ തന്നെയാണ് ഈ ചാരിറ്റി ചെയ്യുന്നത് എന്നാണ് തോന്നൽ. സോഷ്യലിസം നടപ്പാക്കി കഴിഞ്ഞിട്ട് നമുക്ക് ചാരിറ്റി നടത്തുന്നവരെ സോഷ്യൽ ഓഡിറ്റ് ചെയ്താൽ മതിയെന്ന വാദവും, ചാരിറ്റി നടത്തുന്നവരെല്ലാം തട്ടിപ്പാണെന്ന അതിവാദവും ഒരുപോലെ എതിർക്കപ്പെടണം.

ഫൗണ്ടേഷനോ ട്രസ്റ്റോ ഒക്കെ രൂപീകരിച്ച് നല്ല മാർക്കറ്റിംഗ് ഒക്കെ ചെയ്ത് സുതാര്യമായി കണക്കുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി വിപുലമായി ചാരിറ്റി നടത്താൻ ഈ രംഗത്തുള്ളവർക്ക് കഴിയട്ടെ.

അഡ്വ.ഹരീഷ് വാസുദേവൻ.