വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കേരളത്തിൽ ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍

8660

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ചേരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി സംസ്ഥാന സർക്കാർ. കേന്ദ്ര മാർഗ നിർദേശ പ്രകാരം ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ക്വാറന്‍റൈനു ശേഷം എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

നേരത്തെ സ്വയം നിരീക്ഷണമാണ് ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് അനുവദിച്ചിരുന്നത്. ഇവരിൽ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ ഹോം ക്വാറന്‍റൈന്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്‍റൈനും എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം.

നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്ബിളുകള്‍ ജനിതക പരിശോധനക്ക് അയക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്ബിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്ബിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 10,601 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 21 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായി.

തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി 3650, എറണാകുളം 3959, പാലക്കാട് 8744, മലപ്പുറം 6763, കോഴിക്കോട് 5364, വയനാട് 2161, കാസര്‍ഗോഡ് 2905 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

കുട്ടികള്‍ക്കായി 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 679 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1642 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 98.73 ശതമാനം പേര്‍ക്ക് (2,63,70,231) ഒരു ഡോസ് വാക്‌സിനും 81 ശതമാനം പേര്‍ക്ക് (2,15,57,419) രണ്ട് ഡോസ് വാക്‌സിനും നല്‍കി.

ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.